മദനിക്കായി പള്ളികള്‍ കേന്ദ്രീകരിച്ച്‌ പിരിവെടുത്തുവെന്ന്‌ സെബാസ്റ്റ്യന്‍ പോള്‍

Thursday 29 September 2011 11:23 am IST

കൊച്ചി: കര്‍ണ്ണാടകയില്‍ ജയിലില്‍ കഴിയുന്ന അബ്ദുള്‍ നാസര്‍ മദനിക്കായി പള്ളികള്‍ കേന്ദ്രീകരിച്ച്‌ വ്യാപകമായ പിരിവ്‌ നടത്തിയിരുന്നതായി ജസ്റ്റിസ്‌ ഫോര്‍ മദനി ഫോറം ചെയര്‍മാനും മാര്‍ക്സിസ്റ്റ്‌ സഹയാത്രികനുമായ മുന്‍ എംപി സെബാസ്റ്റ്യന്‍ പോള്‍. വാര്‍ത്താസമ്മേളനത്തില്‍ ലേഖകന്മാരുടെ ചോദ്യങ്ങളോട്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഒരു വെള്ളിയാഴ്ച എല്ലാ പള്ളികളിലും വിശ്വാസികളില്‍നിന്നും പിരിവെടുത്തിരുന്നു. എന്നാല്‍ ഇത്‌ സംബന്ധിച്ച്‌ ഹൈക്കോടതിയില്‍ നടക്കുന്ന കേസില്‍ തങ്ങള്‍ കക്ഷികളല്ലെന്നും സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു. പണപ്പിരിവ്‌ സംബന്ധിച്ച്‌ തങ്ങളില്‍നിന്നും പോലീസ്‌ മൊഴിയെടുത്തിരുന്നു. പണപ്പിരിവ്‌ സംബന്ധിച്ച്‌ പരാതി നല്‍കിയ വ്യക്തിയെ അന്വേഷണ ഉദ്യോഗസ്ഥന്‍ ഭീഷണിപ്പെടുത്തിയെന്നും നിയമവിരുദ്ധമായി പണപ്പിരിവ്‌ നടത്തിയെന്നുമാണ്‌ കേസ്‌.
പള്ളികളില്‍ മാത്രമല്ല മറ്റ്‌ പലയിടങ്ങളിലും പണപ്പിരിവ്‌ നടന്നിട്ടുണ്ട്‌. ജസ്റ്റിസ്‌ ഫോര്‍ മദനി ഫോറം രാഷ്ട്രീയ പ്രസ്ഥാനമല്ല. രാഷ്ട്രീയപാര്‍ട്ടികള്‍ ആരാധനാലയങ്ങളില്‍ പണപ്പിരിവ്‌ നടത്തരുതെന്നേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. പിരിക്കാനുള്ള എളുപ്പത്തിനാണ്‌ പള്ളികളില്‍ പോയത്‌.
കര്‍ണ്ണാടകത്തിന്‌ പുറമെ തമിഴ്‌നാട്‌ സര്‍ക്കാരും മദനിയെ പീഡിപ്പിക്കുകയാണ്‌. 11 വര്‍ഷം മുമ്പ്‌ നടന്ന ഒരു പ്രശ്നത്തിന്റെ പേരില്‍ ഇപ്പോള്‍ മദനിക്കെതിരെ രംഗത്ത്‌ വരുന്നതില്‍ എന്ത്‌ നീതിയാണ്‌. സൂഫിയാ മദനി കോയമ്പത്തൂര്‍ ജയിലില്‍ മദനിയെ കാണാന്‍ പോയപ്പോള്‍ ഉദ്യോഗസ്ഥര്‍ മോശമായി പെരുമാറിയെന്നും ഇതില്‍ പ്രതിഷേധിച്ച്‌ പ്രസ്സ്‌ ക്ലബ്ബില്‍ മദനിയുടെ നിര്‍ദ്ദേശപ്രകാരം ബോംബ്‌ വെച്ചുവെന്ന്‌ പറയുന്നത്‌ പൊട്ടാത്ത ബോംബാണെന്നും സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു. മദനിയുടെ സഹോദരന്‍ ഒമാല്‍ മുഹമ്മദും മറ്റ്‌ നേതാക്കളും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.