പോലീസ്‌ പിടികൂടിയ ശ്രീലങ്കക്കാര്‍ക്ക്‌ മനുഷ്യക്കടത്തുമായി ബന്ധമുണ്ടെന്ന്‌ സൂചന

Thursday 29 September 2011 10:47 pm IST

ആലുവ: റൂറല്‍ ജില്ലയില്‍ വിവിധ കേന്ദ്രങ്ങളില്‍നിന്ന്‌ പോലീസ്‌ പിടികൂടിയ ശ്രീലങ്കക്കാരായ ചിലര്‍ക്ക്‌ മനുഷ്യക്കടത്ത്‌ റാക്കറ്റുമായി ബന്ധമുണ്ടെന്ന്‌ സൂചന. തമിഴ്‌നാട്‌ ഇന്റലിജന്‍സ്‌ വിഭാഗമായ ക്യു ബ്രാഞ്ച്‌ എസ്പി രഘുനാഥന്‍ റൂറല്‍ എസ്പി ഹര്‍ഷിത അത്തല്ലൂരിയുമായി നടത്തിയ ചര്‍ച്ചയിലാണ്‌ ഇക്കാര്യം വെളിപ്പെടുത്തിയത്‌. ശ്രീലങ്കക്കാരെ പാര്‍പ്പിച്ചിരുന്ന കളമശ്ശേരി എആര്‍ ക്യാമ്പിലാണ്‌ തമിഴ്‌നാട്‌-കേരള പോലീസ്‌ ഉന്നത ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തിയത്‌. ശ്രീലങ്കക്കാരില്‍നിന്നും എസ്പി രഘുനാഥന്‍ മൊഴിയെടുത്തു. ശ്രീലങ്കക്കാരായ ആര്‍ക്കും എല്‍ടിടിഇയുമായി നേരിട്ട്‌ ബന്ധമില്ലെന്ന്‌ പോലീസ്‌ പറഞ്ഞു. ജാഫ്നയില്‍ നിന്നുമെത്തിയതിനാല്‍ ഇവരുടെ അടുത്ത ബന്ധുക്കളാരെങ്കിലും എല്‍ടിടിഇയുമായി ബന്ധം പുലര്‍ത്തിയിരുന്നോയെന്ന്‌ അന്വേഷിക്കുന്നുണ്ട്‌. കേരളത്തിലെത്തിയ ശ്രീലങ്കക്കാരെല്ലാവരും ചെന്നൈ മറീന ബീച്ചിന്‌ സമീപമുള്ള അഭയാര്‍ത്ഥി ക്യാമ്പില്‍നിന്നുള്ളവരാണെന്ന്‌ സ്ഥിരീകരിച്ചിട്ടുണ്ട്‌. അറസ്റ്റിലായവരൊഴികെയുള്ള ശ്രീലങ്കക്കാരെ കേരളാ പോലീസിന്റെ കാവലില്‍ അഭയാര്‍ത്ഥി ക്യാമ്പിലേക്ക്‌ കൊണ്ടുപോകും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.