കോണ്‍ഗ്രസിന് പ്രതിപക്ഷ നേതൃസ്ഥാനമില്ല

Saturday 26 July 2014 11:05 am IST

ന്യൂദല്‍ഹി: കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ലോക്‌സഭയിലെ പ്രതിപക്ഷ നേതൃപദവി നല്‍കേണ്ടതില്ലെന്ന് സ്പീക്കര്‍ക്ക് നിയമോപദേശം. 543 അംഗ സഭയില്‍ 44 എംപിമാര്‍ മാത്രമുള്ള കോണ്‍ഗ്രസിന് ഔദ്യോഗിക പ്രതിപക്ഷ സ്ഥാനത്തിന് അര്‍ഹതയില്ലെന്ന് അറ്റോര്‍ണി ജനറല്‍ മുകുള്‍ രോഹത്തി നല്‍കിയ നിയമോപദേശത്തില്‍ പറയുന്നു. ലോക്‌സഭയിലെ ആകെ അംഗങ്ങളുടെ പത്തുശതമാനമുള്ള പാര്‍ട്ടിക്ക് മാത്രമേ ഔദ്യോഗിക പ്രതിപക്ഷ പദവി നല്‍കാവൂ എന്ന ആദ്യലോക്‌സഭാ സ്പീക്കര്‍ ഗണേശ് വാസുദേവ് മാവ്‌ലറിന്റെ പ്രസ്താവനയും നിയമോപദേശത്തോടൊപ്പം അറ്റോര്‍ണി ജനറല്‍ സ്പീക്കര്‍ സുമിത്ര മഹാജന് കൈമാറിയിട്ടുണ്ട്. സഭയില്‍ 55 അംഗങ്ങളുള്ള പാര്‍ട്ടിക്കു മാത്രമേ പ്രതിപക്ഷ പദവി നല്‍കാവൂ എന്ന നിയമോപദേശം ലഭിച്ച സാഹചര്യത്തില്‍ ഇക്കാര്യത്തിലുള്ള കോണ്‍ഗ്രസിന്റെ പ്രതീക്ഷകള്‍ അവസാനിച്ചു. ഇതോടെ പ്രതിപക്ഷ നേതൃപദവിക്കായി കോണ്‍ഗ്രസ് സുപ്രീംകോടതിയെ സമീപിക്കുമെന്നാണ് സൂചന. നിയമവിദഗ്ധരുടെത് അവസാനവാക്കല്ലെന്നും ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയായ കോണ്‍ഗ്രസാണ് പ്രതിപക്ഷത്തിരിക്കേണ്ടതെന്നും കോണ്‍ഗ്രസ് നേതൃത്വം പ്രതികരിച്ചിട്ടുണ്ട്. 1979 മുതല്‍ 1989 വരെയുള്ള പത്തുവര്‍ഷക്കാലം ലോക്‌സഭയില്‍ ഔദ്യോഗിക പ്രതിപക്ഷ സ്ഥാനം ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും ലഭിച്ചിരുന്നില്ല. ആദ്യ ലോക്‌സഭ മുതല്‍ 1969വരെയും ലോക്‌സഭയില്‍ പ്രതിപക്ഷ നേതൃപദവി കോണ്‍ഗ്രസ് ആര്‍ക്കും നല്‍കിയിരുന്നില്ല. കോണ്‍ഗ്രസിലെ പിളര്‍പ്പിനെ തുടര്‍ന്ന് 1969ല്‍ രാംസുബഹ് സിങ് ഇന്ത്യയിലെ ആദ്യ ഔദ്യോഗിക പ്രതിപക്ഷ നേതാവാകുന്നതുവരെ കോണ്‍ഗ്രസ് ആ സ്ഥാനം ആര്‍ക്കും നല്‍കിയിട്ടില്ല. സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ പകുതിയിലേറെ വര്‍ഷവും ആര്‍ക്കും നല്‍കാതിരുന്ന ഔദ്യോഗിക പ്രതിപക്ഷ പദവിക്കുവേണ്ടിയാണ് കോണ്‍ഗ്രസ് അലമുറയിടുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് രൂപീകരിച്ച യുപിഎ സഖ്യത്തിന് 59 എംപിമാരുടെ പിന്തുണയുണ്ടെന്നും സഖ്യത്തെ ഒറ്റക്കക്ഷിയായി പരിഗണിക്കണമെന്നുമുള്ള വിചിത്ര ആവശ്യവും കോണ്‍ഗ്രസ് സ്പീക്കര്‍ക്ക് മുന്നില്‍ വെച്ചിരുന്നു. ഇതോടെ 37 അംഗങ്ങളുള്ള എഐഎഡിഎംകെയും 34 അംഗങ്ങളുള്ള തൃണമൂല്‍ കോണ്‍ഗ്രസും ഒരുമിച്ച് ചേര്‍ന്ന് പ്രതിപക്ഷ സ്ഥാനം ആവശ്യപ്പെടുമെന്നും വാര്‍ത്തകളുണ്ടായിരുന്നു. ഔദ്യോഗിക നേതൃപദവി കോണ്‍ഗ്രസിന് നല്‍കണമെന്നാവശ്യപ്പെട്ട് സ്പീക്കര്‍ സുമിത്രാ മഹാജന് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി കത്തുനല്‍കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യത്തില്‍ നിയമോപദേശം തേടാന്‍ സ്പീക്കര്‍ തീരുമാനിച്ചത്. കോണ്‍ഗ്രസിന് ഔദ്യോഗിക പ്രതിപക്ഷ പദവി നല്‍കേണ്ടതില്ലെന്നാണ് ബിജെപിയുടേയും കേന്ദ്രസര്‍ക്കാരിന്റേയും നിലപാട്. കേന്ദ്രപാര്‍ലമെന്ററി കാര്യമന്ത്രി വെങ്കയ്യ നായിഡു ഇക്കാര്യം നിരന്തരം ആവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്. എ.ബി വാജ്‌പേയി പ്രധാനമന്ത്രിയായിരുന്ന കാലത്ത് പ്രതിപക്ഷ നേതൃപദവി സംബന്ധിച്ച തീരുമാനം സ്പീക്കറുടെ വിവേചനാധികാരമാണെന്ന് ഭേദഗതി ഉണ്ടാക്കിയിരുന്നു. എന്നാല്‍ കോണ്‍ഗ്രസിന് പ്രതിപക്ഷ പദവി നല്‍കേണ്ടതില്ലെന്ന നിയമോപദേശം ലഭിച്ച സാഹചര്യത്തില്‍ പതിനാറാം ലോക്‌സഭയില്‍ ഔദ്യോഗിക പ്രതിപക്ഷ പാര്‍ട്ടി ഉണ്ടാകില്ലെന്ന് ഉറപ്പായി. സ്വന്തം ലേഖകന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.