ലിബിയ : മലയാളികളെ മടക്കിക്കൊണ്ടുവരാന്‍ കേന്ദ്രം എല്ലാ സഹായവും നല്‍കുന്നുണ്ട്: കെ.സി ജോസഫ്

Tuesday 29 July 2014 11:31 pm IST

കോട്ടയം: ലിബിയയില്‍ അകപ്പെട്ടുപോയ മലയാളികളെ മടക്കിക്കൊണ്ടുവരുന്നതിന് കേന്ദ്ര സര്‍ക്കാര്‍ എല്ലാവിധ സഹായവും നല്‍കുന്നുണ്ടെന്ന് മന്ത്രി കെ.സി ജോസഫ് പത്രസമ്മേളനത്തില്‍ പറഞ്ഞു. ലിബിയയില്‍ എത്ര മലയാളികള്‍ കുടുങ്ങിയിട്ടുണ്ട് എന്നതിനെപ്പറ്റി സര്‍ക്കാരിന് വ്യക്തമായ വിവരങ്ങളില്ല. അതിനാല്‍ ലിബിയയില്‍ നിന്ന് മടങ്ങാന്‍ ആഗ്രഹിക്കുന്ന മലയാളികള്‍ ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യാന്‍ പറഞ്ഞിരുന്നു. ഇത്തരത്തില്‍ ട്രിപ്പോളിയില്‍ നിന്നും 114 പേരും ബംഗാസിയില്‍ നിന്നും നാല് പേരുമടക്കം 118 പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ലിബിയയില്‍ പെട്ടുപോയവരുടെ ബന്ധുക്കള്‍ക്ക് കേരളത്തില്‍ നിന്നും നോര്‍ക്കയില്‍ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാം. ലിബിയയില്‍ നിന്നും ആളുകളെ തിരികെ കൊണ്ടുവരാന്‍ വിമാനമടക്കമുള്ള സൗകര്യങ്ങള്‍ ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാണ്. മിറ്റിഗാ വിമാനത്താവളത്തില്‍ നിന്നുമാണ് ഇവരെ കൊണ്ടുവരേണ്ടത്. എന്നാല്‍ ഈ വിമാനത്താവളം തീവ്രവാദികളുടെ ആക്രമണപരിധിയിലാണ്. ഇവിടെ വിമാനം ഇറക്കുന്നതോ ഇവിടെ നിന്നും പറന്നുയരുന്നനോ സുരക്ഷിതമല്ല. അറുനൂറ്റിഎണ്‍പത് കിലോമീറ്റര്‍ റോഡുമാര്‍ഗ്ഗം സഞ്ചരിച്ച് ക്രിമേഷ്യയില്‍ നിന്നും വിമാനമാര്‍ഗ്ഗം കേരളത്തിലെത്തിക്കുകയാണ് മറ്റൊരു വഴി. എന്നാല്‍ ഇത്രയും ദൂരമുള്ള റോഡുയാത്രയും ഇപ്പോള്‍ സുരക്ഷിതമല്ല. കേന്ദ്രസര്‍ക്കാര്‍ കാര്യങ്ങള്‍ സസൂക്ഷ്മം നിരീക്ഷിക്കുകയാണ്. ലിബിയയിലെ അംബാസിഡറുമായി മുഖ്യമന്ത്രി സംസാരിച്ചു. കേന്ദ്രപ്രവാസികാര്യമന്ത്രി സുഷമ സ്വരാജുമായും മുഖ്യമന്ത്രി സംസാരിച്ചിട്ടുണ്ടെന്നും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തങ്ങളാലാവും വിധമെല്ലാം മലയാളികളെ നാട്ടിലെത്തിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് പ്ലസ്‌ടു അധികബാച്ച് അനുവദിച്ചതില്‍ അഴിമതി ഉണ്ട് എന്ന് പറയുന്നവര്‍ തെളിവ് ഹാജരാക്കിയാല്‍ അക്കാര്യം സര്‍ക്കാര്‍ അന്വേഷിച്ച് നടപടി സ്വീകരിക്കും. ശാസ്ത്രീയമായി ആണ് സര്‍ക്കാര്‍ പുതിയ ബാച്ചുകള്‍ അനുവദിച്ചതെന്നും മന്ത്രി അവകാശപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.