അക്രമത്തിനിരയായ അധ്യാപകന്‍ ഗുരുതരാവസ്ഥയില്‍

Thursday 29 September 2011 11:23 am IST

കൊട്ടാരക്കര: ആര്‍. ബാലകൃഷ്ണപിള്ള മാനേജരായ വാളകം ആര്‍വിഎച്ച്‌എസിലെ അധ്യാപകനെ തട്ടിക്കൊണ്ട്‌ പോയി ഗുണ്ടാ സ്റ്റെയിലില്‍ ആക്രമിച്ച്‌ വഴിയരികില്‍ തള്ളി. മലദ്വാരത്തിലൂടെ പാരപോലുള്ള ആയുധംകൊണ്ട്‌ നടത്തിയ ആക്രമണത്തില്‍ ജനനേന്ദ്രിയത്തിനും ആന്തരികാവയവങ്ങള്‍ക്കും ക്ഷതമേറ്റ അധ്യാപകന്‍ വാളകം വൃന്ദാവനത്തില്‍ കൃഷ്ണകുമാര്‍(42) ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്‌. പ്രശ്നത്തിന്റെ ഗൗരവം നിയമസഭയില്‍ എംഎല്‍എ അഡ്വ.ഐഷാപോറ്റി ഉന്നയിച്ചതിനെത്തുടര്‍ന്ന്‌ അന്വേഷണത്തിന്‌ കൊട്ടാരക്കര ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേകസംഘത്തെ നിയോഗിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.
കഴിഞ്ഞദിവസം രാത്രി പത്ത്മണിയോടെ ഹൈവേപോലീസ്‌ പട്രോള്‍സംഘം ആണ്‌ വാളകം എംഎല്‍എമുക്കിന്‌ സമീപം അബോധാവസ്ഥയില്‍ കിടന്നിരുന്ന കൃഷ്ണകുമാറിനെ കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്‌. അവിടെ നിന്നും മെഡിക്കല്‍ കോളേജിലേക്ക്‌ കൊണ്ടുപോയി. കൃഷ്ണകുമാറിന്റെ നില അതീവഗുരുതരമായതിനെത്തുടര്‍ന്ന്‌ നാല്‍മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ നടത്തി. ഇടുപ്പെല്ലിന്‌ നാല്‌ പൊട്ടലുകളുണ്ട്‌. സര്‍ജിക്കല്‍ ഐസിയുവിലെ വെന്റിലേറ്ററിലാണ്‌ കൃഷ്ണകുമാര്‍ ഇപ്പോഴും. സംഭവത്തെക്കുറിച്ച്‌ ദുരൂഹതകള്‍ നിലനില്‍ക്കുകയാണ്‌. ഇതേ സ്കൂളിലെ ഹെഡ്മിസ്ട്രസാണ്‌ കൃഷ്ണകുമാറിന്റെ ഭാര്യ ഗീത. കൃഷ്ണകുമാര്‍ ഇവിടുത്തെ സോഷ്യല്‍ സയന്‍സ്‌ അധ്യാപകനും. അഞ്ച്‌ വര്‍ഷം മുമ്പ്‌ വരെ മാനേജ്മെന്റ്‌ ഗീതയുടെ പ്രെമോഷന്‍ തടഞ്ഞ്‌ വച്ചത്‌ സംബന്ധിച്ച്‌ സ്കൂളിലെ മാനേജരായ പിള്ളയുമായി സ്വരച്ചേര്‍ച്ചയിലല്ലായുന്നു ഇവര്‍. എന്ത്‌ വന്നാലും പ്രെമോഷന്‍ നല്‍കില്ലെന്ന മാനേജരുടെ നിലപാടിനെതിരെ ഹൈക്കോടതിയില്‍ കേസ്‌ നല്‍കിയാണ്‌ ഗീത പ്രെമോഷന്‍ നടിയത്‌. 