അധ്യാപകനെ ആക്രമിച്ചതിന് പിന്നില്‍ പിള്ളയും മകനും - വി.എസ്

Thursday 29 September 2011 4:38 pm IST

തിരുവനന്തപുരം: ആര്‍.ബാലകൃഷ്ണപിള്ളയും മകന്‍ കെ.ബി ഗണേഷ് കുമാറുമാണ് അധ്യാപകനെ ആക്രമിച്ചതിന് പിന്നിലെന്ന് പ്രതിപക്ഷ നേതാവ്‌ വി.എസ്‌. അച്യുതാനന്ദന്‍ പറഞ്ഞു. ബാലകൃഷ്‌ണപിള്ള ജയിലില്ല, സ്വകാര്യ ആശുപത്രിയിലാണ്‌ കഴിയുന്നതെന്നും അതുകൊണ്ട് പിള്ളയ്ക്ക് ഗൂഢാലോചന നടത്താന്‍ സൌകര്യമുണ്ടെന്നും വി.എസ് പറഞ്ഞു. സ്കൂളിലെ മാനേജര്‍ എന്ന് പറയുന്ന ആള്‍ മുന്‍ മന്ത്രി ആര്‍. ബാലകൃഷ്ണപിള്ളയാണ്. മാനേജരുടെ മകന്‍ എന്ന് പറയുന്ന ആള്‍ ഇപ്പോഴത്തെ സര്‍ക്കാരിലെ ഒരു മന്ത്രിയാണ്. ഇവര്‍ രണ്ട് പേരും കൂടി ആലോചിച്ചാണ് ആക്രമണം നടത്തിയത്. ബാലകൃഷ്ണപിള്ള ജയിലിലാണെന്നാണ് വെയ്പ്. എന്നാല്‍ അദ്ദേഹം ഒരു ഫൈവ് സ്റ്റാര്‍ ആശുപത്രിയില്‍ സുഖ ചികിത്സയിലാണ്. ഇവിടെയിരുന്നാണ് അദ്ദേഹം ആക്രമണത്തിന് ഗൂഢാലോചന നടത്തിയത്. ഹെഡ്‌മിസ്ട്രസിന്റെ നിയമനം സംബന്ധിച്ചും അധ്യാപകന്റെ പ്രശ്നം സംബന്ധിച്ചുമുള്ള കേസില്‍ അവര്‍ക്ക് അനുകൂലമായി വിധി വരികയും ചെയ്തതിലുള്ള ശത്രുതയാണ് ആക്രമണത്തിന് പിറകിലുള്ളത്. ഇതിനായി ക്വട്ടേഷന്‍ സംഘത്തെ ചുമതലപ്പെടുത്തുകയും ചെയ്തുവെന്നും വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു. സംഭവത്തില്‍ നിഷ്‌പക്ഷമായ അന്വേഷണം നടക്കണമെന്നുണ്ടെങ്കില്‍ ഗണേഷ് കുമാര്‍ മന്ത്രിസ്ഥാനം രാജി വയ്ക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു.