കോമണ്‍വെല്‍ത്ത് മേളക്ക് നാളെ കൊടിയേറ്റ്

Monday 21 July 2014 9:38 pm IST

ഗ്ലാസ്‌കോ: ഇരുപതാമത് കോമണ്‍വെല്‍ത്ത് ഗെയിംസിന് നാളെ കൊടിയേറ്റ്. നാളെ ഉദ്ഘാടന ചടങ്ങുകള്‍ മാത്രമാണ് നടക്കുക. മത്സരങ്ങള്‍ നാളെ മുതല്‍ ആരംഭിക്കും. ആഗസ്റ്റ് മൂന്നിന് സമാപിക്കുന്ന മേളയില്‍ 71 രാജ്യങ്ങളില്‍ നിന്നായി 4900 കായികതാരങ്ങളാണ് പങ്കെടുക്കുന്നത്. സ്‌കോട്ട്‌ലന്റിലെ സെല്‍റ്റിക് പാര്‍ക്കിലാണ് ഉദ്ഘാടന ചടങ്ങുകള്‍ നടക്കുക. പാരാ സ്‌പോര്‍ട്‌സ് ഇനത്തില്‍ ഇത്തവണ 22 സ്വര്‍ണമെഡലുകള്‍ ഉള്‍പ്പെടുത്തിയത് ഇത്തവണത്തെ മേളയുടെ പ്രത്യേകതയാണ്.
17 കായിക ഇനങ്ങളിലായി 261 മെഡലുകള്‍ക്കായാണ് മേളയില്‍ പോരാട്ടം അരങ്ങേറുക. കായിക മത്സരങ്ങള്‍ ആരംഭിക്കുന്ന 24ന് 20 മെഡലുകളാണ് തീരുമാനിക്കപ്പെടുക. സൈക്ലിങ്ങില്‍ നാലും ജിംനാസ്റ്റിക്‌സില്‍ ഒന്നും ജൂഡോയില്‍ അഞ്ചും നീന്തല്‍ലില്‍ ആറും ട്രയാത്തലണില്‍ രണ്ടും ഭാരോദ്വഹനത്തില്‍ രണ്ടും മെഡലുകളാണ് തീരുമാനിക്കുക. ഇന്ത്യക്ക് ഈയിനങ്ങളിലൊന്നും കാര്യമായ മെഡല്‍ പ്രതീക്ഷയില്ല. മേളയിലെ ഏറ്റവും വലിയ ആകര്‍ഷണമായ ട്രാക്ക് 27ന് ഉണരും. അന്ന് നാല് ഫൈനലുകളാണ് നിര്‍ണയിക്കപ്പെടുക.
ലോക പ്രശസ്തരായ നിരവധി താരങ്ങളാല്‍ സമ്പന്നമാകും ഇത്തവണത്തെ ഗെയിംസ്. സ്പ്രിന്റ് ലോകചാമ്പ്യനും ലോകറെക്കോര്‍ഡുകാരനുമായ ജമൈക്കയുടെ ഉസൈന്‍ ബോള്‍ട്ട്, ബ്രിട്ടന്റെ 5,000, 10000 മീറ്ററുകളിലെ ലോകചാമ്പ്യന്‍ മൊ ഫറാ, കെനിയയുടെ 800 മീറ്റര്‍ ചാമ്പ്യന്‍ ഡേവിഡ് റുഡീഷ തുടങ്ങിയവര്‍ ഗ്ലാസ്‌കോയിലെത്തുന്നുണ്ട്.
2010 ലെ ദല്‍ഹി ഗെയിംസില്‍ 74 സ്വര്‍ണ്ണവും 55 വെള്ളിയും 48 വെങ്കലവുമടക്കം 177 മെഡലുകള്‍ നേടിയ ഓസ്‌ട്രേലിയയായിരുന്നു മെഡല്‍ പട്ടികയില്‍ ഒന്നാമതെത്തിയത്. കഴിഞ്ഞ ദല്‍ഹി ഗെയിംസില്‍ ഇന്ത്യ 101 മെഡലുകള്‍ നേടി രണ്ടാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടമാണ് 2010ലെ ദല്‍ഹി ഗെയിംസില്‍ ഇന്ത്യ നേടിയത്. ഷൂട്ടിംഗ് റേഞ്ചില്‍ നിന്നായിരുന്നു ഇന്ത്യയുടെ മെഡല്‍ വേട്ടയിലധികവും. ഷൂട്ടിംഗ് റേഞ്ചില്‍ നിന്നും ഗുസ്തി ഗോദയില്‍ നിന്നുമാണ് ഇന്ത്യ കഴിഞ്ഞ ഗെയിംസില്‍ ഏറ്റവും കൂടുതല്‍ മെഡലുകള്‍ വാരിക്കൂട്ടിയത്. ഷൂട്ടിംഗ് റേഞ്ചില്‍ നിന്ന് 14 സ്വര്‍ണ്ണം, 11 വെള്ളി, 5 വെങ്കലം എന്നിവ ഉള്‍പ്പെടെ 30 മെഡലുകള്‍ നേടിയപ്പോള്‍ ഗുസ്തിയില്‍ നിന്ന് 10 സ്വര്‍ണ്ണവും 5 വെള്ളിയും 4 വെങ്കലവുമടക്കം 19 മെഡലുകളും ഇന്ത്യ സ്വന്തമാക്കി. ഇത്തവണയും ഇന്ത്യയുടെ പ്രതീക്ഷകള്‍ ഈയിനത്തിലാണ്. പ്രത്യേകിച്ചും അഭിനവ് ബിന്ദ്രയും ഗഗന്‍ നാരംഗും ഉള്‍പ്പെടുന്ന ഷൂട്ടിംഗില്‍. എന്നാല്‍ ബാഡ്മിന്റണില്‍ ഇന്ത്യന്‍ സൂപ്പര്‍താരം സൈന നെഹ്‌വാള്‍ പിന്മാറിയത് ഇന്ത്യക്ക് തിരിച്ചടിയാണ്. 14 ഇനങ്ങളിലായി 215 അംഗ സംഘമാണ് ഇന്ത്യക്കായി ഇറങ്ങുന്നത്. ഇതില്‍ ഒമ്പത് മലയാളികളുള്‍പ്പെടെ 32 അംഗ സംഘമാണ് അത്‌ലറ്റിക്‌സില്‍ ഇറങ്ങുന്നത്. എന്നാല്‍ വ്യക്തിഗത ഇനത്തില്‍ മത്സരിക്കുന്ന ഏക മലയാളി താരം മയൂഖ ജോണിയാണ്. ലോംഗ്ജമ്പിലാണ് മയൂഖ ജോണി മെഡല്‍ നേടാനായി ഇറങ്ങുന്നത്. കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും വലിയ രണ്ടാമത്തെ സ്‌ക്വാഡാണിത്. നെറ്റ്‌ബോള്‍, റഗ്ബി സെവന്‍സ്, ട്രയാത്തലണ്‍ എന്നീ വിഭാഗങ്ങളൊഴിച്ചുള്ള മത്സരയിനങ്ങളിലെല്ലാം ഇന്ത്യ കളത്തിലിറങ്ങും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.