ഇന്തോനേഷ്യയില്‍ ചെറുവിമാനം തകര്‍ന്ന് 18 മരണം

Thursday 29 September 2011 1:44 pm IST

ജക്കാര്‍ത്ത (ഇന്തോനേഷ്യ): പടിഞ്ഞാറന്‍ ഇന്തോനേഷ്യയില്‍ ചെറുവിമാനം തകര്‍ന്ന് വീണ് 18 പേര്‍ മരിച്ചു. കാസ സി 212 എയര്‍ക്രാഫ്റ്റ്‌ വിമാനമാണ്‌ വടക്ക്‌ സുമാത്രയിലെ ബഹൊറോക്ക്‌ ഗ്രാമത്തില്‍ തകര്‍ന്നത്‌. 15 യാത്രക്കാരും മൂന്നു ജീവനക്കാരുമാണ്‌ വിമാനത്തില്‍ ഉണ്ടായിരുന്നത്‌. അപകട സന്ദേശം ലഭിച്ചയുടനെ പ്രദേശവാസികളുടെ സഹായത്തോടെ തെരച്ചില്‍ തുടങ്ങിയതായി ഗതാഗതമന്ത്രാലയം അറിയിച്ചു. ഈയടുത്ത്‌ ഇന്തോനേഷ്യയില്‍ ഒട്ടേറെ വിമാന, ട്രെയിന്‍ ദുരന്തങ്ങള്‍ നടന്നിരുന്നു. യാത്രക്കാരുടെ ബാഹുല്യവും ദുര്‍ബലമായ സുരക്ഷാസംവിധാനങ്ങളുമാണ്‌ അപകടങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്‌.