റമ്പാച്ചന്‍ ഇനി മുതല്‍ വക്കീലച്ചന്‍

Sunday 20 July 2014 10:43 pm IST

കൊച്ചി: റമ്പാച്ചന് ഇനി മുതല്‍ വക്കീലച്ചന്‍. ഏലൂര്‍ മാര്‍ ഗ്രിഗോറിയസ് പള്ളി വികാരിയായ തോമസ് പോള്‍ എന്ന റമ്പാച്ചന്‍ ഇന്നലെ വക്കീല്‍ കുപ്പായമണിഞ്ഞതോടെ സഭയ്ക്ക് സ്വന്തമായൊരു വക്കീലിനെയാണ് കിട്ടിയിരിക്കുന്നത്. ഹൈക്കോടതിയില്‍ അഭിഭാഷകമായി എന്റോള്‍ ചെയ്തു പുറത്തിറങ്ങിയപ്പോള്‍ തന്നെ തേടിയെത്തിയ ആദ്യ വക്കാലത്തിലും അദ്ദേഹം ഒപ്പിട്ടു. ചെങ്ങന്നൂര്‍ സ്വദേശി മാത്യുവിന്റെ മെഡിക്കല്‍ ഇന്‍ഷുറന്‍സ് കേസില്‍ പണം നല്‍കാത്ത ഇന്‍ഷുറന്‍സ് കമ്പനിക്കെതിരെ കേസ് വാദിക്കാനുള്ള വക്കാലത്തിലാണ് അദ്ദേഹം ആദ്യമായി ഒപ്പിട്ടത്. ഓര്‍ത്തഡോക്‌സ് സഭാ വികാരിയായ ഇദ്ദേഹം അങ്കമാലി ഭദ്രാസനത്തിനു കീഴിലാണ് പ്രവര്‍ത്തിക്കുന്നത്.
കഴിഞ്ഞ ഒന്‍പത് വര്‍ഷമായി സന്യാസപട്ടം സ്വീകരിച്ച ഇദ്ദേഹം ചര്‍ച്ച് മാനേജ്‌മെന്റില്‍ പിഎച്ച്ഡി ചെയ്തു കൊണ്ടിരിക്കുകയാണ്. കോട്ടയം പഴയ സെമിനാരിയില്‍ നിന്നുമാണ് അച്ചന്‍ വൈദികപട്ടം സ്വീകരിച്ചത്. കര്‍ണാടക മാണ്ഡ്യാ പിഇസി ലോ കോളേജില്‍ നിന്നാണ് എല്‍എല്‍ബി പഠനം പൂര്‍ത്തിയാക്കിയത്. സമൂഹത്തിനു വേണ്ടി അഭിഭാഷക വൃത്തിയിലൂടെ സേവനം ചെയ്യാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് റമ്പാച്ചന്‍.
സഭയുടെ കേസ്സുകളില്‍ ഇടപെടും. പക്ഷേ കോടതിക്കു പുറത്ത് രമ്യമായി പരിഹരിക്കുന്നതിനാണ് താത്പര്യമെന്നും അദ്ദേഹം പറഞ്ഞു. കോതമംഗലം മാറാച്ചേരില്‍ കുടുംബാംഗമായ റമ്പാച്ചന്‍ വിദ്യാഭ്യാസ കാലത്ത് എം ജി യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലറായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
കോതമംഗലം എം എ കോളേജിലായിരുന്നു ബിരുദ പഠനം. എംഎസ്ഡബ്ല്യു, എംഫില്‍ ബിരുദധാരി കൂടിയാണ് ഈ വക്കീലച്ചന്‍. സഭയുടെ വിവിധ മേഖലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. എത്യോപ്യന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ ആബൂന പൗലോസ് പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാബയുടെ സെക്രട്ടറിയായി ഒരു വര്‍ഷം പ്രവര്‍ത്തിച്ചിരുന്നു. ഭദ്രാസനത്തിന്റെ കീഴിലുള്ള വനിതാസമാജമായ നവജ്യോതിയുടെ കേന്ദ്രവൈദീക ട്രസ്റ്റി കൂടിയാണ് ഇദ്ദേഹം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.