ഏരിയാകമ്മറ്റി യോഗം സിപിഎം വിമതര്‍ ബഹിഷ്‌കരിച്ചു

Sunday 20 July 2014 10:08 pm IST

കാസര്‍കോട്: വിമതവിഭാഗത്തിന്റെ ആവശ്യം തള്ളി ഏരിയാസെക്രട്ടറിയായി സി.ബാലനെ തുടരാനനുവദിച്ച സിപിഎം ജില്ലാ നേതൃത്വത്തിന്റെ തീരുമാനം ബേഡകത്ത് വീണ്ടും പുകയുന്നു. ജില്ലാ കമ്മറ്റി തീരുമാനം റിപ്പോര്‍ട്ട് ചെയ്യാന്‍ ചേര്‍ന്ന ഏരിയാക്കമ്മറ്റി യോഗം വിമതവിഭാഗം നേതാക്കള്‍ ബഹിഷ്‌കരിച്ചു. ജില്ലാ കമ്മറ്റിയംഗം പി.ദിവാകരന്‍, ഏരിയാകമ്മറ്റി അംഗങ്ങളായ രാജേഷ് ബാബു, ചന്ദ്രന്‍ പാലക്കല്‍, ബി.രാഘവന്‍ എന്നിവരാണ് ഇന്നലെ നടന്ന യോഗത്തില്‍ പങ്കെടുക്കാതിരുന്നത്. അതേസമയം ഏരിയാകമ്മറ്റി അംഗവും കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായ പി.ഗോപാലന്‍ മാസ്റ്റര്‍ യോഗത്തില്‍ സംബന്ധിച്ചു.
സി.ബാലനെ ബേഡകം ഏരിയാ സെക്രട്ടറിയാക്കിയതിനെതിരെ നേരത്തെ ഗോപാലന്‍ മാസ്റ്റര്‍ സംസ്ഥാന കമ്മറ്റിക്ക് പരാതി നല്‍കിയിരുന്നു. തന്റെ ഭാഗം വിശദീകരിച്ചതിനുശേഷം ഗോപാലന്‍ മാസ്റ്റര്‍ യോഗത്തില്‍ നിന്നും ഇറങ്ങിപ്പോവുകയും ചെയ്തു. ഇരുഭാഗത്തെയും പിന്തുണച്ച് ശക്തമായ വാദപ്രതിവാദങ്ങളും യോഗത്തിലുണ്ടായി. കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ കമ്മറ്റി യോഗമാണ് ബാലനെ തുടരാനനുവദിക്കാന്‍ തീരുമാനിച്ചത്.
പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള സമ്മേളനങ്ങള്‍ ആരംഭിക്കാനിരിക്കെ സെക്രട്ടറിയെ മാറ്റുന്നത് വിപരീതഫലം ചെയ്യുമെന്ന വാദമാണ് ഔദ്യോഗിക നേതൃത്വം മുന്നോട്ട് വെച്ചത്. ജില്ലാ സെക്രട്ടറി കെ.പി.സതീഷ് ചന്ദ്രന്‍, ജില്ലാ സെക്രട്ടറിയറ്റംഗം രാജഗോപാല്‍ എന്നിവരാണ് ശക്തമായി ഇതുന്നയിച്ചത്. എം.വി.ഗോവിന്ദന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഒടുവില്‍ വിമതരുടെ ആവശ്യം തള്ളുകയായിരുന്നു.
കഴിഞ്ഞ ബേഡകം ഏരിയാ സമ്മേളനത്തില്‍ വിഭാഗീയത നടന്നുവെന്ന പാര്‍ട്ടി അന്വേഷണ കമ്മീഷന്റെ കണ്ടെത്തലിനെ തുടര്‍ന്ന് ബാലനെ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റിയിരുന്നു. ഒരു വര്‍ഷത്തിന് ശേഷം വിഭാഗീയത കുറഞ്ഞുവെന്ന നിഗമനത്തില്‍ ബാലനെ വീണ്ടും ഏരിയാ സെക്രട്ടറി ആക്കിയതോടെയാണ് പ്രശ്‌നങ്ങള്‍ തലപൊക്കിയത്. ഇരുനൂറോളം പേര്‍ ഇതില്‍ പ്രതിഷേധിച്ച് രാജിക്കത്ത് നല്‍കിയിരുന്നു.
തെരഞ്ഞെടുപ്പിന് ശേഷം വിഷയം പരിഹരിക്കുമെന്ന് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ തന്നെ ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് താല്‍കാലികമായി പ്രശ്‌നം അവസാനിച്ചത്. തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന് ബേഡകത്തെ പാര്‍ട്ടി ഗ്രാമങ്ങളില്‍ നിന്നും വോട്ടുകള്‍ ലഭിച്ചത് ചര്‍ച്ചയായിരുന്നു. നിരവധി യുവാക്കള്‍ ബിജെപിയില്‍ ചേരുകയുമുണ്ടായി. തെരഞ്ഞെടുപ്പിന് ശേഷം പഴയ നിലപാട് തന്നെ നേതൃത്വം കൈക്കൊണ്ടതോടെ വീണ്ടും സിപിഎമ്മിന് ബേഡകം തലവേദനയാകും എന്നാണ് പുറത്തുവരുന്ന സൂചനകള്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.