ഡോക്ടര്‍മാരില്ല; ജില്ലാ ആശുപത്രിയുടെ പ്രവര്‍ത്തനം അവതാളത്തില്‍

Wednesday 23 July 2014 10:43 pm IST

കോട്ടയം: ഡോക്ടമാരുടെ കുറവ് ജില്ലാ ആശുപത്രിയുടെ പ്രവര്‍ത്തനത്തെ താളം തെറ്റിക്കുന്നു. സര്‍ജറി വിഭാഗത്തിലുണ്ടായിരുന്ന രണ്ടു ഡോക്ടര്‍മാരെ കഴിഞ്ഞദിവസങ്ങളില്‍ സ്ഥലം മാറ്റിയതു മൂലം മുന്‍കൂട്ടി ബുക്കുചെയ്തിരുന്ന ശസ്ത്രക്രിയ നടക്കാത്തതു രോഗികളെ ദുരിതത്തിലാക്കി. നിലവില്‍ ജില്ലാ ആശുപത്രിയില്‍ രണ്ടു ജൂണിയര്‍ സര്‍ജന്‍മാര്‍ മാത്രമാണുള്ളത്. സീനിയര്‍ ഡോക്ടര്‍മാരെ മാറ്റുമ്പോള്‍ പുതിയ ഡോക്ടര്‍മാരെ നിയമിച്ചതിനുശേഷമായിരിക്കണമെന്ന് നിയമമുണ്ടെങ്കിലും ഇവിടെ ഇതൊന്നും പാലിച്ചിട്ടില്ല. ഗുരുതരമായ രോഗങ്ങള്‍ ബാധിച്ചു ശസ്ത്രക്രിയ നിര്‍ദേശിക്കപ്പെട്ട പലരോഗികളും ജില്ലാ ആശുപത്രിയിലാണ് ശസ്ത്രക്രിയ്ക്കു എത്തുന്നത്. ഡോക്ടര്‍മാര്‍ ഇല്ലാത്തതുമൂലം ഈ രോഗികള്‍ക്ക് ഇപ്പോള്‍ സ്വകാര്യ ആശുപത്രികളെ ആശ്രിയിക്കേണ്ട അവസ്ഥയാണ്. ഇതോടെ സര്‍ജറി വിഭാഗം അടച്ചുപൂട്ടേണ്ട അവസ്ഥയിലാണ്. സര്‍ജറി നടക്കാത്തതുമൂലം ആനസ്‌തേഷ്യ വിഭാഗത്തിലുള്ളവരും വെറുതെ ഇരിക്കുകയാണ്. മുന്‍കാലങ്ങളില്‍ ജില്ലാ ആശുപത്രിയുടെ ശസ്ത്രക്രിയ വിഭാഗം വളരെ നല്ല രീതിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതാണ്. ഏകദേശം ആറു ഡോക്ടര്‍മാരുടെ സേവനം ഇവിടെ ലഭ്യമായിരുന്നു. ഓരോ ഷെഡ്യൂളിലും ഡോക്ടര്‍മാര്‍ മാറി വരുന്നതുകൊണ്ടു എല്ലാ രോഗികള്‍ക്കും സേവനം എപ്പോഴും ലഭിച്ചിരുന്നു. ജില്ലാ ആശുപ്രതിയിലെ മറ്റുവിഭാഗങ്ങളുടെയും അവസ്ഥ ഇതുതന്നെയാണ്. 12 ഡോക്ടര്‍മാരെങ്കിലും വേണ്ട ഒപി വിഭാഗത്തില്‍, ഇപ്പോള്‍ രണ്ടു ഡോക്ടര്‍മാരാണുള്ളത്. ജോലിഭാരംമൂലം ഇവരും പലസമയങ്ങളിലും വരാറില്ല. മഴക്കാലമായതോടെ പനി ബാധിതര്‍ ഉള്‍പ്പെടെയുള്ളവരുടെ നല്ല തിരക്കാണ് ആശുപത്രിയില്‍.ഡോക്ടര്‍മാരുടെ കുറവു മൂലം പലരും ചികിത്സ കിട്ടാതെ മടങ്ങുകയാണ്. നല്ല രീതിയില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന സെക്രാട്രി വിഭാഗത്തിലും ഡോക്ടര്‍മാര്‍ ഇല്ല. നിലവിലുണ്ടായിരുന്ന ഡോക്ടര്‍മാര്‍ സ്ഥലം മാറിപ്പോയിട്ടു ഇതുവരെയും മാറ്റോരാളെ നിയമിക്കാന്‍ കഴിഞ്ഞിട്ടില്ല. നിലവിലുള്ള ഡോക്ടര്‍മാര്‍ അവധി എടുക്കുന്നതും രോഗികളെ ബുദ്ധിമുട്ടിലാക്കുന്നു. ആറുപേര്‍ വേണ്ട ഓര്‍ത്തോവിഭാഗത്തില്‍ നിലവിലുള്ളതു മൂന്നുപേര്‍മാത്രമാണ്. പീഡിയാട്രിക്കില്‍ ഒരു ദിവസം ശരാശരി 150 രോഗികളെത്തുന്നുണ്ട്. ഇവിടെ ആകെയുള്ളത് ഒരു ഫിസിഷനാണ്. രോഗികളെ പരിശോധിച്ചു കൊണ്ടിരിക്കുന്ന സമയത്തുതന്നെ ആരോഗ്യവകുപ്പിന്റെ അറിയിപ്പ് അനുസരിച്ച് വിഐപികള്‍ക്ക് അകമ്പടിയായി ഡോക്ടര്‍മാര്‍ പോകണമെന്ന നിര്‍ദേശം എത്തും. ചിലപ്പോള്‍ മൂന്നു ഡോക്ടര്‍മാര്‍ക്കു വരെ ഇത്തരം ഡ്യൂട്ടിക്കായി പോകേണ്ടി വരും. ഇതോടെ രോഗികളെ പരിശോധികാന്‍ ഇവിടെ ആരും ഇല്ലാത്ത അവസ്ഥയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.