ചിന്താരത്‌നം; ജ്ഞാനാഗ്നി

Thursday 24 July 2014 9:28 pm IST

ദേഹം കൈക്കൊണ്ടിട്ടുള്ള മുക്തിയും മൂന്നുണ്ടല്ലോ ദേഹികള്‍ക്കതു ജീവന്‍മുക്തിയെന്നറിഞ്ഞാലും ദേഹമുക്തിയും, ജീവമുക്തിയുമെന്നുണ്ടതില്‍ ദേഹമുക്തിക്കു പുനര്‍ജ്ജന്മമില്ലറിഞ്ഞാലും കര്‍മ്മബന്ധനം ബന്ധം, ബന്ധമോചനം മുക്തി; കര്‍മ്മനാശം വന്നെന്നാല്‍ ജന്മനാശവും വരും. കര്‍മ്മത്തിനുടെ ബീജമായതജ്ഞാനമതു നിര്‍മ്മൂലം നശിപ്പിപ്പാന്‍ ജ്ഞാനാഗ്നിയുണ്ടാകേണം. നിര്‍മ്മലമായോരാത്മജ്ഞാനംകൊണ്ടനാദിയാം കര്‍മ്മബീജമാമജ്ഞാനം നശിച്ചീടുന്നേരം ബ്രഹ്മതല്‍പ്പരത്വവും, ജ്ഞാനവുമുണ്ടാം പിന്നെ കര്‍മ്മബന്ധനമവര്‍ക്കെന്നുമേയുണ്ടായ് വരാ. ആശയം- ശരീരത്തിനു ലഭിക്കുന്ന മുക്തി മൂന്നുവിധത്തിലുണ്ട്. ദേഹികള്‍ക്കുള്ളത് ജീവന്‍മുക്തിയാണ്. ദേഹമുക്തിയും ജീവന്‍മുക്തിയുമുള്ളതില്‍  ദേഹമുക്തി ലഭിച്ചാല്‍  പിന്നെ  പുനര്‍ജന്മമില്ല. ഇതിനെ വിദേഹമുക്തി എന്നു പറയുന്നു.കര്‍മ്മബന്ധം കൊണ്ടാണ് ശരീരമുണ്ടാകുന്നത്. അതുകൊണ്ടാണ് കര്‍മ്മബന്ധത്തെ ബന്ധനം എന്നു പറയുന്നത്. കര്‍മ്മബന്ധനം അവസാനിച്ചാല്‍ ആത്മാവ് സ്വതന്ത്രനായി. പിന്നെ ശരീരം സ്വീകരിച്ച് ജനിക്കേണ്ടതില്ല. ഇതുതന്നെ മോക്ഷം. കര്‍മ്മത്തിന്റെ മൂലകാരണം അജ്ഞാനമാണ്. അജ്ഞാനത്തെ വേരോടെ നശിപ്പിക്കാന്‍ ജ്ഞാനാഗ്നി ജ്വലിപ്പിക്കണം.അതില്‍ അജ്ഞാനം ഭസ്മമായിപ്പോകും. അപ്പോള്‍ അവര്‍ക്ക് ബ്രഹ്മത്തെപ്രാപിക്കണമെന്നുള്ള താല്പര്യമുണ്ടാകും. ബ്രഹ്മചിന്തയുണ്ടാകുമ്പോള്‍ യഥാര്‍ത്ഥ ആത്മജ്ഞാനം ലഭിക്കും. ആത്മജ്ഞാനിക്ക് ഒരിക്കലും കര്‍മ്മബന്ധനമുണ്ടാകുന്നതേയില്ല. തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍ വ്യാഖ്യാനം : സ്വാമി സുകുമാരാനന്ദ (ആനന്ദാശ്രമം)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.