കാറുകള്‍ വാടകക്കെടുത്ത്‌ വില്‍ക്കുന്ന സംഘം പിടിയിലായി

Thursday 29 September 2011 11:14 pm IST

കാഞ്ഞങ്ങാട്‌: സ്വകാര്യ വ്യക്തികളില്‍ നിന്നും കാറുകള്‍ വാടകയ്ക്കെടുത്ത്‌ മറിച്ച്‌ വില്‍പ്പന നടത്തുകയും, പണയം വെയ്ക്കുകയും ചെയ്ത്‌ തട്ടിപ്പു നടത്തുന്ന അഞ്ചംഗസംഘത്തില്‍പ്പെട്ട മൂന്നു പേര്‍ അറസ്റ്റില്‍. കാഞ്ഞങ്ങാട്‌ അതിഞ്ഞാലിലെ ജമീല മന്‍സീന്‍ അബ്ദുല്ലയുടെ മകന്‍ കെ.പി.മുഹമ്മദ്‌ അലി (3൦), ചിത്താരിയിലെ ചന്ദ്രന്‍ കുന്നില്‍ മുഹമ്മദ്‌ കുഞ്ഞിയുടെ മകന്‍ സി.എച്ച്‌.അഷ്‌റഫ്‌ (29), അതിഞ്ഞാലിലെ ടി.കെ.ഹൌസില്‍ കുഞ്ഞബ്ദുള്ളയുടെ മകന്‍ ടി.കെ.അലി (26) എന്നിവരെയാണ്‌ ഇന്നലെ കാഞ്ഞങ്ങാട്‌ സി.ഐ.വേണുഗോപാലും സംഘവും ചേര്‍ന്ന്‌ അറസ്റ്റ്‌ ചെയ്തത്‌. ഈ കേസില്‍ തെക്കേപുറത്തെ ശംസുദ്ദീന്‍, വയനാട്‌ സ്വദേശി സിദ്ധിഖ്‌ എന്നിവര്‍ ഒളിവിലാണ്‌. ഗള്‍ഫില്‍ നിന്നും മറ്റും നാട്ടില്‍ വന്ന്‌ തിരിച്ചു പോകുന്നവരുടെ കാറുകളാണ്‌ വാടകയ്ക്ക്‌ എടുത്ത്‌ സംഘം തട്ടിപ്പു നടത്തുന്നത്‌. ആറു മാസത്തിനുള്ളില്‍ 25 ഓളം കാറുകള്‍ ഇവര്‍ വാടകയ്ക്കെടുത്ത്‌ മറിച്ചു വിറ്റിട്ടുണ്ട്‌. ഇതില്‍ നാലു കാറുകള്‍ ഹൊസ്ദുര്‍ഗ്ഗ്‌ ടൌണില്‍ നിന്നും പോലീസ്‌ കസ്റ്റഡിയിലെടുത്തു. കാറുകള്‍ മോഷണം പോയതായി നിരവധി പരാതികള്‍ പോലീസില്‍ ലഭിച്ചിരുന്നു. ഹൊസ്ദുര്‍ഗ്ഗിലെ കുവൈത്ത്‌ ടവറില്‍ താമസിക്കുന്ന പള്ളിക്കര മൌവ്വലിലെ സൂപ്പിയുടെ മകന്‍ മുഹമ്മദ്‌ ഷാനിദ്‌ (24) വാടകയ്ക്ക്‌ കൊടുത്ത കാര്‍ മോഷണം പോയതായി സി.ഐ.ക്ക്‌ പരാതി നല്‍കിയിരുന്നു. ഇതിണ്റ്റെ അടിസ്ഥാനത്തില്‍ പോലീസ്‌ അന്വേഷണം നടത്തുന്നതിനിടയിലാണ്‌ തട്ടിപ്പു സംഘത്തെ കുറിച്ച്‌ സൂചന ലഭിച്ചത്‌. മറിച്ച്‌ വില്‍പ്പന നടത്തി ലഭിക്കുന്ന പണം തുല്യമായി വീതിച്ചെടുക്കുകയാണ്‌ പതിവെന്ന്‌ പ്രതികള്‍ സമ്മതിച്ചതായി പോലീസ്‌ പറഞ്ഞു. ഇതിനകം കാര്‍ വിറ്റ്‌ 24 ലക്ഷം രൂപ കല്ലൂരാവിയിലെ കുഞ്ഞാസ്യ എന്ന സ്ത്രീക്ക്‌ ബ്ളേഡ്‌ പലിശക്ക്‌ നല്‍കിയിട്ടുണ്ടത്രെ. ഇവര്‍ വാടക്ക്‌ എടുക്കുന്ന കാറുകള്‍ കുഴല്‍പ്പണം, ചന്ദനം, മദ്യം എന്നിവ കടത്താന്‍ ഉപയോഗിച്ചിരുന്നു. മോഷണ സംഘത്തിനും കാര്‍ നല്‍കിയിരുന്നതായി പോലീസിന്‌ സൂചന ലഭിച്ചിട്ടുണ്ട്‌. സംസ്ഥാനതലത്തിലുള്ള തട്ടിപ്പ്‌ സംഘത്തിണ്റ്റെ കണ്ണികളാണ്‌ ഇവര്‍. വൈകാതെ ഈ സംഘത്തിലെ മറ്റ്‌ കണ്ണികളും കുടുങ്ങും. കാസര്‍കോട്ടെ ഖാദര്‍, സലീം, പടന്നക്കാട്ടെ ഷിബു, പയ്യന്നൂരിലെ അബു, കണ്ണൂരിലെ മുഹമ്മദ്‌ തുടങ്ങിയവരുടെ കാറുകള്‍ ഇതേസംഘം മറിച്ചു വിറ്റിട്ടുണ്ട്‌. ഹൊസ്ദുര്‍ഗ്‌ സി.ഐ.കെ.വി.വേണുഗോപാല്‍, എസ്‌ഐ പി.ഉണ്ണികൃഷ്ണന്‍, പോലീസുകാരായ ഉണ്ണി, സുധീര്‍ എന്നിവരാണ്‌ അന്വേഷണ സംഘത്തിലുണ്ടായിരുന്നത്‌.