സത്യമേവ ജയതേ

Wednesday 23 July 2014 1:42 am IST

നീതിന്യായ സംവിധാനത്തിന് മുകളില്‍ നിഴല്‍വീണാല്‍ ജനങ്ങളുടെ പ്രതീക്ഷമാത്രമല്ല, രാജ്യത്തിന്റെ ഭാവിതന്നെ ചോദ്യ ചിഹ്‌നമായിത്തീരും. ലോകത്തില്‍ തന്നെ മികച്ചതും സത്യസന്ധവും കുറ്റമറ്റതുമെന്നൊക്കെ സമയാസമയം നമ്മുടെ നീതിന്യായ വ്യവസ്ഥയെക്കുറിച്ച് അവകാശപ്പെടാറുണ്ട്. എന്നാല്‍ അതില്‍ കറുത്തപുള്ളികളുണ്ടെന്ന് മാത്രമല്ല, പുഴുക്കുത്തുകളേറെയുണ്ടെന്ന് സമീപകാല സംഭവങ്ങള്‍ ഒരിക്കല്‍ക്കൂടി തെളിയിക്കുകയാണ്. ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് മദ്രാസ് ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജിയെ നിയമിച്ചത് അവിഹിതവും നിയമവ്യവസ്ഥയ്ക്ക് ചേരാത്തവിധവുമാണെന്നാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. പ്രസ്‌കൗണ്‍സില്‍ ചെയര്‍മാന്‍ മുന്‍ ജഡ്ജി മാര്‍ക്കണ്‌ഡേയ കട്ജുവാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്ന വ്യക്തിയെ ജഡ്ജിയാക്കിയത് രാഷ്ട്രീയ സമ്മര്‍ദ്ദം കൊണ്ടാണെന്നാണ് ജസ്റ്റിസ് കട്ജു പ്രസ്താവിച്ചത്. ഈ സത്യം തുറന്നുപറയാന്‍ മുന്‍ ജഡ്ജി എന്തിനിത്ര വൈകി എന്ന ചോദ്യം പ്രസക്തമാണ്. ചില സത്യങ്ങള്‍ തമസ്‌കരിച്ചാലാണ് നേട്ടമെന്ന് വിശ്വസിച്ചുപെരുമാറുന്ന ജഡ്ജിമാരും കളങ്കിതരാണെന്ന് പറയേണ്ടിവരും. നരേന്ദ്രമോദിയേയും ഗുജറാത്ത് സര്‍ക്കാരിനേയും നികൃഷ്ടമായി ചിത്രീകരിക്കുന്നതില്‍ മിടുക്കുകാട്ടിയ ജസ്റ്റിസ് കട്ജുവിന് ലഭിച്ച പാരിതോഷികമാണ് പ്രസ് കൗണ്‍സില്‍ ചെയര്‍മാന്‍ പദവി എന്ന ആരോപണമുണ്ട്. പഴയ കാര്യങ്ങള്‍ പറഞ്ഞ്, യുപിഎ സര്‍ക്കാരിനെ നയിച്ചവരെ ഇപ്പോള്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതിന് മറ്റെന്തെങ്കിലും ലക്ഷ്യമുണ്ടോ എന്നറിയില്ല. ഏതായാലും മുന്‍നിയമമന്ത്രി എച്ച്.ആര്‍. ഭരദ്വാജ് ആരോപണ വിധേയനായ ജഡ്ജിയുടെ നിയമനം നീട്ടിക്കൊടുക്കാന്‍ സമ്മര്‍ദ്ദമുണ്ടായെന്ന് സമ്മതിച്ചു. മാത്രമല്ല മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗും അത് സ്ഥിരീകരിച്ചിരിക്കുകയാണ്. ജഡ്ജിമാരിലെ കള്ളനാണയങ്ങള്‍ പലപ്പോഴും തുറന്നുകാട്ടപ്പെട്ടിട്ടുണ്ട്. ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റിസ് കെ.ജി.ബാലകൃഷ്ണനെതിരെ ഉയര്‍ന്നിട്ടുള്ള ആരോപണങ്ങള്‍ അതീവഗുരുതരമാണ്. അദ്ദേഹം സര്‍വ്വീസില്‍ നിന്നും വിരമിച്ചപ്പോഴാണ് ആരോപണങ്ങള്‍ പുറത്തുവന്നത്. അതിന് മുന്‍പ് അദ്ദേഹം മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷനായി അവരോധിക്കപ്പെട്ടിരുന്നു. ആരോപണം വന്നിട്ടും അതൊന്നും ഗൗനിക്കാതെ കമ്മിഷന്‍ അധ്യക്ഷസ്ഥാനം നിലനിര്‍ത്തിക്കൊടുത്തത് മന്‍മോഹന്‍ സര്‍ക്കാരായിരുന്നല്ലോ. സ്വജനപക്ഷപാതവും സാമ്പത്തിക തിരിമറിയുമെല്ലാം പുറത്തുവന്നിട്ടും അവയെല്ലാം മറികടന്ന് നീതിന്യായ വ്യവസ്ഥയെ പരിഹസിച്ച് കഴിയുന്ന ജഡ്ജിമാര്‍ മാപ്പര്‍ഹിക്കാത്ത തെറ്റാണ് ചെയ്യുന്നതെന്ന് പറയേണ്ടതില്ല. മുന്‍പൊരു ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ പാര്‍ലമെന്റ് നിര്‍ബന്ധിതമായ കാര്യം  വിസ്മരിക്കാന്‍ കഴിയില്ല. ജസ്റ്റിസ് രാമസ്വാമിക്കെതിരെയാണ് ഗുരുതരമായ ആരോപണം ഉയര്‍ന്നത്. സുപ്രീംകോടതിയിലെ ബാര്‍ കൗണ്‍സിലാണ് ജസ്റ്റിസ് രാമസ്വാമിക്കെതിരെ ആരോപണം ഉന്നയിച്ചത്. തുടര്‍ന്നത് പാര്‍ലമെന്റിലുമെത്തി. സ്പീക്കര്‍ റബിറേ ജസ്റ്റിസ് രാമസ്വാമിക്കെതിരെ അന്വേഷണത്തിന് സമിതിയെ നിശ്ചയിച്ചു. സുപ്രീംകോടതി ജഡ്ജിമാരടക്കമുള്ള സമിതി ജസ്റ്റിസ് രാമസ്വാമി കുറ്റക്കാരനെന്ന് കണ്ടെത്തി. അവിടെയും ജഡ്ജിയെ രക്ഷിക്കാന്‍ കോണ്‍ഗ്രസ് ഉണ്ടായി. 1993 ല്‍ പ്രശ്‌നം സഭയിലെത്തിയപ്പോള്‍ കോണ്‍ഗ്രസും സഖ്യകക്ഷികളും ജസ്റ്റിസ് രാമസ്വാമിക്കനുകൂലമായി നിലയുറപ്പിച്ചു. അതുകൊണ്ടുമാത്രം ഇംപീച്ച്‌മെന്റ് പ്രമേയം പാസാക്കിയില്ല. കല്‍ക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമിത്രസെനും ഗുരുതരമായ ആരോപണവിധേയനായിരുന്നു. ജസ്റ്റിസ് പി.ഡി. ദിവാകരനും ഇംപീച്ച്‌മെന്റിന്റെ വക്കോളമെത്തിയപ്പോഴാണ് പദവി ഒഴിഞ്ഞത്. നീതിന്യായ മേഖലയിലെ എല്ലാ പദവികളും പവിത്രമായിരിക്കണം. ഈ സദുദ്ദേശ്യം മുറുകെ പിടിക്കുന്ന സര്‍ക്കാരാണ് ഇപ്പോള്‍ കേന്ദ്രഭരണത്തിലുള്ളത്. അതുകൊണ്ടാണ് നീതിപീഠത്തിലെത്തുന്നവര്‍ കളങ്കമേല്‍ക്കാത്തവരാകണമെന്ന് നിര്‍ബന്ധം പിടിക്കുന്നത്. സുപ്രീം കോടതി ജഡ്ജിമാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് കൊളീജിയം നിര്‍ദ്ദേശിച്ച പേരില്‍ നിന്ന് ഗോപാല്‍ സുബ്രഹ്മണ്യത്തിന്റെ കാര്യത്തില്‍  സര്‍ക്കാര്‍ പ്രതികൂല നിലപാട് സ്വീകരിച്ചപ്പോള്‍ വലിയ കോലാഹലമുണ്ടാക്കിയത് ഈ സംഭവത്തില്‍ ഓര്‍മിക്കേണ്ടതാണ്. ഐബിയും സിബിഐയും നല്‍കിയ റിപ്പോര്‍ട്ടുകള്‍ സര്‍ക്കാരിന്റെ മുന്നിലുള്ളതുകൊണ്ടാണ് ഗോപാല്‍ സുബ്രഹ്മണ്യത്തിന് നിയമനം ലഭിക്കാതെ പോയത്. ഗുരുതരമായ ആരോപണങ്ങളായിരുന്നു റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നത്. ഇനി ഏതായാലും സര്‍ക്കാരും കൊളീജിയവും തമ്മില്‍ സംശയങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കും അവസരമില്ലാതാവുകയാണ്. ജസ്റ്റിസ് കട്ജുവിന്റെ ഏറ്റവും ഒടുവിലത്തെ വെളിപ്പെടുത്തല്‍ പാര്‍ലമെന്റില്‍ ഏറെ ബഹളത്തിനാണ് ഇന്നലെ വഴിവച്ചത്. ചര്‍ച്ചയ്ക്ക് മറുപടി പറഞ്ഞ നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് ജഡ്ജിമാരെ നിയമിക്കുന്ന കൊളീജിയം രീതിയില്‍ മാറ്റം വരുത്തുന്നതിനെക്കുറിച്ച് ഗൗരവമായി ആലോചിക്കുന്നതായി വ്യക്തമാക്കിയിട്ടുണ്ട്. നീതിന്യായ മേഖലയില്‍ സംശയങ്ങളും തര്‍ക്കങ്ങളുമല്ല വേണ്ടത്. 'സത്യമേവ ജയതേ' എന്ന നമ്മുടെ ആപ്തവാക്യം കൈവിടാതെ മുന്നോട്ടുപോകാനുള്ള സാഹചര്യവും സംവിധാനവും കൂടിയേതീരൂ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.