ഡി.ജി.പിയ്ക്ക് മനുഷ്യാവകാശ കമ്മിഷന്റെ താക്കീത്

Sunday 20 July 2014 2:13 pm IST

തിരുവനന്തപുരം: കസ്റ്റഡി മര്‍ദ്ദത്തിന് ഇരയായ വ്യക്തിക്ക് നഷ്ടപരിഹാരം നല്‍കണമെന്ന ഉത്തരവ് നടപ്പാക്കാത്തതിനെ തുടര്‍ന്ന് മനുഷ്യാവകാശ കമ്മിഷന്‍ ഡി.ജി.പി കെ.എസ്.ബാലസുബ്രഹ്മണ്യത്തിനെ താക്കീത് ചെയ്തു. ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഡിജിപി മടിക്കുകയോ ഭയക്കുകയോ ചെയ്യുകയാണെന്നും അദ്ദേഹം ഉത്തരവില്‍ പറഞ്ഞു. പൊലീസ് കമ്മിഷന്റെ അപ്പീല്‍ അതോറിറ്റി ആവരുതെന്നും കമ്മിഷന്റെ ഉത്തരവുകളില്‍ എതിര്‍പ്പുണ്ടെങ്കില്‍ ഹൈക്കോടതിയെ സമീപിക്കുകയാണ് വേണ്ടതെന്നും മനുഷ്യാവകാശ കമ്മിഷന്‍ അംഗം നടരാജന്‍ വ്യക്തമാക്കി. പോലീസ് കസ്റ്റഡിയില്‍ മര്‍ദനമേറ്റ ചേര്‍ത്തല സ്വദേശി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കമ്മീഷന്റെ നടപടി. മര്‍ദനത്തിന് ഉത്തരവാദികളായ ചേര്‍ത്തല സി.ഐ., എസ്.ഐ. എന്നിവര്‍ സന്തോഷിന്റെ ബന്ധുക്കള്‍ക്ക് പതിനായിരം രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്ന കമ്മീഷന്റെ ഉത്തരവ് നടപ്പാക്കാത്തതിനാണ് ശാസന. ഇതു സംബന്ധിച്ച് കമ്മീഷന്‍ ഡി.ജി.പി.യോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടെങ്കിലും ഡി.ജി.പി. അത് കൊച്ചി റേഞ്ച് ഐ.ജി.ക്ക് കൈമാറുകയായിരുന്നു. കസ്റ്റഡി മര്‍ദ്ദനത്തില്‍ ആലപ്പുഴ ഡിവൈ.എസ്.പിയും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറും കുറ്റക്കാരല്ലെന്നും ഡി.ജി.പി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ കേസില്‍പെട്ട ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കാന്‍ ഡി.ജി.പിക്ക് മടിയാണെന്ന് മനുഷ്യാവകാശ കമ്മിഷന്‍ വിമര്‍ശിച്ചു. പരാതിയില്‍ കമ്മിഷന്‍ വാദം കേട്ട ശേഷമാണ് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടത്. പോലീസ് ഉദ്യോഗസ്ഥരുടെ വീഴ്ച സംബന്ധിച്ച് തൃപ്തികരമായ മറുപടിയല്ല ഡി.ജി.പി. നല്‍കിയതെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. ഡി.ജി.പി. ഇത്തരത്തിലുള്ള നിരുത്തരവാദപരമായ കമ്മീഷന് നല്‍കരുത്. അതുപോലെ ഡി.ജി.പി. കമ്മീഷന്റെ അപ്പീല്‍ അധികാരിയാവാന്‍ ശ്രമിക്കരുത്. ഡി.ജി.പിക്കോ മറ്റ് പോലീസ് ഉദ്യേഗസ്ഥര്‍ക്കോ കമ്മീഷന്റെ അപ്പീല്‍ അധികാരയാവാനുള്ള അധികാരമില്ല. കമ്മീഷന്‍ തീര്‍പ്പു കല്‍പ്പിച്ച കേസുകളില്‍ ഇടപെടാനും ഡ.ജി.പി.ക്ക് അധികാരമില്ല. ഇതില്‍ ഡി.ജി.പിക്ക് എന്തെങ്കിലും തരത്തിലുള്ള അഭിപ്രായവ്യത്യാസമുണ്ടെങ്കില്‍ കോടിതയെ സമീപിക്കുകയാണ് വേണ്ടതെന്ന് ഉത്തരവില്‍ ആര്‍.നടരാജന്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.