ആലുവ നഗരസഭ കുടുംബശ്രീ വഴിയുള്ള മാലിന്യശേഖരണം നിര്‍ത്തുന്നു

Thursday 29 September 2011 10:48 pm IST

ആലുവ: ആലുവനഗരസഭ ഒക്ടോബര്‍ ഒന്നുമുതല്‍ കുടുംബശ്രീവഴി വീടുകളില്‍ നിന്നുള്ള മാലന്യശേഖരണം നിര്‍ത്തുന്നു. കച്ചവടസ്ഥാപനങ്ങളില്‍നിന്നു മാലിന്യം ശേഖരിക്കല്‍ നിര്‍ത്തിയിട്ട്‌ ആഴ്ചകളായി. നഗരത്തില്‍ പലസ്ഥലത്തും മാലിന്യം കുമിഞ്ഞുകൂടിക്കിടക്കുകയാണ്‌. പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുന്നതിനിടയില്‍ നഗരസഭയുടെ ഈ തീരുമാനം ശരിയല്ലെന്നാണ്‌ രാഷ്ട്രീയപാര്‍ട്ടികളുടെ പ്രതികരണം. ഇതിന്‌ രാഷ്ട്രീയ പ്രതിനിധികളുടെയോഗം വിളിച്ചുചേര്‍ക്കാന്‍ നഗരസഭതയ്യാറാകണമെന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു.
എന്നാല്‍ മാലിന്യനീക്കം നിര്‍ത്തുന്നതിനു നഗരസഭപറയുന്ന മറുപടികുടുംബശ്രീ പ്രവര്‍ത്തകര്‍ ശേഖരിക്കുന്ന മാലിന്യം ചിലസ്ഥലങ്ങളില്‍ കേന്ദ്രീകരിച്ച്‌ അവിടെനിന്നും ലോറികളില്‍ നീക്കം ചെയ്യുകയാണ്‌ എന്നാണ്‌. 2004 സപ്തംബറില്‍ തുടങ്ങിയ ക്ലീന്‍ കേരള പദ്ധതിയുടെ ഭാഗമായാണ്‌ കുടുംബശ്രീ പ്രവര്‍ത്തകര്‍ മാല്യനിനീക്കം തുടങ്ങിയത്‌. ഇപ്പോഴത്തെ നഗരസഭാനടപടി ഗ്രൂപ്പുപോരിന്റെ ഭാഗമാണെന്നും ആരോപണമുണ്ട്‌. മാസങ്ങള്‍ക്ക്മുമ്പ്‌ ചെയര്‍മാന്റെ നേതൃത്വത്തില്‍ ബാംഗ്ലൂരില്‍ മാലിന്യനിര്‍മാജനത്തെക്കുറിച്ച്‌ പഠിക്കാന്‍ പോയത്‌ ടൂര്‍ ആയിരുന്നുവെന്ന ആരോപണം ശരിവയ്ക്കുന്നതാണ്‌ നഗരസഭയുടെ ഇപ്പോഴത്തെ നടപടിയെന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്‌.
തമിഴ്‌നാട്ടിലും കേരളത്തിലെ പതിനഞ്ചോളം മുനിസിപ്പാലിറ്റികളിലും മാലിന്യം സംസ്ക്കരണയൂണിറ്റുണ്ടാക്കി വളം ഉണ്ടാക്കിവില്‍പ്പന നടത്തുന്ന ആലുവ സ്വദേശി കെ.അയ്യപ്പന്‍ മാലിന്യ സംസ്ക്കരണം നടത്താന്‍ തയ്യാറായി നഗരസഭയെ സമീപിച്ചെങ്കിലും അനുകൂല നടപടിയുണ്ടായില്ല. കേന്ദ്ര ഊര്‍ജവകുപ്പിന്റെ അവാര്‍ഡ്‌ ലഭിച്ച വ്യക്തികൂടിയാണ്‌ അയ്യപ്പന്‍. നഗരമാലിന്യം നിര്‍ത്തല്‍ ചെയ്യാനും റോഡില്‍ മാലിന്യം തള്ളുന്നവര്‍ക്കെതിരെ ശക്തമായ പിഴകള്‍ ചുമത്താനുമാണ്‌ നഗരസഭ നീക്കം നടത്തുന്നത്‌ സ്ഥാപനങ്ങളും മറ്റും സ്വന്തമായി സംസ്കരണം നടത്തണം. നഗരസഭയുടെ ബസ്സ്റ്റാന്റ്‌ മാര്‍ക്കറ്റ്‌ എന്നിവിടങ്ങളിലെ മാലിന്യങ്ങള്‍ എന്തുചെയ്യണമെന്നു പറയാന്‍ നഗരസഭ തയ്യാറല്ല.