ക്വാറിക്കെതിരെ സമരം;നടപടിക്ക് നീക്കം, നിരവധി പേര്‍ പാര്‍ട്ടിവിട്ടു

Sunday 27 July 2014 1:05 am IST

തൃശൂര്‍: ക്വാറിക്ക് എതിരെ സമരത്തിനിറങ്ങിയവര്‍ക്കെതിരെ നടപടിക്ക് നീക്കം. മണ്ണുത്തി ഏരിയാകമ്മിറ്റിക്ക് കീഴിലുള്ള  മാടക്കത്തറ ലോക്കല്‍ കമ്മിറ്റിയിലെ നിരവധി പേര്‍ സിപിഎം  വിട്ടു. നാലു  ലോക്കല്‍ കമ്മിറ്റിയംഗങ്ങളും 2 ബ്രാഞ്ച് സെക്രട്ടറിമാരും 32  പാര്‍ട്ടി അംഗങ്ങളുമാണ് രാജിവെച്ചത്. ഇതില്‍ രണ്ട് ഗ്രാമ പഞ്ചായത്ത് അംഗങ്ങളും ഉള്‍പ്പെടും.നേതൃത്വത്തിന് സുചന പോലും നല്‍കാതെ രാജിവെച്ചത്  നേതൃത്വത്തെ ഞെട്ടിച്ചിരിക്കയാണ്. ലോക്കല്‍ കമ്മിറ്റിയംഗവും മണ്ണുത്തി ഏരിയതോഴിലാളി ക്ഷേമ  സഹകരണ സംഘം പ്രസിഡണ്ടുമായ  ആലുക്കഅശോകന്‍, സിഐടിയു പഞ്ചായത്ത് സെക്രട്ടറിയും വെള്ളാനിക്കര ബാങ്ക് വൈസ് പ്രസിഡണ്ടുമായ ടി.ജി ശെല്‍വന്‍, ഗ്രാമ പഞ്ചായത്ത് ആറാം വാര്‍ഡ്  മെമ്പര്‍ സുനില്‍പാമ്പുങ്ങല്‍, 9-ാം വാര്‍ഡ് മെമ്പറും മഹിളാ അസോസിയേഷന്‍ പഞ്ചായത്ത് പ്രസിഡണ്ടുമായ  വിജയാ മാധവന്‍ എന്നിവരുടെ നേതൃത്വത്തിലാണ്‌രാജി. മാടക്കത്തറ, പാണ്ടിക്കടവ് ബ്രാഞ്ച് പ്രദേശത്ത് ഉള്ളവരാണ് പാര്‍ട്ടി വിട്ടത്. എല്ലാവരും പിണറായി പക്ഷത്തുള്ളവരാണ്. പാണ്ടിപ്പറമ്പില്‍ പ്രവര്‍ത്തിക്കുന്നഎറണാകുളം സ്വദേശി ജോസ് ജോണിന്റെ  ക്വാറിക്ക് എതിരെ നടത്തുന്നസമരവുമായി ബന്ധപ്പെട്ടപാര്‍ട്ടിനിലപാടാണ്  രാജിക്ക് ഒരുകാരണമായി ചൂണ്ടിക്കാണിക്കുന്നത്. കൂടാതെ പാര്‍ട്ടിയുടെ കഴിഞ്ഞ കുറെ നാളുകളായുള്ള പ്രവര്‍ത്തന ശൈലിക്കെതിരെയുള്ള അമര്‍ഷം കുടിയാണ് രാജിക്ക് വഴി വെച്ചത്.ക്വാറിക്കെതിരെ സമരം ചെയ്തത്  സിപിഎം ഏരിയാ സെക്രട്ടറിഎംഎം അവറാച്ചനുമായി ബന്ധപ്പെട്ട പാര്‍ട്ടിയിലെ ചിലര്‍ക്ക് പിടിച്ചില്ലെന്ന് പറയുന്നു. അതിന്റെ പേരില്‍  അശോകനേയും  ശെല്‍വനേയും പുറത്താക്കാന്‍ കഴിഞ്ഞ 22ന് ചേര്‍ന്ന ഏരിയാ കമ്മിറ്റി   ആലോചിച്ചിരുന്നു. അടുത്ത ദിവസം ചേരുന്ന ലോക്കല്‍ കമ്മിറ്റി യോഗത്തില്‍ ഇത് റിപ്പോര്‍ട്ട് ചെയ്യാനിരിക്കെയാണ് അശോകനും ശെല്‍വനുമൊപ്പം മറ്റ്‌രണ്ട്‌ലോക്കല്‍ കമ്മിറ്റിയംഗങ്ങളും ബ്രാഞ്ച് സെക്രട്ടറിമാരും പാര്‍ട്ടി അംഗങ്ങളും   പാര്‍ട്ടിയോട് വിട പറഞ്ഞ് തിരിച്ചടി നല്‍കിയത്. ഈ ഭാഗത്തെ സിപിഎംനേതാക്കള്‍ക്ക് ക്വാറി ഇടപാടുണ്ടെന്നുംനേരത്തെ തന്നെ ആരോപണമുയര്‍ന്നിരുന്നു. മാടക്കത്തറ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സണ്ണി ചെന്നിക്കര കരാറുകാരുടെ അസോസിയേഷന്റെ ജില്ലാ സെക്രട്ടറികൂടിയാണ്.  ക്വാറിവിരു ദ്ധസമരത്തോടൊപ്പം സഹക രിക്കുന്നവരാണ് അശോകനും ശെല്‍വനും. ക്വാറിക്കെതിരെ സമരം സംഘടിപ്പിക്കുന്നതിനെതിരെ ഏറെനാളായി ഏരിയാ കമ്മിറ്റിയിലും ക്വാറി പ്രവര്‍ത്തിക്കുന്ന മാടക്കത്തറ ലോക്കല്‍ കമ്മിറ്റിയിലും നിരന്തര ചര്‍ച്ചയായിരുന്നു. സണ്ണി നയിക്കുന്ന മാടക്കത്തറ ലോക്കല്‍ കമ്മിറ്റി  ക്വാറിക്ക് അനുകൂല നിലപാട് സ്വീകരിച്ചു. ക്വാറി വിരുദ്ധ സമരത്തില്‍  പിന്തിരിയണമെന്നും അവറാച്ചനും സണ്ണിയും നിരന്തരം ആവശ്യപ്പെട്ടിരുന്നുവെന്ന് രാജിവെച്ചവര്‍ പറഞ്ഞു. വി.എസ്. പക്ഷത്തിന് ഭൂരിപക്ഷമുണ്ടായിരുന്ന മണ്ണുത്തി ഏരിയാ കമ്മിറ്റി കഴിഞ്ഞ സമ്മേളനത്തിലാണ് പൂര്‍ണ്ണമായും ഔദ്യോഗിക പക്ഷം പിടിച്ചടക്കിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.