ഇന്ദുലേഖയുടെ പോരാട്ടം ഇനി വക്കീല്‍ വേഷത്തില്‍

Sunday 20 July 2014 10:19 pm IST

കൊച്ചി: അച്ഛന്‍ രചിച്ച പുസ്തകത്തിന്റെ പേരില്‍ കോളേജില്‍ നിന്നും പുറത്താക്കപ്പെട്ടതിനെതിരെ സുപ്രീം കോടതിവരെ നിയമപോരാട്ടം നടത്തി മാധ്യമശ്രദ്ധ നേടിയ ഇന്ദുലേഖ ജോസഫ് ഇനി വക്കീല്‍ കുപ്പായത്തില്‍ നിയമ പോരാട്ടം തുടരും. ജൂനിയറായി പ്രാക്ടീസു ചെയ്യാനൊരുങ്ങുന്നത് പ്രമുഖ രാഷ്ട്രീയ നിരീക്ഷകനായ അഡ്വ.ജയശങ്കറിനോടൊപ്പമാണ്.
2007ല്‍ അരുവിത്തുറ സെന്റ് ജോര്‍ജ് കോളേജില്‍ ഒന്നാം വര്‍ഷ ബിരുദവിദ്യാര്‍ത്ഥിയായിരിക്കെയാണ് ഇന്ദുലേഖയെ പുറത്താക്കുന്നത്. കോളേജിലെ മലയാളം പ്രൊഫസറും പിതാവുമായ ജോസഫ് വര്‍ഗീസ് കത്തോലിക്ക സഭയുടെ സാമ്പത്തിക നയങ്ങളെ വിമര്‍ശിച്ചെഴുതിയ “നസ്രായനും നാറാണത്തു ഭ്രാന്തനും” എന്ന പുസ്തകം പുറത്തുവന്നതോടെയാണ് ഇന്ദുലേഖ കോളേജില്‍ നിന്നും പുറത്താകുന്നത്. പിതാവിന്റെ പുസ്തകത്തിന്റെ പേരില്‍ തന്നെ പുറത്താക്കുന്നത് നീതിയല്ലെന്നു കാണിച്ച് സമരത്തിനിറങ്ങിയ ഇന്ദുലേഖ എംജി സര്‍വ്വകലാശാലക്കു മുന്നിലും സത്യഗ്രഹ സമരം നടത്തി. എന്നാല്‍ അച്ചടക്കം ലംഘിച്ചതിനാണ് ഇന്ദുലേഖയെ പുറത്താക്കിയതെന്ന് കോളേജ് അധികൃതര്‍ നിലപാടെടുത്തതോടെ സമരം പൊളിയുകയായിരുന്നു.
പിന്നീട് നിയമത്തിന്റെ വഴിയെ തിരിഞ്ഞ ഇന്ദുലേഖ അഭിഭാഷകന്റെ സഹായമില്ലാതെ സ്വയം കേസ് വാദിക്കുകയായിരുന്നു. എന്നാല്‍ ഹൈക്കോടതി സിങ്കിള്‍ ബഞ്ചിലും ഡിവിഷന്‍ ബഞ്ചിലും കേസ് വിജയിച്ചില്ല. തുടര്‍ന്ന് സുപ്രീം കോടതിയില്‍ പോയെങ്കിലും വിധി പ്രതികൂലമായിരുന്നു. ഡിവിഷന്‍ ബഞ്ചില്‍ അപ്പീല്‍ നല്‍കിയപ്പോള്‍ വാദം നിരീക്ഷിച്ച ജസ്റ്റിസ് എച്ച്.എല്‍.ദത്തുവാണ് നിയമ പഠനം നടത്തുന്നതിന് ഇന്ദുലേഖയോട് നിര്‍ദ്ദേശിച്ചത്. തുടര്‍ന്ന് 2009ല്‍ സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസില്‍ നിയമപഠനത്തിന് ചേര്‍ന്നു.
ഇന്നലെ ഹൈക്കോടതി ഹാളില്‍ എന്റോള്‍ ചെയ്ത ഇന്ദുലേഖ നിയമ പോരാട്ടം തുടരാന്‍ തീരുമാനിക്കുകയായിരുന്നു. ഇന്ദുലേഖക്കും അവര്‍ പ്രവര്‍ത്തിക്കുന്ന ആക്ട് എന്ന സംഘടനക്കുമെതിരെ ശക്തമായ വിമര്‍ശനവുമായി രംഗത്തുവന്ന ചീഫ് വിച്ച് പി.സി.ജോര്‍ജ്ജിനെതിരെയും ഇന്ദുലേഖ വക്കീല്‍ നോട്ടീസ് അയച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.