ചിദംബരത്തിന്റെ കാലത്തെ രേഖകള്‍ ഹാജരാക്കണം : സുപ്രീംകോടതി

Wednesday 28 September 2011 11:01 pm IST

ന്യൂദല്‍ഹി: പി. ചിദംബരം വകുപ്പ്‌ മന്ത്രിയായിരിക്കെ ധനകാര്യ സെക്രട്ടറിയായിരുന്ന സുബ്ബറാവുവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. 2 ജി കേസില്‍ ചിദംബരത്തിനെതിരെ അന്വേഷണം ആവശ്യപ്പെട്ട്‌ ജനതാപാര്‍ട്ടി നേതാവ്‌ സുബ്രഹ്മണ്യന്‍ സ്വാമി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ്‌ കോടതി ഈ ആവശ്യമുന്നയിച്ചത്‌. ഹര്‍ജി ഇന്ന്‌ വീണ്ടും പരിഗണിക്കും.
കഴിഞ്ഞ ദിവസം നടന്ന വാദത്തിനിടെ സ്പെക്ട്രം ഇടപാടിലെ ചിദംബരത്തിന്റെ പങ്ക്‌ അന്വേഷിക്കേണ്ടതില്ലെന്ന കേന്ദ്ര നിലപാടിനെതിരെ സിബിഐ പ്രതികരിച്ചത്‌ വിവാദമായിരുന്നു. സ്പെക്ട്രം തട്ടിപ്പില്‍ ചിദംബരത്തിന്റെ പങ്ക്‌ തെളിയിക്കുന്നതു സംബന്ധിച്ച്‌ സുബ്രഹ്മണ്യന്‍ സ്വാമി നല്‍കിയ രേഖകള്‍ പരിശോധിക്കുമെന്ന്‌ അന്വേഷണ ഏജന്‍സി വ്യക്തമാക്കി. സ്പെക്ട്രം തട്ടിപ്പിന്റെ സൂത്രധാരനും ജയിലില്‍ കഴിയുന്ന മുന്‍ വാര്‍ത്താവിനിമയ വകുപ്പ്‌ മന്ത്രി എ. രാജയും ചിദംബരവും ചേര്‍ന്നാണ്‌ തട്ടിപ്പിന്‌ അവസരമൊരുക്കിയതെന്ന്‌ സുബ്രഹ്മണ്യന്‍ സ്വാമി ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌. ജസ്റ്റിസുമാരായ ജി.എസ്‌. സിംഗ്‌വി, എ.കെ. ഗാംഗുലി എന്നിവരടങ്ങിയ ബെഞ്ചാണ്‌ ഹര്‍ജി പരിഗണിക്കുന്നത്‌. സുബ്രഹ്മണ്യന്‍ സ്വാമി സമര്‍പ്പിച്ച 50 രേഖകള്‍ തങ്ങള്‍ പരിശോധിച്ചിട്ടുള്ള ഒരു ഫയലിലെ 500 രേഖകളില്‍ പ്പെടുന്നതാണെന്ന്‌ അന്വേഷണ ഏജന്‍സി കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു.
