കുടുംബത്തിലെ നാലുപേര്‍ ആത്മഹത്യ ചെയ്തു

Wednesday 23 July 2014 11:24 pm IST

കൊടകര: ഒരു കുടുംബത്തിലെ നാലുപേരെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. മറ്റത്തൂര്‍ വാസുപുരത്താണ് സംഭവം. സ്വകാര്യ ബസ്സിലെ കണ്ടക്ടറായ കുറ്റിപ്പറമ്പില്‍ സുരേഷ്ബാബു (46) ഭാര്യ സജില (40) മകന്‍ ആദര്‍ശ് (16) മകള്‍ ദൃശ്യ (15) എന്നിവരാണ് മരിച്ചത്. ഗുരുതരാവസ്ഥയില്‍ തൃശ്ശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ആദര്‍ശ് ഇന്നലെ രാത്രി വൈകിയാണ് മരിച്ചത്. രാവിലെ കിടപ്പുമുറിയില്‍ നിന്നും ഞരക്കം കേട്ട് വൃദ്ധരായ അച്ഛനും അമ്മയും ചെന്ന് നോക്കിയപ്പോഴാണ് ഗുരുതരാവസ്ഥയിലായ ആദര്‍ശിനെയും മരിച്ച നിലയില്‍ മറ്റു മൂന്നു പേരെയും കണ്ടത്. സുരേഷ്ബാബു ബെഡ് റൂമിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയിലും ഭാര്യയും മകളും തറയില്‍ വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയിലുമാന്മായിരുന്നു. ഇവര്‍ക്കരികില്‍ അബോധാവസ്ഥയില്‍ കിടക്കുകയായിരുന്നു ആദര്‍ശ്. കുട്ടിയെ നാട്ടുകാര്‍ ഉടന്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഇരിഞ്ഞാലക്കുട വെള്ളിക്കുളങ്ങര റൂട്ടിലോടുന്ന സ്വകാര്യ ബസ്സിലെ കണ്ടക്ടറായിരുന്നു മരിച്ച സുരേഷ്ബാബു. മകള്‍ ദൃശ്യ കൊടകര ഡോണ്‍ ബോസ്‌കോ സ്‌കൂളിലെ പത്താംതരം വിദ്യാര്‍ഥിനിയാണ്.കൊടകര സി.ഐ. കെ.സുമേഷ്, എസ്.ഐ. കെ.കെ.ഷണ്മുഖന്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹങ്ങള്‍ പോസ്‌റ്‌മോര്‍ട്ടത്തിനായി തൃശൂര്‍ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. കട ബാദ്ധ്യതയാണ് ജീവനൊടുക്കാന്‍ കാരണമെന്നാണ് സൂചന.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.