ഡോക്ടര്‍മാരുടെ സമരം ജനദ്രോഹമാകരുത്

Monday 21 July 2014 9:38 pm IST

കേരളത്തിലെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സമരം പ്രഖ്യാപിച്ചിരിക്കുകയാണ്. അവര്‍ ആവശ്യപ്പെടുന്നത് മെഡിക്കല്‍ കോളേജുകളില്‍ ഡോക്ടര്‍മാരുടെ പുതിയ പോസ്റ്റുകള്‍ സൃഷ്ടിക്കണമെന്നും സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരെ ഹെല്‍ത്ത് സര്‍വീസില്‍നിന്നും മാറ്റരുതെന്നുമാണ്. കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന് കീഴിലുള്ള 4000 ഡോക്ടര്‍മാരില്‍ 3500 പേര്‍ സമരത്തിലാണ്. പക്ഷേ അവര്‍ ഉറപ്പുനല്‍കുന്നതും തങ്ങളുടെ സമരം ആശുപത്രികളുടെ സേവനത്തെ ബാധിക്കുകയില്ലെന്നാണ്. സമരപ്രഖ്യാപനത്തില്‍ ഡോക്ടര്‍മാര്‍ ആശുപത്രിക്ക് പുറത്തുള്ള യാതൊരു ജോലിയും ചെയ്യുകയില്ലെന്നും മെഡിക്കല്‍ക്യാമ്പുകളില്‍ പങ്കെടുക്കില്ലെന്നുമാണുള്ളത്. ആരോഗ്യരംഗത്തുനിന്ന് മെഡിക്കല്‍ കോളേജിലേക്ക് ഡോക്ടര്‍മാരെ മാറ്റുന്നത് ആരോഗ്യരംഗത്ത് സ്‌പെഷ്യലിസ്റ്റിന്റെ അഭാവം സൃഷ്ടിക്കുകയാണ്. പൊതുജനാരോഗ്യരംഗം ഇന്ന് രോഗാതുരമാണ്. പലതരം പനികളും മറ്റു രോഗങ്ങളും ജനങ്ങളെ ദുരവസ്ഥയിലാക്കിയിരിക്കുകയാണ്. എറണാകുളം ജനറല്‍ ആശുപത്രിയില്‍തന്നെ 2500ഓളം രോഗികളാണ് ചികിത്സ തേടിയെത്തുന്നത്. സ്വകാര്യ ആശുപത്രികളില്‍ പോകാനുള്ള സാമ്പത്തിക കഴിവില്ലാത്തവരാണ് ഇടുക്കിയില്‍നിന്നും കോട്ടയത്തുനിന്നും ആലപ്പുഴയില്‍നിന്നുമായി എത്തുന്നത്. ദിവസം 200പേരെങ്കിലും അത്യാഹിത വിഭാഗത്തില്‍ ചികിത്സ തേടുന്നുണ്ട്. 500 പേരെ കിടത്തി ചികിത്സിക്കുന്നു. ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ ക്ഷാമം രൂക്ഷമായിരിക്കെ അവിടെ നടപ്പാക്കുന്ന സ്ഥലം മാറ്റങ്ങള്‍ക്കെതിരെയാണ് ഡോക്ടര്‍മാര്‍ നിസ്സഹകരണം പ്രഖ്യാപിച്ചിരിക്കുന്നത്.
കേരളത്തിലെ ആശുപത്രികളില്‍ 600 ഡോക്ടര്‍മാരുടെ ഒഴിവുകളാണുള്ളത്. ഇത് നികത്തണമെന്നാണ് അവരുടെ ആവശ്യം. ആശുപത്രികളിലെ അവസ്ഥ ഇതായിരിക്കെ മെഡിക്കല്‍ കോളേജിലേക്ക് തങ്ങളെ ഡെപ്യുട്ടേഷനില്‍ മാറ്റാനുള്ള സര്‍ക്കാര്‍ നീക്കമാണ് ഡോക്ടര്‍മാരെ പ്രകോപിപ്പിച്ചിരിക്കുന്നത്. പുതിയ മെഡിക്കല്‍ കോളേജുകള്‍ക്ക് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരം നഷ്ടപ്പെടാതിരിക്കാനുള്ള പൊടിക്കയ്യാണിതും. ഡോക്ടര്‍മാരുടെ ആവശ്യം ന്യായീകരിക്കത്തക്കതാണ്. പല ആശുപത്രികളിലും സ്ഥലംമാറ്റം മൂലം ഡോക്ടര്‍മാരില്ലാതെ ശസ്ത്രക്രിയപോലും മുടങ്ങുന്നു. എറണാകുളം ജനറല്‍ ആശുപത്രിയില്‍ എംആര്‍ഐ സ്‌കാനും ഓങ്കോളജി വിഭാഗവുമുണ്ട്. ഡോക്ടര്‍മാരുടെ സമരം രോഗികളെ ബാധിക്കാതെ നോക്കേണ്ടത് ഡോക്ടര്‍മാരുടെ പ്രതിജ്ഞയുടെ ഭാഗമാണ്. നൈതികവും സാന്മാര്‍ഗികവുമായ നടപടികളെ അവരെടുക്കാവൂ. ദൂരസ്ഥലങ്ങളില്‍നിന്നും ഔട്ട്‌പേഷ്യന്റ് വിഭാഗത്തിലെത്തുന്ന രോഗികളെ ചികിത്സിക്കാനും സമരത്തിലുള്ള ഡോക്ടര്‍മാര്‍ വിമുഖരാണ്. ഈ പ്രശ്‌നങ്ങളെല്ലാം കൂടുതല്‍ ഗുരുതരമാക്കുന്നതാണ് മരുന്നിന്റെ ഗുണനിലവാരമില്ലായ്മ. സമരത്തിലുള്ളവരുടെ ആവശ്യം ഒഴിവുകള്‍ ഉടനെ നികത്തണമെന്നാണ്. ആശുപത്രിക്ക് പുറത്ത് യാതൊരു സേവനവും നല്‍കുകയില്ലെന്നും വിഐപി ഡ്യൂട്ടി ചെയ്യുകയില്ലെന്നും മെഡിക്കല്‍ ക്യാമ്പുകളില്‍ പങ്കുകൊള്ളുകയില്ലെന്നും അവര്‍ പ്രഖ്യാപിക്കുന്നു. ആശുപത്രികളുടെ പ്രവര്‍ത്തനം സ്തംഭനാവസ്ഥയിലേക്ക് നീങ്ങാതെ ഒഴിവുകള്‍ നികത്തി പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണ്.
മെഡിക്കല്‍ കോളേജിലെ ഒഴിവുകള്‍ സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ സ്ഥലംമാറ്റത്തില്‍ക്കൂടി പരിഹരിക്കാന്‍ ശ്രമിക്കാതെ ഒഴിവുകള്‍ നികത്താനാണ് സര്‍ക്കാര്‍ ശ്രദ്ധിക്കേണ്ടത്. സമരമനോഭാവമുള്ള ഡോക്ടര്‍മാര്‍ നല്‍കുന്ന ചികിത്സ അത്യാസന്ന നിലയിലുള്ള രോഗികളുടെ ആരോഗ്യം നശിപ്പിക്കാതെ ശ്രദ്ധിക്കേണ്ടതാണ്. ഇപ്പോള്‍ ഔട്ട്‌പേഷ്യന്റ് വിഭാഗത്തില്‍ ദൂരസ്ഥലങ്ങൡനിന്നും പണം ചെലവാക്കി ആശുപത്രികളിലെത്തി അനന്തമായി കാത്തിരിക്കുന്നത് വൃഥാവിലാവാതെ നോക്കാന്‍ ഡോക്ടര്‍മാര്‍ക്ക് കടമയുണ്ട്. ഡോക്ടര്‍-രോഗി ബന്ധം അതിവിശിഷ്ടമാണ്, അതുല്യമാണ്. അതുകൊണ്ടുതന്നെ അവരുടെ ആരോഗ്യം സംരക്ഷിക്കേണ്ടതും അവരുടെ കടമയാണ്. ഇതില്‍ സര്‍ക്കാരിന്റെ റോള്‍ പ്രധാനമാണ്. ഡോക്ടര്‍ക്ഷാമം രൂക്ഷമായ കേരളത്തില്‍ പൊതുജനാരോഗ്യ സംവിധാനം തകര്‍ച്ചയിലേക്ക് നീങ്ങുമ്പോള്‍ ആശുപത്രികളില്‍ ആവശ്യത്തിന് ഡോക്ടര്‍മാരെ നിയോഗിക്കേണ്ട ബാധ്യത സര്‍ക്കാരിനാണ്.
ഒഴിവുകള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിട്ടുപോലും ഇവ നികത്താന്‍ സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ല. സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരെ മെഡിക്കല്‍ കോളേജിലേക്ക് ഡെപ്യൂട്ടേഷനിലയയ്ക്കാന്‍ നോക്കാതെ കൂടുതല്‍ ഡോക്ടര്‍മാരെ നിയമിച്ച് ഒഴിവുകള്‍ നികത്തണം. ഡോക്ടര്‍മാരുടെ സമരം അവഗണിക്കാതെ അവരെ ഉടന്‍ ചര്‍ച്ചയ്ക്ക് വിളിച്ച് പ്രതിസന്ധി പരിഹരിക്കേണ്ടതാണ്. ഇപ്പോള്‍ സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ക്കെതിരെ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. സമരം ചെയ്തവര്‍ക്ക് ശമ്പളം ലഭിക്കുന്നില്ല. കേരളം മാതൃകാ സംസ്ഥാനമായത് ആരോഗ്യരംഗത്തെ വികാസമായിരുന്നു. ഇതാണിപ്പോള്‍ ചോദ്യംചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.