കരിങ്കല്‍ ക്വാറി ഉടമകള്‍ അനിശ്ചിതകാല സമരത്തിലേക്ക്

Monday 21 July 2014 8:47 pm IST

കല്‍പ്പറ്റ : ഈമാസം 25 മുതല്‍ കേരളത്തിലെ മുഴുവന്‍ മൈനിംഗ് പ്രവര്‍ത്തികളും വിപണനവും നിര്‍ത്തിവെക്കുവാന്‍ ക്വാറി ക്രഷര്‍ ഏകോപന സമിതി തീരുമാനിച്ചതായി ബന്ധപ്പെട്ടവര്‍ വയനാട് പ്രസ്സ് ക്ലബില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഹരിത ട്രൈബ്യൂണലിന്റെ നിരീക്ഷണത്തിന്റെ പേരില്‍ സംസ്ഥാനത്ത് എല്ലാവിധ ലൈസന്‍സോടും കൂടി പ്രവര്‍ത്തിക്കുന്ന 2500 ക്വാറികള്‍ക്ക് സ്റ്റോപ്പ് മെമ്മോ നല്‍കാന്‍ തീരുമാനിച്ച സാഹചര്യത്തിലാണ് സമരം. വികസനവും തൊഴില്‍ സ്ഥിരതയും പറഞ്ഞ് വിജയിച്ച ഹരിത എംഎല്‍എമാരും ക്വാറികള്‍ക്കെതിരെ തിരിയുന്നു. നിര്‍മ്മാണ മേഖലയില്‍ കരിങ്കല്ലിന് പകരം വെയ്ക്കാന്‍ മറ്റൊന്നില്ല. കരിങ്കല്‍ ക്വാറികള്‍ അടച്ചുപൂട്ടിയാല്‍ എല്ലാ നിര്‍മ്മാണ മേഖലയും നിലക്കും. അതിനാല്‍ സര്‍ക്കാര്‍ അടിയന്തരമായി പ്രശനത്തില്‍ ഇടപെടണം.
കേരളത്തില്‍ കമ്പി, സിമന്റ്, പെയ്ന്റ് തുടങ്ങിയ മുഴുവന്‍ വ്യവസായങ്ങളെയും സമരം സാരമായി ബാധിക്കും. കേരളം പോലെ ഭൂപരിഷ്‌കരണ നിയമം നടപ്പിലാക്കിയ ജനസാന്ദ്രതയുള്ള ആളോഹരി ഭൂവിനിയോഗം കുറഞ്ഞ സംസ്ഥാനത്ത് ഗ്രീന്‍ ട്രൈബ്യൂണലിന്റെ നിര്‍ദ്ദേശം പൂര്‍ണ്ണമായും നടപ്പിലാക്കാന്‍ സാധ്യമല്ല. നാല് സെന്റ് മുതല്‍ ഒരേക്കര്‍ വരെയുള്ള സ്ഥലങ്ങളില്‍ ചെറുകിട ക്വാറി നടത്തുന്നവര്‍ക്ക് വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി വാങ്ങല്‍ പ്രായോഗികമല്ല. മാധവ് ഗാഡ്ഗില്‍ പോലും പറഞ്ഞത് സോണ്‍ ഒന്നില്‍ അഞ്ച് വര്‍ഷംകൊണ്ട് ക്വാറി പ്രവര്‍ത്തനം ഘട്ടം ഘട്ടമായി നിര്‍ത്തിവെയ്ക്കണമെന്നാണ്. എന്നാല്‍ ഗ്രീന്‍ ട്രൈബ്യൂണല്‍ ഒറ്റയടിക്ക് നിര്‍ത്താനാണ് പറയുന്നത്. മുഴുവന്‍ ക്വാറികളും തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി ലഭിക്കാതെ സമരത്തില്‍ നിന്ന് പിന്‍മാറില്ലെന്ന് ഭാരവാഹികള്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ എം.കെ.ജോര്‍ജ്ജ്, ജോണ്‍സണ്‍ കൂവയ്ക്കല്‍, നാസര്‍ പയന്തോത്ത്, കെ.രഞ്ജിത്ത് എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.