കെഎസ്ഇബിയുടെ മൂന്നു കരാര്‍ ജീവനക്കാര്‍ ഷോക്കേറ്റ് മരിച്ചു

Tuesday 22 July 2014 10:48 pm IST

തൃശൂര്‍: മണ്ണുത്തി കൊഴുക്കുള്ളിയില്‍ വൈദ്യുതി ലൈനില്‍ നിന്നു ഷോക്കേറ്റ്മൂന്നുപേര്‍ മരിച്ചു.നാലു പേര്‍ക്കു പരുക്ക്. വൈദ്യുതിവകുപ്പിലെ കരാര്‍ ജീവനക്കാരാണ് അപകടത്തില്‍പ്പെട്ടത്.കരാറുകാരന്‍ പട്ടിക്കാട് കാഞ്ഞിരത്തിങ്കല്‍ ജിഫി(30), ജോലിക്കാരായപാലക്കാട്അഞ്ചുമൂര്‍ത്തിമംഗലം വാവുള്ളിയക്കുടി ഷിബു (27), വാവുള്ളിയക്കുടി സുരേഷ് (32) എന്നിവരാണു മരിച്ചത്. പട്ടിക്കാട് പടയാട്ടില്‍ ബിനീഷ് (23), പട്ടിക്കാട് ചിറ്റിലപ്പിള്ളി ജിജോ (29), കല്ലൂര്‍ അനന്തപുരത്ത് വീട്ടില്‍ സുനില്‍കുമാര്‍ (52),അഞ്ചുമൂര്‍ത്തിമംഗലം ചുങ്കത്തുകുടി വീട്ടില്‍ ചന്ദ്രന്‍ എന്നിവര്‍ക്കാണ് പരിക്ക് .ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെയായിരുന്നു നാടിനെ നടുക്കിയ ദുരന്തം. നടത്തറ കെഎസ്ഇബി സെക്ഷനു കീഴിലുള്ള കൊഴുക്കുള്ളിയില്‍ വൈദ്യുതി പോസ്റ്റ് മാറ്റുന്നതിനിടെ ഹൈവോള്‍ട്ടേജ് ലൈനില്‍ പോസ്റ്റ്് തട്ടിയാണ് അപകടം. കരാറുകാരന്‍ ഉള്‍പ്പെടെ ആറ് തൊഴിലാളികളാണ് പോസ്റ്റ് സ്ഥാപിക്കാന്‍ എത്തിയത്. പോസ്റ്റ് കുഴിയിലേക്ക്  നീക്കുന്നതിനിടെയാണ് 11 കെ.വി ലൈനില്‍ നിന്ന് ഷോക്കേറ്റത്. വൈദ്യുതി വലിക്കാനുള്ള ലൈനിലെ കറന്റ് ഓഫ് ചെയ്തിരുന്നെങ്കിലും 11 കെ.വി ലൈനിലെ വൈദ്യുതി ഓഫ് ചെയ്തിരുന്നില്ല. പോസ്റ്റ് കുഴിയില്‍ ഇറക്കുന്നതിനായി എല്ലാവരും ചേര്‍ന്ന് എടുത്തുയര്‍ത്തി. ഈ സമയം പോസ്റ്റിന്റെ അറ്റം ലൈനില്‍ തട്ടുകയായിരുന്നു. കോണ്‍ക്രീറ്റ് പോസ്റ്റിലൂടെ വൈദ്യുതി പ്രവഹിച്ച് എല്ലാവര്‍ക്കും ഷോക്കേറ്റു. അപകടത്തിനിടെ പോസ്റ്റ് ഒടിഞ്ഞ് ഇവരുടെ ദേഹത്ത് വീഴുകയും ചെയ്തു. അപകടം അറിഞ്ഞ് ഓടിയെത്തിയ  സമീപവാസി ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ പ്രാഥമിക ശ്രുശ്രൂഷ നല്‍കി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മറ്റു നാലു പേര്‍  ഗുരുതരവസ്ഥയിലാണ്. കളക്ടര്‍  എം.എസ്.ജയ ആശുപത്രിയിലെത്തി തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.