ക്വട്ടേഷന്‍ സംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍

Tuesday 22 July 2014 10:31 pm IST

കോട്ടയം: പൊലീസ്് സംഘത്തെ വടിവാള്‍ ഉപയോഗിച്ച് ആക്രമിച്ച് രക്ഷപെടാന്‍ ശ്രമിച്ച ക്വട്ടേഷന്‍ സംഘത്തില്‍െ രണ്ടുപേര്‍ അറസ്റ്റില്‍. ഏറ്റുമാനൂര്‍ കൈപ്പുഴ പള്ളിയ്ക്കു താഴെ പുളിയാനിപ്പറമ്പില്‍ ജോമോന്‍(മൂര്‍ഖന്‍ ജോമോന്‍-44), കരിമ്പില്‍പ്പറമ്പില്‍ വിഷ്ണു(സ്പിരിറ്റ് വിഷ്ണു-20) എന്നിവരാണ് പിടിയിലായത്. ആറുപേര്‍ ഓടി രക്ഷപെട്ടു. കൈപ്പുഴ പള്ളിയ്ക്ക് സമീപം ആളില്ലാത്ത കെട്ടിടത്തില്‍ ക്വട്ടേഷന്‍ സംഘം തമ്പടിച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് ഡിവൈഎസ്പി വി അജിത്തിന്റെ നേതൃത്വത്തിലുള്ള ഷാഡോ പൊലീസ് ഇവരെ വളയുകയായിരുന്നു. പൊലീസിന് നേരെ വടിവാള്‍ വീശി രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും രണ്ടുപേരെ പിടികൂടി. ഗാന്ധിനഗര്‍, അതിരമ്പുഴ, കൈപ്പുഴ, നീണ്ടൂര്‍, ഏറ്റുമാനൂര്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് ക്വട്ടേഷന്‍ പ്രവര്‍ത്തനവും കഞ്ചാവു വില്‍പനയും മോഷണവും നടത്തി വരികയായിരുന്നു ഇവരുള്‍പ്പെട്ട സംഘമെന്ന് പൊലീസ് പറഞ്ഞു. കോളനികള്‍ കേന്ദ്രീകരിച്ച് കഞ്ചാവു വില്‍പനയും ഇവര്‍ നടത്തിയിരുന്നു. നാലുലക്ഷം രൂപയുടെ തടി വെട്ടി കടത്തിയ കേസില്‍ മുന്‍പ് പൊലീസിനെ ആക്രമിച്ച് രക്ഷപെട്ട സംഘത്തിലും ഇവര്‍ ഉള്‍പ്പെട്ടിരുന്നു.ഗാന്ധിനഗര്‍ എസ്‌ഐ ഇ പി റെജി, ഷാഡോ പൊലീസുകാരായ എസ്‌ഐ ചാക്കോ സ്‌കറിയ, എഎസ്‌ഐ ഡി സി വര്‍ഗീസ്, പി എന്‍ മനോജ്, ഷിബുക്കുട്ടന്‍, ഐ സജികുമാര്‍, ബിജുമോന്‍ നായര്‍ എന്നിവരും പൊലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.