ജാമ്യം നല്‍കിയത് ജഡ്ജിക്ക് അനുഗ്രഹമായി

Tuesday 22 July 2014 12:00 pm IST

ന്യൂദല്‍ഹി: 2001 ജൂണ്‍ 30ന് അര്‍ദ്ധരാത്രിയില്‍ ജയലളിത സര്‍ക്കാര്‍ അറസ്റ്റ് ചെയ്ത ഡിഎംകെ അദ്ധ്യക്ഷന്‍ എം.കരുണാനിധിക്കും കൂട്ടര്‍ക്കും ജാമ്യം അനുവദിച്ചതാണ് ആരോപണ വിധേയനായ ജഡ്ജിയെ ഡിഎംകെയുടെ പ്രിയപ്പെട്ടവനാക്കിയത്. പിന്നീട് ജഡ്ജിയുടെ എല്ലാവളര്‍ച്ചയ്ക്കും ഡിഎംകെയുടെ അതിശക്തമായ പിന്തുണ ഉണ്ടായി. അഡീഷണല്‍ ജഡ്ജിന്റെ കാലാവധി നീട്ടിനല്‍കിയും പിന്നീട് സ്ഥിരപ്പെടുത്തിയും ഹൈക്കോടതി ജഡ്ജിയാക്കി ഉയര്‍ത്തിയ ഡിഎംകെ, ഒരു ഘട്ടത്തില്‍ കേന്ദ്രസര്‍ക്കാരിനെ മറിച്ചിടുമെന്നു പോലും ഇതേ ജഡ്ജിക്കു വേണ്ടി ഭീഷണിപ്പെടുത്തി.
ഭൂരിപക്ഷമില്ലാതിരുന്ന കേന്ദ്രസര്‍ക്കാര്‍ ഡിഎംകെയുടെ ഭീഷണിക്കു വഴങ്ങി ജഡ്ജിയെ അനുകൂലിച്ചതിനേക്കാള്‍ ഗുരുതരം മൂന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റീസുമാര്‍ രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയെന്ന നടുക്കുന്ന വെളിപ്പെടുത്തലാണ്. കാലാവധി നീട്ടിനല്‍കിയ ജസ്റ്റീസ് ആര്‍.സി ലഹോട്ടിയും പിന്നീട് ഒരുവര്‍ഷംകൂടി കാലാവധി നല്‍കിയ വൈ.കെ സബര്‍വാളും ഒടുവില്‍ സ്ഥിരനിയമനം നല്‍കി ആന്ധ്രാപ്രദേശിലേക്ക് മാറ്റിയ ജസ്റ്റിസ് കെ.ജി ബാലകൃഷ്ണനും ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവിന്റെ വെളിപ്പെടുത്തലോടെ പ്രതിക്കൂട്ടിലായിരിക്കുകയാണ്. ന്യായാധിപ നിയമനത്തിന്റെ വിശ്വാസ്യതയ്ക്ക് വലിയ കളങ്കമാണ് സംഭവം ഉയര്‍ത്തിയിരിക്കുന്നത്.
മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന കട്ജുവിന്റെ ശുപാര്‍ശപ്രകാശം സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ആര്‍.സി ലഹോട്ടി കേന്ദ്രരഹസ്യാന്വേഷണ വിഭാഗത്തെ ഉപയോഗിച്ച് നടത്തിയ അന്വേഷണത്തിലാണ് ജഡ്ജിനെതായ ആരോപണങ്ങളെല്ലാം സത്യമാണെന്ന് തിരിച്ചറിഞ്ഞത്. ഇതേ തുടര്‍ന്ന് കരാര്‍ കാലാവധി നീട്ടേണ്ടെന്ന് തീരുമാനിച്ചു. ഇതോടെ വിദേശ യാത്രയ്ക്ക് പുറപ്പെടാന്‍ നിന്ന പ്രധാനമന്ത്രി മന്‍മോഹന്‍സിങിനെ കണ്ട ഡിഎംകെ മന്ത്രിമാര്‍ ജഡ്ജിയെ മാറ്റിയാല്‍ തിരികെ എത്തുമ്പോള്‍ സര്‍ക്കാരുണ്ടാകില്ലെന്ന് ഭീഷണിപ്പെടുത്തി. ഇതോടെ വിഷമഘട്ടത്തിലായ മന്‍മോഹന്‍സിങിനെ നിയമമന്ത്രി എച്ച്ആര്‍ ഭരധ്വാജാണ് ആശ്വസിപ്പിച്ച് യാത്രയാക്കിയത്. തുടര്‍ന്ന് എച്ച്.ആര്‍ ഭരധ്വാജ് സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ആര്‍.സി ലഹോട്ടിയെ കണ്ട് ജഡ്ജിയുടെ കാലാവധി നീട്ടിനല്‍കണമെന്നും ഇല്ലെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ നിലംപതിക്കുമെന്നും ബോധിപ്പിച്ചു. ഇതിനു വഴങ്ങി കൊളീജിയത്തോട് ആലോചിക്കാതെ ജസ്റ്റിസ് ലഹോട്ടി കാലാവധി നീട്ടി നല്‍കിയെന്നാണ് കട്ജു പറയുന്നത്.
ജസ്റ്റിസ് കട്ജുവിന്റെ ആരോപങ്ങള്‍ നിഷേധിക്കാതെ മുന്‍ നിയമമന്ത്രി എച്ച് ആര്‍ ഭരധ്വാജ് രംഗത്തെത്തിയതും ശ്രദ്ധേയമായി. 18 എംപിമാര്‍ ജഡ്ജിക്കനുകൂലമായ പ്രധാനമന്ത്രിയെ കണ്ടെന്നും രാഷ്ട്രീയ സമ്മര്‍ദ്ദമുണ്ടായതായും ഭരധ്വാജ് സമ്മതിച്ചു. എന്നാല്‍ ജീവിതത്തില്‍ തെറ്റായ യാതൊന്നും ചെയ്തിട്ടില്ലെന്ന് ജസ്റ്റിസ് ആര്‍.സി ലഹോട്ടിയും ഭരണകക്ഷിയായ ഡിഎംകെയോട് അടുപ്പമുണ്ടായിരുന്ന ജഡ്ജിയെ ആന്ധ്രാപ്രദേശിലേക്ക് സ്ഥലംമാറ്റുകയാണ് താന്‍ ചെയ്തതെന്ന് ജസ്റ്റിസ് കെ.ജി ബാലകൃഷ്ണനും പ്രതികരിച്ചു.
എസ്. സന്ദീപ്

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.