സുപ്രീം കോടതി വിധി; ജുഡീ. കമ്മീഷന് കോടതിയലക്ഷ്യ നടപടിക്ക് അധികാരമില്ല

Thursday 24 July 2014 10:56 pm IST

ന്യൂദല്‍ഹി: ജുഡീഷ്യല്‍ കമ്മീഷനുകള്‍ക്കും ട്രിബ്യൂണലുകള്‍ക്കും,അവയുടെ തലപ്പത്ത് സുപ്രീം കോടതി സിറ്റിംഗ് ജഡ്ജിമാരാണെങ്കില്‍ പോലും, കോടതിയലക്ഷ്യ നടപടികള്‍ കൈക്കൊള്ളാന്‍ അധികാരമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.ദൂരവ്യാപകവും നിര്‍ണ്ണായകവുമായ ഫലമുളവാക്കുന്നതാണീ വിധി. ചീഫ് ജസ്റ്റീസ് ആര്‍എം ലോധയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ്  ഈ വിധി പുറപ്പെടുവിച്ചത്. ഇത്തരമൊരു കേസില്‍ നിന്ന് പ്രശസ്ത പത്രപ്രവര്‍ത്തകനും ബിജെപി നേതാവുമായ അരുണ്‍ ഷൂറിയെ കോടതി ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. കര്‍ണ്ണാടക മുഖ്യമന്ത്രിയായിരുന്ന രാമകൃഷ്ണ ഹെഗ്‌ഡെയ്ക്ക് എതിരായ അഴിമതിക്കേസ് അനേ്വഷിച്ച ജസ്റ്റീസ് കുല്‍ദീപ് സിംഗ് കമ്മീഷനെ അതിരൂക്ഷമായി വിമര്‍ശിച്ച് 1990 ആഗസ്റ്റ് 13ന് ഷൂറി എഡിറ്റോറിയല്‍ എഴുതിയിരുന്നു. ഇത് കോടതിയലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടി അതേ വര്‍ഷം ആഗസ്റ്റ് 28ന് സുബ്രഹ്മണ്യന്‍ സ്വാമി കേസ് നല്‍കി. കമ്മീഷന്റെ തലപ്പത്ത് സുപ്രീം കോടതി സിറ്റിംഗ് ജഡ്ജിയാണെന്നും സ്വാമി ചൂണ്ടിക്കാട്ടിയിരുന്നു.എഡിറ്റോറിയല്‍ കോടതിയലക്ഷ്യമാണെന്നായിരുന്നു അന്ന് അറ്റോര്‍ണി ജനറലായിരുന്ന  സോളി സൊറാബ്ജി അന്നത്തെ ചീഫ് ജസ്റ്റീസ് സവ്യസാചി മുഖര്‍ജിക്ക് ഉപദേശം നല്‍കിയത്. തുടര്‍ന്ന് കോടതി അലക്ഷ്യ നടപടി എടുക്കാതിരിക്കാന്‍ കാരണം കാണിക്കാന്‍ പറഞ്ഞ് കോടതി ഷൂരിയുടെ  മറുപടി തേടി. കേസ് എട്ടു കൊല്ലം അങ്ങനെ കിടന്നു.98ല്‍ കേസ് ഭരണഘടനാ ബെഞ്ചിന് കൈമാറി.ഇതിലാണ് ഇപ്പോള്‍ വിധി വന്നത്. ജുഡീഷ്യല്‍ കമ്മീഷനും  അന്വേഷണ ട്രിബ്യൂണലുകളും സര്‍ക്കാരുകളെ സഹായിക്കാനുള്ള, നിജസ്ഥിതി കണ്ടെത്താനുള്ള സമിതി മാത്രമാണ്. അതിന്റെ തലപ്പത്ത് സുപ്രീം കോടതി സിറ്റിംഗ് ജഡ്ജി വന്നതുകൊണ്ടു മാത്രം അത് ഒരു നീതിന്യായക്കോടതിയുടെ ഭാഗമാകുന്നില്ല. കോടതി നിരീക്ഷിച്ചു. കമ്മീഷന് ബന്ധപ്പെട്ട വിഷയത്തില്‍ തീരുമാനമെടുക്കേണ്ടതില്ല.അത്തരം അധികാരങ്ങളുമില്ല.അവയുടെ ശുപാര്‍ശ സ്വീകരിക്കാനോ കമ്മീഷന്റെ കണ്ടെത്തലിന്മേല്‍ നടപടി എടുക്കാനോ സര്‍ക്കാരിന് ഒരു ബാധ്യതയുമില്ല.  കമ്മീഷന്‍ നടപടികള്‍ക്ക് നിയമ സ്വഭാവമുള്ളതു കൊണ്ടോ സത്യപ്രതിജ്ഞ ചൊല്ലിക്കാന്‍ അധികാരമുള്ളതു കൊണ്ടോ മാത്രം അവയ്ക്ക് കോടതിയുടെ പദവി നല്‍കാനുമാവില്ല.അതിനാല്‍ 1952 ലെ അന്വേഷണ കമ്മീഷന്‍ നിയമപ്രകാരം നിയമിക്കുന്ന കമ്മീഷനുകള്‍ക്ക്, തലപ്പത്ത് സുപ്രീം കോടതി സിറ്റിംഗ് ജഡ്ജിയാണെങ്കിലും, കോടതിയലക്ഷ്യ നിയമപ്രകാരം നടപടിക്ക അധികാരമില്ല. കോടതി വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.