സ്പെക്ട്രം തട്ടിപ്പില്‍ പങ്കുള്ളതായി ആരോപിക്കപ്പെടുന്ന ആഭ്യന്തരമന്ത്രി ചിദംബരത്തിനെതിരെ നടപടിയെടുക്കണമെന്ന്‌ ബിജെപി പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനോട്‌ ആവശ്യപ്പെട്ടു. അഴിമതിക്കെതിരെ പോരാടാന്‍ പ്രതിബദ്ധരെന്ന്‌ അവകാശപ്പെടുന്ന മന്‍മോഹനും കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയയും അഴിമതിക്കാരെ സംരക്ഷിക്കുന്ന നയമാണ്‌ സ്വീകരിച്ചിരിക്കുന്നതെന്ന്‌ ലോക്സഭാ പ്രതിപക്ഷ നേതാവും മുതിര്‍ന്ന ബിജെപി നേതാവുമായ സുഷമ സ്വരാജ്‌ കുറ്റപ്പെടുത്തി. 2 ജി സ്പെക്ട്രത്തിന്റെ കാര്യത്തില്‍ വില, നയരൂപീകരണത്തില്‍ ചിദംബരത്തിന്‌ വ്യക്തമായ പങ്കുണ്ടെന്ന്‌ സൂചിപ്പിക്കുന്നതാണ്‌ ധനമന്ത്രാലയത്തില്‍ നിന്ന്‌ പ്രധാനമന്ത്രിയുടെ ഓഫീസിലേക്കയച്ച കുറിപ്പ്‌. സ്പെക്ട്രം പ്രശ്നത്തില്‍ ചിദംബരത്തിന്റെ പങ്ക്‌ അന്വേഷിക്കേണ്ടതില്ലെന്ന്‌ പറഞ്ഞ സിബിഐ കോണ്‍ഗ്രസ്‌ ബചാവോ ഇന്‍സ്റ്റിറ്റിയൂഷ (സിബിഐ)നായി മാറിയിരിക്കുകയാണെന്ന്‌ അവര്‍ കുറ്റപ്പെടുത്തി.
തെരഞ്ഞെടുപ്പ്‌ നേരത്തെയാക്കാനാണ്‌ പ്രതിപക്ഷത്തിന്റെ ശ്രമമെന്ന പ്രധാനമന്ത്രിയുടെ ആരോപണം പരാമര്‍ശിക്കവെ, തെരഞ്ഞെടുപ്പ്‌ നേരത്തെ ആയാല്‍ അത്‌ അവരുടെ പ്രവര്‍ത്തികൊണ്ടായിരിക്കുമെന്ന്‌ സുഷമ പറഞ്ഞു. വിശ്വാസ്യതയും നേതൃത്വവും നഷ്ടപ്പെട്ട സര്‍ക്കാരാണ്‌ കോണ്‍ഗ്രസ്‌ നയിക്കുന്ന യുപിഎ ഭരണകൂടമെന്ന്‌ രാജ്യസഭാ പ്രതിപക്ഷ നേതാവ്‌ അരുണ്‍ ജെറ്റ്ലി ചൂണ്ടിക്കാട്ടി.
ഇതിനിടെ, രാജ്യത്തിന്‌ 1.76 ലക്ഷം കോടിരൂപയുടെ നഷ്ടമുണ്ടാക്കിയ സ്പെക്ട്രം കേസില്‍ മുന്‍ കേന്ദ്രമന്ത്രിയും ഡിഎംകെ നേതാവുമായ ദയാനിധി മാരനെതിരെ ഉടന്‍ എഫ്‌ഐആര്‍ ഫയല്‍ ചെയ്യുമെന്ന്‌ സിബിഐ വ്യക്തമാക്കി.
ഒന്നാം യുപിഎ ഭരണത്തില്‍ ടെലികോം മന്ത്രിയായിരുന്ന മാരന്‍ എയര്‍ സെല്‍ കമ്പനിയുടെ ഓഹരികള്‍ മലേഷ്യയിലെ മാക്സിസ്‌ ഗ്രൂപ്പിന്‌ വില്‍ക്കുന്നതില്‍ പ്രത്യേക താല്‍പര്യമെടുത്തിരുന്നതായി ആരോപിക്കപ്പെട്ടിരുന്നു. സ്പെക്ട്രം ഇടപാടില്‍ മാരന്റെ പങ്ക്‌ സംബന്ധിച്ചുള്ള അന്വേഷണത്തിന്റെ സ്റ്റാറ്റസ്‌ റിപ്പോര്‍ട്ട്‌ സിബിഐ ഇന്നലെ സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്തു.
മാരനെതിരെ സത്യസന്ധമായ അന്വേഷണം നടത്തിയില്ലെന്ന്‌ ആരോപിച്ച്‌ സത്യവാങ്മൂലം നല്‍കിയ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത്ഭൂഷന്റെ വാദങ്ങളും സുപ്രീംകോടതി കേട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.