മില്‍മ വില വര്‍ദ്ധന: നേട്ടം ലക്ഷ്യമിട്ട് സ്വകാര്യ പാലുല്‍പ്പാദകര്‍

Sunday 20 July 2014 12:51 am IST

കോഴിക്കോട്: മില്‍മ പാലിന്റെ വില വര്‍ദ്ധന മുതലെടുത്ത് വിപണിയില്‍ നേട്ടമുണ്ടാക്കാന്‍ സ്വകാര്യ പാലുല്‍പ്പാദകരുടെ നീക്കം. ഗാര്‍ഹികേതര ആവശ്യക്കാരെ ആകര്‍ഷിച്ച് തങ്ങളുടെ പാലിന്റെ  വില്‍പ്പന വര്‍ദ്ധിപ്പിക്കുകയാണ് ഇവരുടെ ലക്ഷ്യം. ഇതിനായി  വില്‍പ്പനക്കാര്‍ക്ക് മില്‍മ നല്‍കുന്നതിനേക്കാള്‍ ഇരട്ടിയെങ്കിലും കമ്മീഷന്‍ വാഗ്ദാനം ചെയ്യുകയാണത്രെ തന്ത്രം. ഇതോടെ കൂടുതല്‍ ലാഭം കിട്ടുന്ന സ്വകാര്യ പാല്‍ വില്‍ക്കാനായിരിക്കും കച്ചവടക്കാര്‍ക്ക് താല്‍പര്യം. മില്‍മയുടെ വില്‍പ്പന കുറയുകയും ചെയ്യും. പ്രധാനമായും ഹോട്ടലുകള്‍, കൂള്‍ബാര്‍, തട്ടുകടകള്‍ എന്നിവിടങ്ങളിലേക്കുള്ള പാല്‍വില്‍പ്പന കൂട്ടുകയാണ് സ്വകാര്യ സംരംഭകരുടെ ലക്ഷ്യം. സ്‌കൂളുകള്‍, വിവിധ അനാഥ-അഗതിമന്ദിരങ്ങള്‍ എന്നിവിടങ്ങളിലേക്കും പാല്‍ എത്തിക്കാനുള്ള ശ്രമമുണ്ടാകും. ഇവര്‍ക്കെല്ലാം പ്രത്യേകം വിലക്കുറവിലായിരിക്കും വില്‍പ്പനക്കാരനോ ഉല്‍പ്പാദകനോ പാല്‍ നല്‍കുക. മില്‍മയ്ക്ക് പിന്നാലെ സ്വകാര്യ പാല്‍ ഉല്‍പ്പാദകരും വില കൂട്ടുമെന്നാണ് സൂചന. മില്‍മയുടേതിന് ആനുപാതികമായിട്ടായിരിക്കും ഇത്.  അധികവിലയുടെ കൂടുതലും വില്‍പ്പനക്കാര്‍ക്ക് കമ്മീഷനായി  നല്‍കും. സംസ്ഥാനത്ത് രണ്ട് ഡസനോളം സ്വകാര്യ പാല്‍ ഉല്‍പാദക - വിതരണക്കാരുണ്ട്. ചില സഹകരണസംഘങ്ങളും ജീവകാരുണ്യ ട്രസ്റ്റുകളും ഇതില്‍പ്പെടും. വിവിധ പേരുകളിലാണ് ഇവര്‍ ഉല്‍പ്പന്നം വിപണിയിലെത്തിക്കുന്നത്. പ്രതിദിനം നാലര ലക്ഷത്തിനടുത്ത് ലിറ്റര്‍ പാലാണ് ഇവര്‍ വില്‍ക്കുന്നത്. മില്‍മയുടെ വില്‍പ്പന 20 ലക്ഷം ലിറ്ററാണ്.  സാധാരണക്കാരന് കനത്ത  പ്രഹരമായ മില്‍മപാലിന്റെ വില വര്‍ദ്ധന അതിന്റെ വില്‍പ്പനയില്‍  പ്രതിഫലിക്കുമെന്നുറപ്പാണ്. ഗുണനിലവാരം കണക്കിലെടുത്ത് ഗാര്‍ഹിക ഉപഭോക്താക്കള്‍ മില്‍മപാല്‍ വാങ്ങുന്നത് ഒഴിവാക്കില്ലെങ്കിലും അളവില്‍ കുറവ് വരുത്തും. എന്നാല്‍ ഈ നിലപാടായിരിക്കില്ല ഹോട്ടലുകള്‍ക്കും മറ്റും. കൂടുതല്‍ ലാഭം കിട്ടുന്നതേ അവര്‍ ഉപയോഗിക്കൂ. എറണാകുളം, കോട്ടയം, തിരുവനന്തപുരം ജില്ലകളിലായാണ് കൂടുതല്‍ സ്വകാര്യ പാല്‍ ഉല്‍പ്പാദകരുള്ളത്. മലബാര്‍ മേഖലയില്‍ മില്‍മയുടെ ആധിപത്യമാണ്. എന്നാല്‍ സഹകരണ സംരംഭത്തിലുള്ള വയനാട് മില്‍ക്ക് കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇപ്പോള്‍ വ്യാപകമായി വില്‍ക്കുന്നുണ്ട്. ഈ മാസം 21 ന് നടക്കുന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ വയനാട് മില്‍ക്കിന്റെ വില വര്‍ദ്ധന എത്രയെന്ന് തീരുമാനിക്കും. എം.കെ.രമേഷ്‌കുമാര്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.