സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നിസഹകരണ സമരത്തില്‍

Monday 21 July 2014 11:55 am IST

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ അനിശ്ചിതകാല നിസഹകരണ സമരം തുടങ്ങി. അലവന്‍സുകള്‍ അനുവദിക്കുക, മരുന്ന് ക്ഷാമം പരിഹരിക്കുക, ജില്ല ജനറല്‍ ആശുപത്രികള്‍ മെഡിക്കല്‍ കോളജുകളാക്കുമ്പോള്‍ ഡോക്ടര്‍മാര്‍ക്കും രോഗികള്‍ക്കുമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സമരം. ആശുപത്രികളുടെ പ്രവര്‍ത്തനത്തെ ബാധിക്കാത്ത നിലയിലാണ് സമരം. പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, അവലോകന യോഗങ്ങള്‍, മെഡിക്കല്‍ ക്യാംപുകള്‍, വിഐപി ഡ്യൂട്ടികള്‍ എന്നിവ ഡോക്ടര്‍മാര്‍ ബഹിഷ്‌കരിക്കും. അതേസമയം സമരത്തെ നേരിടാന്‍ സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സമരത്തില്‍ പങ്കെടുത്തിട്ടില്ലെന്ന സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ മാത്രമേ ശമ്പള ബില്‍ പാസാക്കൂവെന്നും ഡയസ് നോണ്‍ ബാധകമാക്കിയ ഉത്തരവില്‍ പറയുന്നുണ്ട്. സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകള്‍ ഒഴികെയുള്ള ആശുപത്രികളിലെ ഡോക്ടര്‍മാരാണ് ഇന്നുമുതല്‍ അനിശ്ചിതകാല നിസഹകരണം ആരംഭിച്ചിരിക്കുന്നത്. പുതിയ മെഡിക്കല്‍ കോളേജുകള്‍ വരുന്നതുമായി ബന്ധപ്പെട്ട് താഴെ തട്ടിലുള്ള ആശുപത്രികളെ തകര്‍ക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് ഡോക്ടര്‍മാര്‍ ആരോപിക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.