കമാല്‍ഹാജിക്ക്‌ കള്ളനോട്ട്‌ കൈമാറിയ അടുത്ത ബന്ധു നിരീക്ഷണത്തില്‍

Wednesday 28 September 2011 11:17 pm IST

കാഞ്ഞങ്ങാട്‌: വാഹന പരിശോധനയ്ക്കിടയില്‍ തളിപ്പറമ്പ്‌ ദേശീയപാതയില്‍ നിന്ന്‌ ൧൦ ലക്ഷം രൂപയുടെ കള്ളനോട്ട്‌ പിടികൂടിയ കേസിലെ പ്രധാന പ്രതികളിലൊരാളായ ഹൊസ്ദുര്‍ഗ്ഗ്‌ ഹദ്ദാദ്‌ നഗറിലെ അക്കരമ്മല്‍ കമാല്‍ ഉമ്മര്‍ഹാജിക്ക്‌ കള്ളനോട്ട്‌ കൈമാറിയ അടുത്ത ബന്ധു പോലീസ്‌ നിരീക്ഷണത്തില്‍. കമാല്‍ ഉമ്മര്‍ഹാജിക്ക്‌ ദുബായില്‍ വെച്ചാണ്‌ അടുത്ത ബന്ധു കള്ളനോട്ട്‌ കൈമാറിയതെന്ന്‌ തളിപ്പറമ്പ്‌ സിഐ കെ.ഇ.പ്രേമചന്ദ്രണ്റ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന്‌ ഇതിനകം വിവരം ലഭിച്ചിട്ടുണ്ട്‌. കുടുംബത്തിനുണ്ടായ ഒരു കോടിയോളം രൂപയുടെ സാമ്പത്തിക ബാധ്യത തരണം ചെയ്യാനാണ്‌ കള്ളനോട്ട്‌ വിതരണം ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നാണ്‌ കമാല്‍ഹാജി പോലീസിന്‌ മൊഴി നല്‍കിയത്‌. കച്ചവടത്തില്‍ നഷ്ടം വന്നതോടെ വിദേശത്തടക്കമുള്ള സ്ഥലങ്ങളിലെ കെട്ടിടങ്ങള്‍ വില്‍ക്കേണ്ടി വന്നിട്ടുണ്ടെന്നും കമാല്‍ഹാജി മൊഴി നല്‍കി. മംഗലാപുരം വിമാനത്താവളം വഴിയാണ്‌ കള്ളനോട്ട്‌ നാട്ടിലെത്തിച്ചതെന്ന്‌ കമാല്‍ഹാജി സമ്മതിച്ചിട്ടുണ്ട്‌. അതിനിടെ കള്ളനോട്ട്‌ കേസിലെ മറ്റൊരു പ്രതി പിലാത്തറ വടക്കേപ്പുരയിലെ പ്രദീപ്കുമാറിണ്റ്റെ പിലാത്തറയിലുള്ള ഹോട്ടലില്‍ നിന്ന്‌ തൊഴിലാളി കള്ളനോട്ടുകള്‍ മോഷ്ടിച്ച്‌ കടന്നതായും വിവരം പുറത്തുവന്നു. ഈ കള്ളനോട്ടുകളുമായി ഹോട്ടല്‍ തൊഴിലാളി തൃശൂറ്‍ സ്വദേശി നവാസ്‌ ബംഗ്ളൂരില്‍ പോലീസ്‌ പിടിയിലായി. തളിപ്പറമ്പില്‍ പത്തുലക്ഷം രൂപയുടെ കള്ളനോട്ട്‌ പിടികൂടിയെന്ന വിവരത്തിണ്റ്റെ അടിസ്ഥാനത്തില്‍ നവാസിനെയും കൂട്ടി ബാംഗ്ളൂറ്‍ പോലീസ്‌ തളിപ്പറമ്പിലെത്തി വിശദമായ അന്വേഷണം നടത്തി തിരിച്ചുപോയി. പ്രദീപ്കുമാറിണ്റ്റെ പിലാത്തറയിലുള്ള ഹോട്ടലിലെത്തി കര്‍ണ്ണാടക പോലീസ്‌ സംഘം പരിശോധന നടത്തിയിരുന്നു. പ്രദീപ്കുമാര്‍ കണ്ണൂറ്‍ ജില്ലയില്‍ കള്ളനോട്ട്‌ സംഘത്തിലെ പ്രധാന കണ്ണിയാണ്‌. കേസിലെ മറ്റൊരു പ്രതിയായ കണ്ണൂറ്‍ എളയാവൂറ്‍ പാരപ്രത്തെ എം.വി ആഷിഷിനാണ്‌ കള്ളനോട്ട്‌ വിതരണത്തില്‍ നേരിട്ട്‌ ബന്ധമെന്ന്‌ പ്രദീപ്കുമാര്‍ മൊഴി നല്‍കി.