പൂമുറ്റത്തെ പൂന്തോട്ടമുണ്ടാക്കാന്‍

Friday 25 July 2014 8:54 pm IST

ഗാര്‍ഡനിംഗിനെക്കുറിച്ചല്ല, ഗാര്‍ഡിയന്‍മാരേക്കാള്‍ ഗൗരവത്തോടെ കുട്ടികളെ പരിചരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന അങ്കണവാടികളെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. കുട്ടികള്‍ പൂക്കള്‍ വിരിയുന്ന ചെടികളാണ്. അവയെ ഒരു തോട്ടക്കാരന്‍ സംരക്ഷിക്കുംപോലെ സംരക്ഷിക്കപ്പെടുന്നയിടമെന്നാണ് അങ്കണവാടികള്‍ എന്ന സങ്കല്‍പ്പത്തിനാധാരമായത്. പക്ഷെ കുട്ടികളെ വൈകിട്ടു വരെ സമയം കൊല്ലാന്‍ അയക്കുന്ന പ്രാദേശിക കേന്ദ്രങ്ങളെന്ന നിലയിലാണ് ഇന്ന് അങ്കണവാടികള്‍. അവയുടെ പുന:സൃഷ്ടിയും രൂപീകരണവും രാജ്യഭാവിയെക്കുറിച്ച് ഉത്കണ്ഠയുള്ള ഒരു സര്‍ക്കാരിന് പ്രത്യേക കരുതലുണ്ടാവും, ഉണ്ടാവണം. നമ്മുടെ കുട്ടികള്‍ പഠിച്ചും കളിച്ചും വളരുന്ന അങ്കണവാടികളുടെ സുരക്ഷിതത്വത്തെക്കുറിച്ച് ആരെങ്കിലും എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? കേരളത്തില്‍ മാത്രമല്ല ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലേയും അങ്കണവാടികളുടെ അവസ്ഥ പരിതാപകരമാണെന്നത് ഒരു വസ്തുത മാത്രമല്ല യാഥാര്‍ത്ഥ്യം കൂടിയാണ്. കേരളത്തിലെ സുരക്ഷിതമല്ലാത്ത അങ്കണവാടികള്‍ ഒഴിപ്പിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ മാസം ഉത്തരവിട്ടിരുന്നു. ഉത്തരവ് നടപ്പായാല്‍ കേരളത്തിലെ 15,000-ത്തിനുമേല്‍ അങ്കണവാടികള്‍ പൂട്ടേണ്ടിവരും. ആകെ 33,000 അങ്കണവാടികളാണ് കേരളത്തിലുള്ളത്. സുരക്ഷിതമല്ലാത്ത കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അങ്കണവാടികള്‍ ഒഴിപ്പിക്കണമെന്നും ഇവ സുരക്ഷിതമായ സാഹചര്യങ്ങളിലേക്ക് മാറ്റണമെന്നും സാമൂഹ്യനീതി വകുപ്പ് പഞ്ചായത്തുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. സര്‍ക്കാര്‍ ഉത്തരവുപ്രകാരം അങ്കണവാടികള്‍ പൂട്ടേണ്ടി വരുമ്പോള്‍ വഴിയാധാരമാകുന്നത് ഒരുകൂട്ടം വര്‍ക്കര്‍മാരായിരിക്കും. കേരളത്തിലെ സ്ഥിതി ഇതാണെങ്കില്‍ മറ്റ് സംസ്ഥാനങ്ങളിലെ അവസ്ഥ എന്തായിരിക്കും. താല്‍ക്കാലികമായും, സ്ഥിരമായും അങ്കണവാടികളില്‍ ജോലി ചെയ്യുന്നത് നിരവധി സ്ത്രീകളാണ്. അങ്കണവാടികളുടെ പ്രശ്‌നത്തില്‍ പരിഹാരം കണ്ടെത്തേണ്ടത് സാമൂഹ്യ നീതി വകുപ്പാണെന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണെന്നും ഇരുകൂട്ടരും പരസ്പരം പഴിചാരുകയാണ്. ഇത് കേരളത്തിലെ മാത്രം അവസ്ഥയാണ്... സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിനും സുരക്ഷിതത്വത്തിനും പരിഗണന നല്‍കിക്കൊണ്ടുള്ള മികച്ച പദ്ധതികളാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവെക്കുന്നത്. കേന്ദ്ര വനിതാ-ശിശുക്ഷേമ മന്ത്രാലയത്തിന്റെ കീഴിലുള്ള ഇത്തരം പദ്ധതികള്‍ സമൂഹത്തിന് ഊര്‍ജ്ജം പകരുന്നതും ഗുണകരമാകുന്നതുമാണ്. അത്തരത്തില്‍ വനിതാ-ശിശുക്ഷേമ മന്ത്രാലയത്തിന്റെ കീഴില്‍ നടപ്പാക്കുന്ന പുതിയ പദ്ധതിയാണ് രാജ്യത്തെ അങ്കണവാടികളുടെ നിര്‍മ്മാണവും- പുനരുദ്ധാരണവും. 