കൊച്ചിയില്‍ രാജ്യാന്തര ഏകദിന ക്രിക്കറ്റ് മത്സരം നടത്താന്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ട് : കെ.എം.ഐ. മേത്തര്‍

Sunday 27 July 2014 8:59 pm IST

കാക്കനാട്: കൊച്ചി രാജ്യാന്തര സ്‌റ്റേഡിയത്തില്‍ ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന മത്സരം നടക്കാന്‍ സാധ്യത കുറവാണെന്ന് ഓള്‍ ഇന്ത്യാ ഫുട്‌ബോള്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റും കെഎഫ്എ പ്രസിഡന്റുമായ കെ.എം.ഐ. മേത്തര്‍ പറഞ്ഞു. ഏകദിന മത്സരം നടക്കുന്നതിനെക്കുറിച്ച് ഔദേ്യാഗിക വിവരമൊന്നും ഇത് വരെ തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നും കലൂര്‍ ഗ്രൗണ്ട് സെപ്തംബറില്‍ തുടങ്ങുന്ന സൂപ്പര്‍ ലീഗ് മത്സരങ്ങള്‍ക്കായി വിട്ടുകൊടുത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സൂപ്പര്‍ ലീഗിന്റെ കളികള്‍ നേരത്തെ നിശ്ചയിച്ചതാണ്. ഗ്രൗണ്ട് നന്നാക്കാനായി ആള്‍ ഇന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷനും ഐഎന്‍ജി റിലയന്‍സിനും കൈമാറിക്കഴിഞ്ഞു. ബിസിസിഐയാണ് ഒക്ടോബര്‍ 7 മുതല്‍ നവംബര്‍ 15 വരെ ഇന്ത്യന്‍ പര്യടനം നടത്തുന്ന വെസ്റ്റ് ഇന്‍ഡീസ് ടീമുമായുള്ള ഒരു മത്സരം കൊച്ചിക്ക് അനുവദിച്ചതായി ഔദേ്യാഗികമായി പ്രഖ്യാപിച്ചത്. സൂപ്പര്‍ ലീഗ് മത്സരങ്ങള്‍ സെപ്റ്റംബര്‍ 19 മുതല്‍ നവംബര്‍ അവസാനം വരെയാണ്. ഓരോ കളിക്കിടയിലും 10 ദിവസത്തെ ഗ്യാപ് ഉണ്ടാകും. കൊച്ചിയില്‍ ഏഴ് ഹോം മാച്ചുകളാണ് നടക്കുക. അത് കഴിഞ്ഞാലും രാജ്യാന്തര തലത്തില്‍ ക്രിക്കറ്റിനു പിച്ചും ഔട്ട് ഫീല്‍ഡും ഒരുക്കാന്‍ കുറഞ്ഞത് രണ്ടാഴ്ചയെങ്കിലും വേണ്ടിവരും. ഐഎസ്എല്ലിന് കലൂര്‍ സ്‌റ്റേഡിയമല്ലാതെ കേരളത്തില്‍ മറ്റൊരു വേദിയില്ല. കളികള്‍ക്കിടയിലെ ഗ്യാപ് ക്രമീകരിച്ച് ലീഗ് മത്സരങ്ങള്‍ നവംബര്‍ ആദ്യ വാരം അവസാനിപ്പിക്കാന്‍ ക്രിക്കറ്റ്, ഫുട്‌ബോള്‍ അസോസിയേഷനുകള്‍ കൊണ്ടുപിടിച്ച് ശ്രമം നടത്തുന്നുണ്ട്. ഏകദിനവും ഫുട്‌ബോള്‍ മത്സരങ്ങളും നടക്കാതെ വന്നാല്‍ ഭാവിയില്‍ പല മത്സരങ്ങളും കേരളം വിട്ടുപോകുമെന്ന ആശങ്കയും അധികൃതര്‍ക്കുണ്ട്. ഇനി ഇതിന്റെ സാങ്കേതിക വശങ്ങള്‍ തീരുമാനിക്കേണ്ടത് കേരളാ ഫുട്‌ബോള്‍ അസോസിയേഷന്‍ ആണെന്ന് മേത്തര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.