ഹാഷിഷ്ഓയില്‍ കടത്ത്: നാലു പേര്‍ക്ക് പതിനാലുവര്‍ഷം കഠിന തടവും പിഴയും

Wednesday 23 July 2014 11:19 pm IST

തൊടുപുഴ: കോടികള്‍ വില വരുന്ന ഹാഷിഷ് ഓയില്‍ കടത്താന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ക്ക് 14 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപവീതം പിഴയും ശിക്ഷ വിധിച്ചു. വാളറ സ്വദേശികളായ താഴത്തെകുടി വാസുദേവന്‍ മകന്‍ ടി.വി. ജെനീഷ് (34), തട്ടാഴത്ത് അലിയാര്‍ മകന്‍ ഷെമീര്‍ (32), പറമ്പില്‍ വീട്ടില്‍ മുഹമ്മദ് മകന്‍ അസീസ് (40), വട്ടക്കഴുതയില്‍ മണിശങ്കു മകന്‍ ബിനേഷ് കുമാര്‍ എന്നിവരെ വാണിജ്യാടിസ്ഥാനത്തില്‍ ലഹരിമരുന്ന് കടത്തിയെന്ന വകുപ്പില്‍ തൊടുപുഴ എന്‍ഡിപിഎസ് പ്രത്യേക കോടതി ജഡ്ജി പി. മാധവന്‍ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി കഠിനതടവ് അനുഭവിക്കണം. ഒരു കിലോ നാന്നൂറ്റെഴുപത് ഗ്രാം (1.470) ഹാഷിഷ് ആണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്. 2009 ജൂലൈ 24ന് രാത്രി പന്ത്രണ്ടു മണിയോടുകൂടി തൊടുപുഴ പാലാ റോഡില്‍ വാഹന പരിശോധന നടത്തി വന്ന കോട്ടയം എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാര്‍കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബി. സുരേഷും പാര്‍ട്ടിയുമാണ് ഹാഷിഷ് ഓയില്‍ കണ്ടെടുത്തത്. തൊടുപുഴ ഭാഗത്ത് നിന്ന് വന്ന കെഎല്‍ 6ഡി. 252 രജിസ്‌ട്രേഷനുള്ള ആപേ ഓട്ടോറിക്ഷ പരിശോധനക്കായി കൈകാണിച്ചെങ്കിലും നിര്‍ത്താതെ പോയി. വാഹനത്തെ പിന്‍തുടര്‍ന്ന് പ്രവിത്താനം കവലയിലുള്ള കുരിശുപള്ളിക്കു മുന്‍വശം വെച്ച് തടഞ്ഞ് വാഹനം പരിശോധിച്ചപ്പോഴാണ് ഡാഷ് ബോര്‍ഡില്‍ ഒളിപ്പിച്ച നിലയിലാണ് ഹാഷിഷ് ഓയില്‍ കണ്ടെടുത്തത്. നാലാം പ്രതി ഡ്രൈവറായും ഒന്നു മുതല്‍ മൂന്നു വരെ പ്രതികള്‍ യാത്രക്കാരായുമാണ് വാഹനത്തില്‍ വന്നത്. കേസില്‍ ഇരുപത്തി മൂന്ന് സാക്ഷികളും ഇരുപത്തേഴ് രേഖകളും പ്രോസിക്യൂഷന്‍ ഹാജരാക്കി. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബഌക് പ്രോസിക്ക്യൂട്ടര്‍ പി. എച്ച്. ഹനീഫാ റാവുത്തര്‍ ഹാജരായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.