സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഇന്നുമുതല്‍ നിസ്സഹകരണ സമരത്തിലേക്ക്

Sunday 20 July 2014 10:55 pm IST

തിരുവനന്തപുരം : സംസ്ഥാനത്തെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ കെജിഎംഒഎയുടെ നേതൃത്വത്തില്‍ ഇന്നുമുതല്‍ നിസ്സഹകരണ സമരത്തിലേക്ക്. സമരത്തിന്റെ ഭാഗമായി ചികില്‍സകള്‍ മുടങ്ങില്ലെങ്കിലും സര്‍ക്കാര്‍ പദ്ധതികളില്‍ നിന്നും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നിന്നും ഡോക്ടര്‍മാര്‍ വിട്ടുനില്‍ക്കും. സമരം നടത്തുന്ന ഡോക്ടര്‍മാര്‍ക്കെതിരെ സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ കുറവ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സ്‌പെഷ്യാലിറ്റി വിഭാഗത്തിലുള്ള ഡോക്ടര്‍മാര്‍ക്ക് മെഡിക്കല്‍ കോളജുകളില്‍ താല്‍ക്കാലിക നിയമനം നല്‍കുന്നത് പ്രതിഷേധാര്‍ഹമാണെന്നാണ് ഡോക്ടര്‍മാരുടെ നിലപാട്. ആശുപത്രികളില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനു പകരം ആശുപത്രികള്‍ മെഡിക്കല്‍ കോളജുകളാക്കി ഉയര്‍ത്തുന്നത് അംഗീകരിക്കാനാവില്ല. സര്‍ക്കാരിന്റെ ഈ നടപടി സ്വകാര്യ മേഖലയെ സഹായിക്കാനാണെന്നും ഡോക്ടര്‍മാര്‍ ആരോപിക്കുന്നു. ശമ്പള പരിഷ്‌കരണത്തിലെ അപാകതകള്‍ പരിഹരിക്കുക, സര്‍ക്കാര്‍ മേഖലയിലെ ഡോക്ടര്‍മാരുടെ കുറവ് പരിഗണിച്ച് പെന്‍ഷന്‍ പ്രായം ഉയര്‍ത്തുക, മരുന്നുകളുടെ ഗുണനിലവാരവും ലഭ്യതയും ഉറപ്പാക്കുക, ഡോക്ടര്‍മാരുടെ സ്ഥലംമാറ്റ പ്രക്രിയയിലും പ്രമോഷന്‍ നടപടികളിലുമുണ്ടാകുന്ന അപാകതകള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളും ഡോക്ടര്‍മാര്‍ ഉന്നയിക്കുന്നു.
നിസഹകരണത്തിന്റെ ഭാഗമായി റിപ്പോര്‍ട്ടിംഗ്്, വിഐപി, വിവിഐപി ഡ്യൂട്ടികള്‍, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, ജില്ലാതല അവലോകനങ്ങള്‍, മെഡിക്കല്‍ ക്യാംപുകള്‍ തുടങ്ങിയ പദ്ധതികളും ഡോക്ടര്‍മാര്‍ ഇന്നു മുതല്‍ ബഹിഷ്‌കരിക്കും. ആദ്യഘട്ട നിസഹകരണം ആശുപത്രികളുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കാത്ത തരത്തിലായിരിക്കുമെന്നു പറയുന്ന ഡോക്ടര്‍മാര്‍, സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറായില്ലെങ്കില്‍ കടുത്ത സമരരീതികളിലേക്ക് നീങ്ങുമെന്നും വ്യക്തമാക്കി.
അതേസമയം, ഡോക്ടര്‍മാരുടെ സമരത്തെ ശക്തമായി നേരിടുമെന്ന് ആരോഗ്യമന്ത്രി വി.എസ് ശിവകുമാര്‍ അറിയിച്ചു. പനിക്കും മറ്റ് പകര്‍ച്ചവ്യാധികള്‍ക്കുമെതിരേ ജാഗ്രത പുലര്‍ത്തേണ്ട സമയത്ത് ആത്മസമര്‍പ്പണത്തോടെ പ്രവര്‍ത്തിക്കേണ്ട ഡോക്ടര്‍മാര്‍ അനാവശ്യ സമരത്തിനൊരുങ്ങുന്നത് ജനദ്രോഹമാണെന്നും നിസഹകരണ സമരത്തില്‍ നിന്നും ഡോക്ടര്‍മാര്‍ പിന്മാറണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഏകപക്ഷീയമായി നടത്തിയ സമരപ്രഖ്യാപനം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും മന്ത്രി പത്രക്കുറിപ്പില്‍ അറിയിച്ചു. ഡോക്ടര്‍മാരുടെ ന്യായമായ ആവശ്യങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും അതേസമയം അനാവശ്യസമരങ്ങളെ ശക്തമായി നേരിടുമെന്നും മന്ത്രി അറിയിച്ചു.
സര്‍ക്കാര്‍ പദ്ധതികളോട് സഹകരിച്ചില്ലെങ്കില്‍ ശമ്പളമില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. ധനവകുപ്പ് സെക്രട്ടറി ഡയസ്‌നോണ്‍ പ്രഖ്യാപിച്ച് ട്രഷറികളെ ഉള്‍െപ്പടെ അറിയിച്ചിട്ടുണ്ട്. നിസഹകരണ സമരത്തിന് ഡയസ്‌നോണ്‍ ഏര്‍പ്പെടുത്തുന്നത് അംഗീകരിക്കാനാകില്ലെന്നാണ് കെജിഎംഒഎ നിലപാട്. സമരത്തില്‍ പങ്കെടുത്തിട്ടില്ലെന്ന സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ മാത്രമേ ശമ്പളബില്‍ പാസാക്കുകയുള്ളൂ എന്ന് ഡയസ്‌നോണ്‍ ബാധകമാക്കിയ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.