12-ാം പഞ്ചവത്സരപദ്ധതിയിലൂടെ രാജ്യത്ത് രണ്ട് ലക്ഷം അങ്കണവാടികള്‍ നിര്‍മ്മിച്ചു നല്‍കുമെന്ന് കേന്ദ്ര വനിതാ-ശിശുക്ഷേമ മന്ത്രി മനേകാഗാന്ധി കഴിഞ്ഞദിവസം രാജ്യസഭയെ അറിയിച്ചു. പ്രശ്‌നപരിഹാരം കണ്ടെത്താതെ പരസ്പരം പഴിചാരുന്നവര്‍ക്കുള്ള ഒരു മറുപടി കൂടിയാണ് ഈ പദ്ധതി. ''റീ-കണ്‍സ്ട്രക്ടിംഗ് ആന്റ് റീ-സ്ട്രക്ചറിംഗ് ഐസിഡിഎസ്'' എന്ന പദ്ധതിയിലൂടെയാണ് രണ്ട് ലക്ഷം അങ്കണവാടികള്‍ പുതുതായി നിര്‍മ്മിച്ചു നല്‍കുന്നത്. പുതിയ കെട്ടിടങ്ങള്‍ക്കു പുറമെ ദുര്‍ബ്ബലമായ കെട്ടിടങ്ങളുടെ പുനരുദ്ധാരണത്തിനും ബജറ്റില്‍ തുക നീക്കിവെച്ചിട്ടുണ്ട്. പദ്ധതി നടപ്പാക്കുന്നതോടെ അങ്കണവാടി മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനും പുതിയ നിയമനങ്ങള്‍ നടപ്പാക്കാനും കഴിയും. തൊഴില്‍ രഹിതരായ സ്ത്രീകള്‍ക്ക് പദ്ധതി വലിയൊരു ആശ്വാസവുമാകും. ഓരോ യൂണിറ്റുകളുടെയും നിര്‍മ്മാണത്തിന് 4.5 ലക്ഷം ചെലവാകുമെന്നാണ് വിലയിരുത്തല്‍. ആദ്യ ഘട്ടമെന്ന നിലയില്‍ 72334.01 ലക്ഷം രൂപ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കുമായി നല്‍കാനുള്ള ഉത്തരവും പുറപ്പെടുവിച്ചു കഴിഞ്ഞു. ഒഡീഷയില്‍ 5556 അങ്കണവാടി കെട്ടിടങ്ങള്‍ ഉള്‍പ്പെടെ 44709 കെട്ടിടങ്ങള്‍ സംസ്ഥാനങ്ങള്‍ക്കുമാത്രമായി നിര്‍മ്മിച്ചു നല്‍കാനാണ് നിര്‍ദ്ദേശം. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കും, കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും തുക നീക്കിവെച്ചിട്ടുണ്ട്. എംപി ഫണ്ട്, എംഎല്‍എ ഫണ്ട്, ഗ്രാമീണ വികസന ഫണ്ട്, പിന്നാക്ക വിഭാഗ ഗ്രാന്റ് , പഞ്ചായത്തീരാജ് ഇന്‍സ്റ്റിറ്റിയൂഷന്‍, ഫിനാന്‍സ് കമ്മീഷന്‍ എന്നിവയിലൂടെയായിരിക്കും നിര്‍മ്മാണത്തിനുള്ള തുക ലഭ്യമാകുക. ഇന്ത്യയില്‍ 30 ശതമാനം അങ്കണവാടി കെട്ടിടങ്ങളും പ്രവര്‍ത്തിക്കുന്നത് സ്വന്തം കെട്ടിടങ്ങളിലാണെങ്കിലും ബാക്കിവരുന്നവ പഞ്ചായത്തിന്റെയോ, അങ്കണവാടി വര്‍ക്കര്‍മാരുടെയോ, ഹെല്‍പ്പര്‍മാരുടെയോ വീടുകളിലും, സ്‌കൂള്‍ കെട്ടിടങ്ങളിലും മറ്റ് സ്വകാര്യ കെട്ടിടങ്ങളിലുമാണ് പ്രവര്‍ത്തിക്കുന്നത്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ അനുവദിക്കുന്ന 200 രൂപ വാടക നല്‍കിയും പ്രവര്‍ത്തിക്കുന്ന അങ്കണവാടികളുണ്ട്. കുട്ടികളുടെ ആരോഗ്യപരവും വിദ്യാഭ്യാസപരവുമായ വികാസത്തിന് തുടക്കം കുറിക്കുന്നത് അങ്കണവാടികളില്‍ നിന്നാണ്. മികച്ച സൗകര്യങ്ങളും ശുചിയായ അന്തരീക്ഷവും ഒരു പരിധി വരെ കുട്ടികളുടെ വളര്‍ച്ചയെയും വിദ്യാഭ്യാസത്തെയും സ്വാധീനിക്കും. കുട്ടികളുടെ ക്ഷേമത്തേയും വികാസത്തേയും മുന്‍നിര്‍ത്തിക്കൊണ്ടുള്ള കേന്ദ്രസര്‍ക്കാരിന്റെ ഈ പദ്ധതി പുതിയൊരു വഴിത്തിരിവാകും... ശ്യാമ ഉഷ

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.