2007 മുതല്‍ തങ്ങളെ മാനേജ്മെന്റ്‌ പീഡിപ്പിച്ചുവരികയാണെന്നും ഗീത പറയുന്നു. സുപ്രീംകോടതിയില്‍ പോയാലും പ്രെമോഷന്‍ തരില്ലെന്ന്‌ ഭീഷണി മുഴക്കിയതായി ഗീത മാധ്യമങ്ങളോട്‌ പറഞ്ഞു. സ്കൂളിനെതിരെ വിജിലന്‍സ്‌ നടത്തിയ അന്വേഷണത്തിലും നിരവധി ക്രമക്കേടുകള്‍ കണ്ടെത്തിയിരുന്നു. കുട്ടികള്‍ക്ക്‌ ഉച്ചക്കഞ്ഞി നല്‍കുന്നതിലും കുട്ടികളുടെ എണ്ണം പെരുപ്പിച്ച്‌ കാട്ടി 13 തസ്തികകള്‍ അധികം സൃഷ്ടിച്ചുവെന്നും വിജിലന്‍സ്സംഘം കണ്ടെത്തിയിരുന്നു. സ്കൂളിലെ അധ്യാപകര്‍ തമ്മിലും രണ്ട്‌ ചേരിയായി നിന്ന്‌ ശീതസമരത്തിലാണെന്ന്‌ നാട്ടുകാരുടെ പക്ഷം.
എന്നാല്‍ കൃഷ്ണകുമാറിന്റെ ആക്രമണത്തിന്‌ പിന്നിലെ കാരണത്തെക്കുറിച്ച്‌ തല്‍ക്കാലം പറയാന്‍ കഴിയില്ലെന്ന നിലപാടിലാണ്‌ പോലീസ്‌. സംഭവത്തെക്കുറിച്ച്‌ കൂടുതല്‍ അന്വേഷിക്കേണ്ടതാണ്‌. മാനേജ്മെന്റുമായി കേസ്‌ നിലനില്‍ക്കുന്നത്‌ കൊണ്ട്‌ ആ രീതിയില്‍ അന്വേഷിക്കാന്‍ കഴിയില്ല. കേസിന്‌ പുതിയമാനം കൈവന്നതോടെ എത്രയും പെട്ടെന്ന്‌ പ്രതികളെ കണ്ടെത്തുവാനുള്ള ശ്രമത്തിലാണ്‌ പോലീസ്‌. കടയ്ക്കലിലുള്ള സുഹൃത്തിന്റെ വീടിന്റെ പാല്‍കാച്ചലില്‍ പങ്കെടുക്കാന്‍ വീട്ടില്‍ നിന്ന്‌ ഇറങ്ങിയതായിരുന്നു കൃഷ്ണകുമാര്‍. സംഭവത്തെപ്പറ്റി മാനേജ്മെന്റിന്റെ പ്രതികരണം ലഭ്യമായിട്ടില്ല.
ആക്രമണത്തില്‍ പ്രതിഷേധിച്ച്‌ എല്‍ഡിഎഫ്‌ വാളകത്ത്‌ ഹര്‍ത്താല്‍ ആചരിച്ചു. ദുരൂഹതകള്‍ നീക്കാന്‍ സത്യസന്ധരായ ഉദ്യോഗസ്ഥരെക്കൊണ്ട്‌ കേസ്‌ അന്വേഷിപ്പിക്കണമെന്നും എത്രയും പെട്ടെന്ന്‌ സത്യാവസ്ഥ പുറത്ത്‌ കൊണ്ടുവരണമെന്നും അഡ്വ. ഐഷാപോറ്റി എംഎല്‍എ ആവശ്യപ്പെട്ടു. പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട്‌ മാനേജര്‍ ബാലകൃഷ്ണപിള്ളയും മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്ക്‌ പരാതി നല്‍കി.
പോലീസ്‌ വധശ്രമത്തിന്‌ കേസ്‌ ചാര്‍ജ്‌ ചെയ്ത്‌ അന്വേഷണം ആരംഭിച്ചു. കൊട്ടാരക്കര ഡിവൈഎസ്പി ആന്റോയ്ക്ക്‌ ആണ്‌ അന്വേഷണച്ചുമതല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.