പെന്റഗണും ക്യാപ്പിറ്റോളും ആക്രമിക്കാന്‍ വീണ്ടും പദ്ധതി; ഒരാള്‍ അറസ്റ്റില്‍

Thursday 29 September 2011 9:57 pm IST

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രതിരോധ ആസ്ഥാനമായ പെന്റഗണും പാര്‍ലമെന്റായ ക്യാപിറ്റോളും ആക്രമിക്കാന്‍ പദ്ധതിയിട്ട യുവാവ്‌ അറസ്റ്റിലായി. അല്‍ ഖ്വയ്ദ അനുകൂലിയായ അമേരിക്കന്‍ പൗരന്‍ റസ്‌വാന്‍ ഫെര്‍ഡോസ്‌ (26) ആണ്‌ പിടിയിലായത്‌. വിദൂര നിയന്ത്രിത എയര്‍ക്രാഫ്റ്റ്‌ ഉപയോഗിച്ച്‌ പെന്റഗണും കാപ്പിറ്റോളും തകര്‍ക്കുകയായിരുന്നു പദ്ധതി.
വിദേശരാജ്യങ്ങളില്‍ ജോലിചെയ്യുന്ന അമേരിക്കന്‍ സൈനികര്‍ക്കുനേരെ അക്രമം നടത്താന്‍ ഭീകരവാദസംഘടനകള്‍ക്ക്‌ ഇയാള്‍ സ്ഫോടകവസ്തുക്കളുംമറ്റും എത്തിച്ചുകൊടുത്തിരുന്നതായി അറസ്റ്റിനുശേഷം യുഎസ്‌ അന്വേഷണ ഏജന്‍സിയായ എഫ്ബിഐ അറിയിച്ചു.
ജിപിഎസ്‌ സംവിധാനത്തോടെ നിയന്ത്രിക്കാന്‍ കഴിയുന്ന ചെറിയ എയര്‍ക്രാഫ്റ്റ്‌ ഉപയോഗിച്ച്‌ ആക്രമണം നടത്താനുള്ള പദ്ധതിക്ക്‌ ഫെര്‍ഡോസ്‌ തുടക്കംകുറിച്ചത്‌ ഈവര്‍ഷം ജനുവരിയിലാണ്‌. പെന്റഗണ്‍ മാത്രമായിരുന്നു ആദ്യഘട്ടത്തില്‍ ആക്രമണലക്ഷ്യം. ഏപ്രിലില്‍ ക്യാപിറ്റോള്‍കൂടി ആക്രമണപട്ടികയില്‍പ്പെടുത്തി. മൂന്ന്‌ വിമാനങ്ങളില്‍ സ്ഫോടകവസ്തുക്കള്‍ നിറച്ച്‌ ഒരേസമയം ആക്രമണം നടത്തുകയെന്നതായിരുന്നു പദ്ധതി. താന്‍ ഉള്‍പ്പെടെ ആര്‍പേര്‍ പദ്ധതിയില്‍ പങ്കാളികളാകുമായിരുന്നുവെന്ന്‌ ഫെര്‍ഡോസ്‌ പോലീസിനോട്‌ പറഞ്ഞു.
ആക്രമണപദ്ധതി ആവിഷ്കരിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ മെയില്‍ ഫെര്‍ഡോസ്‌ ബോസ്റ്റണില്‍നിന്ന്‌ വാഷിംഗ്ടണിലെത്തുകയും പെന്റഗണിന്റെയും ക്യാപിറ്റോളിന്റെയും ചിത്രങ്ങള്‍ എടുക്കുകയും ചെയ്തിരുന്നു. വിമാനങ്ങള്‍ ഫോട്ടോമാറ്റ്‌ പാര്‍ക്കില്‍ പാര്‍ക്ക്‌ ചെയ്ത്‌ സ്ഫോടകവസ്തുക്കള്‍ നിറക്കാനായിരുന്നു പരിപാടി. പാര്‍ക്കിന്റെ ചിത്രങ്ങളും പകര്‍ത്തിയിരുന്നു.
നോര്‍ത്ത്‌ ഈസ്റ്റേണ്‍ സര്‍വകലാശാലയില്‍നിന്ന്‌ ഊര്‍ജതന്ത്രത്തില്‍ ബിരുദം നേടിയ ഫെര്‍ഡോസ്‌ 2009 മുതല്‍ ഭീകരവാദബന്ധം പുലര്‍ത്തിവരുന്നതായി പോലീസിന്‌ വിവരം ലഭിച്ചിട്ടുണ്ട്‌. അമേരിക്കക്കെതിരായ 'ജിഹാദ്‌' അല്ലാതെ തനിക്ക്‌ വേറെ വഴിയില്ലെന്ന നിലപാടിലാണ്‌ പിടിയിലായ ശേഷവും ഈ ഭീകരവാദി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.