സിവില്‍ സര്‍വ്വീസ്: ഉന്നതതലയോഗം ചേര്‍ന്നു

Sunday 27 July 2014 11:58 pm IST

ന്യൂദല്‍ഹി: സിവില്‍ സര്‍വ്വീസ് പരീക്ഷാ പരിഷ്‌ക്കരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉന്നതതല യോഗം ചേര്‍ന്നു. കേന്ദ്രആഭ്യന്ത്രമന്ത്രി രാജ്‌നാഥ്‌സിങിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, പിഎംഒ ചുമതലയുളള മന്ത്രി ഡോ.ജിതേന്ദ്രസിങ് എന്നിവര്‍ പങ്കെടുത്തു. പേഴ്‌സണല്‍ ആന്റ് ട്രെയിനിംഗ് വകുപ്പ് സെക്രട്ടറി എസ്.കെ സര്‍ക്കാര്‍, യുപിഎസ്‌സി പ്രതിനിധികള്‍ തുടങ്ങിയവരും യോഗത്തിലുാണ്ടായിരുന്നു. ആഗസ്ത് 24ലെ പരീക്ഷ നീട്ടാന്‍ ധാരണയായതായറിയുന്നു. എന്നാല്‍ സിലബസ് പരിഷ്‌ക്കരണക്കാര്യത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം എന്തെന്ന് വ്യക്തമല്ല. സിവില്‍ സര്‍വ്വീസ് പ്രാഥമിക പരീക്ഷയുടെ സിലബസ് പരിഷ്‌ക്കരിച്ചതില്‍ അപാകതയുണ്ടെന്നാരോപിച്ച് അഞ്ഞൂറോളം വരുന്ന യുപിഎസ്‌സി അപേക്ഷകര്‍ രാജ്യതലസ്ഥാനത്ത് വലിയ പ്രതിഷേധ പരിപാടികള്‍ നടത്തിയിരുന്നു. അഭിരുചി പരീക്ഷയില്‍ രാഷ്ട്രഭാഷയായ ഹിന്ദിയുടെ പ്രാധാന്യം കുറച്ച് ഇംഗ്ലീഷ് കടന്നുകൂടിയതിനെതിരായിരുന്നു പ്രതിഷേധം. പ്രശ്‌നം പാര്‍ലമെന്റിന്റെ ഇരുസഭകളിലും വലിയ ബഹളത്തിന് കാരണമായി. ഇതേ തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ യോഗം ചേര്‍ന്നത്. സിവില്‍ സര്‍വ്വീസ് പ്രാഥമിക പരീക്ഷയില്‍ 200 മാര്‍ക്ക് വീതമുള്ള രണ്ട് നിര്‍ബന്ധിത പേപ്പറുകളാണുള്ളത്. സിഎസ്എറ്റി 1, സിഎസ്എറ്റി 2 എന്നീ പേപ്പറുകളില്‍ സിഎസ്എറ്റി 2നേപ്പറ്റിയാണ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് പരാതി. അഭിരുചികളേപ്പറ്റിയും ഇംഗ്ലീഷ് ഭാഷയിലുള്ള അടിസ്ഥാന അറിവുകളേപ്പറ്റിയും രണ്ടാം പേപ്പറില്‍ ഉള്‍ക്കൊള്ളിച്ചതിനെതിരാണ് അപേക്ഷകരുടെ പ്രതിഷേധം. തങ്ങള്‍ക്ക് യുപിഎസ്‌സി നിഷ്‌കര്‍ഷിച്ചിരിക്കുന്നതിലും അധികം നിലവാരമുണ്ടെന്നാണ് അപേക്ഷകര്‍ പറയുന്നത്. ഹിന്ദിയെ ഒഴിവാക്കിയെന്ന പരാതിയുമുണ്ട്. ഇതു പരിഹരിക്കണമെന്നും പരീക്ഷാ രീതി പഴയതലത്തിലേക്ക് മാറ്റണമെന്നുമാണ് ആവശ്യം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.