പാമോയില്‍ കേസ്: പ്രതിപക്ഷം സഭ വിട്ടിറങ്ങി

Thursday 29 September 2011 11:22 am IST

തിരുവനന്തപുരം: പാമോയില്‍ കേസില്‍ പുനരന്വേഷണ ഉത്തരവിനെതിരെയുള്ള ഹര്‍ജിയില്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ സ്വീകരിച്ച നിലപാട്‌ ചര്‍ച്ച ചെയ്യണമെന്ന്‌ ആവശ്യപ്പെട്ട്‌ നല്‍കിയ അടിയന്തിരപ്രമേയത്തിന്‌ അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി. വി.എസ് സുനില്‍ കുമാര്‍ എം.എല്‍.എയാണ് വിഷയം അടിയന്തിര പ്രമേയമായി ഉന്നയിച്ചത്. പാമോയില്‍ കേസിലെ അഞ്ചാം പ്രതിയായ ജിജി തോംസണ്‍ തുടരന്വേഷണം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി ഫയല്‍ ചെയ്യുന്ന സമയത്ത് സര്‍ക്കാര്‍ അഭിഭാഷകന്‍ ഹര്‍ജിക്കാരന് അനുകൂലമായ നിലപാടെടുത്തുവെന്ന് സുനില്‍ കുമാര്‍ പറഞ്ഞു. ഇതിന് മറുപടി പറഞ്ഞ നിയമമന്ത്രി കെ.എം മാണി കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന വിഷയമായതിനാല്‍ ചര്‍ച്ച പാടില്ലെന്ന് പറഞ്ഞു. കേസില്‍ മുഖ്യമന്ത്രിയേയും ജിജി തോസണെയും ബന്ധിപ്പിക്കുന്ന തരത്തില്‍ ദു‌സൂചനയുണ്ടെന്നും കേസിലെ പ്രതികളാരെങ്കിലും ഹര്‍ജിയുമായി ഹൈക്കോടതിയില്‍ പോകുന്നതില്‍ സര്‍ക്കാരിന് ഇടപെടാന്‍ കഴിയില്ലെന്നും കെ.എം മാണി വിശദീകരിച്ചു. എന്നാല്‍ മാണിയെ ഖണ്ഡിക്കുന്ന വാദങ്ങളുമായി സുനില്‍ കുമാര്‍ വീണ്ടും രംഗത്തെത്തി. പ്രശ്നത്തില്‍ നിയമമന്ത്രിയല്ല മുഖ്യമന്ത്രിയാണ് മറുപടി പറയേണ്ടതെന്നും താന്‍ അതാണ് ആ‍വശ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. ക്രിമിനല്‍ ചട്ട പ്രകാരം ഒരു പ്രതിക്ക് തുടരന്വേഷണം തടയാന്‍ അധികാരമില്ല. ഈ നിലപാട് ഹൈക്കോടതിയില്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ അറിയിച്ചെങ്കില്‍ കോടതി തീരുമാനം ഹര്‍ജിക്കാരന് അനുകൂലമായി മാറില്ലായിരുന്നുവെന്നും സുനില്‍ കുമാര്‍ പറഞ്ഞു. ജിജി തോംസണ്‍ ഹര്‍ജിയുമായി പോയതില്‍ ദുരൂഹതയുണ്ട്. അദ്ദേഹം രണ്ട് തവണ ദല്‍ഹിയില്‍ വച്ച് മുഖ്യമന്ത്രിയുമായി ഗൂഢാലോചന നടത്തി. കോളേജ് പഠനകാലത്ത് കെ.എസ്.യു ഭാരവാഹി ആയിരുന്നു ജിജി തോസണെന്നും അദ്ദേഹം അറിയപ്പെടുന്ന കോണ്‍ഗ്രസുകരനാണെന്നും സുനില്‍ കുമാര്‍ ആരോപിച്ചു. തുടര്‍ന്ന് സംസാരിച്ച മുഖ്യമന്ത്രി താന്‍ ഈ കേസുമായി ബന്ധപ്പെട്ട് മറുപടി പറയാതെ ഒളിച്ചോടിയിട്ടില്ല. നിയമപ്രശ്നമായതുകൊണ്ടാണ് നിയമമന്ത്രിയെ മറുപടിക്കായി ചുമതലപ്പെടുത്തിയതെന്നും പറഞ്ഞു. ഇക്കാര്യം സഭാനടപടികള്‍ നിര്‍ത്തി വച്ച് ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത് അംഗീകരിച്ച സ്പീക്കര്‍ പ്രമേയത്തിന് അനുമതി നിഷേധിക്കുകയായിരുന്നു. തുടര്‍ന്ന് പ്രതിപക്ഷം സഭ വിട്ടിറങ്ങി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.