പ്രധാനമന്ത്രി പദം നെഹ്‌റു കുടുംബത്തിന്‌ സംവരണം ചെയ്യാന്‍ പാടില്ല: അദ്വാനി

Sunday 26 June 2011 10:37 pm IST

ന്യൂദല്‍ഹി: കോണ്‍ഗ്രസ്‌ കുടുംബവാഴ്ചയുടെ ഈറ്റില്ലമാണെന്നും ഇതിനാല്‍ രാജ്യം കനത്ത വില നല്‍കുകയാണെന്നും പ്രധാനമന്ത്രി പദം നെഹ്‌റു കുടുംബാംഗങ്ങള്‍ക്കും നോമിനികള്‍ക്കും മാത്രമായി സംവരണം ചെയ്യുകയാണെന്നും മുതിര്‍ന്ന ബിജെപി നേതാവ്‌ എല്‍.കെ.അദ്വാനി പറഞ്ഞു. നെഹ്‌റു കുടുംബാംഗങ്ങള്‍ക്കോ അവര്‍ നിര്‍ദേശിക്കുന്നവര്‍ക്കോ മാത്രമായി ജനാധിപത്യ ഇന്ത്യയുടെ പ്രധാനമന്ത്രിപദം ഒഴിച്ചിടുന്നതില്‍ ഏറെ ദുഃഖിതനാണെന്നും അദ്വാനി ബ്ലോഗില്‍ കുറിച്ചു. ശ്യാമപ്രസാദ്‌ മുഖര്‍ജിയെയും ഡോ. ബി.ആര്‍.അംബേദ്ക്കറെയും ഗാന്ധിജിയുടെ നിര്‍ദേശാനുസരണം മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയിരുന്നതായും അദ്ദേഹം എടുത്തുപറഞ്ഞു. യുപിഎയുടെ ദുര്‍ഭരണത്തെ സഹിക്കാന്‍ രാജ്യത്തിനാവില്ലെന്നും അദ്വാനി കൂട്ടിച്ചേര്‍ത്തു. 71ലെ ഇന്ത്യ-പാക്‌ യുദ്ധത്തിലെ വിജയത്തിന്റെ ഗുണം പൂര്‍ണമായി ലഭ്യമാക്കാന്‍ കോണ്‍ഗ്രസിന്‌ കഴിഞ്ഞിട്ടില്ലെന്നും പാക്കിസ്ഥാനില്‍നിന്ന്‌ അതിര്‍ത്തികടന്നുള്ള ഭീകരവാദവും മതഭീകരതയും ഇതുകൊണ്ടാണ്‌ ഇപ്പോഴും തുടരുന്നതെന്നും അദ്വാനി പറഞ്ഞു. സര്‍ദാര്‍ വല്ലഭായ്‌ പട്ടേല്‍ ആഭ്യന്തരമന്ത്രി എന്ന നിലയില്‍ 561 നാട്ടുരാജ്യങ്ങളെ സംയോജിച്ച്‌ രാഷ്ട്രരൂപീകരണം സുസാധ്യമാക്കിയപ്പോള്‍ നെഹ്‌റുവിന്റെ പരാജയം മൂലം കാശ്മീര്‍ വിഷയത്തില്‍ രാജ്യം കനത്ത വില നല്‍കിയെന്നും അദ്വാനി പറഞ്ഞു. താല്‍ക്കാലിക സംവിധാനമെന്ന്‌ നെഹ്‌റുതന്നെ വിശേഷിപ്പിച്ച ഭരണഘടനയുടെ 370-ാ‍ം അനുഛേദം ഇന്നും മാറ്റമില്ലാതെ തുടരുന്നുവെന്നും അദ്വാനി ചൂണ്ടിക്കാട്ടി. ഇതുകൊണ്ട്‌ ജമ്മുകാശ്മീരില്‍ ഇന്നും ഇന്ത്യാ വിരുദ്ധ നടപടികള്‍ തുടരുന്നു. ഇതിന്റെ വേരുകള്‍ പാക്‌ മണ്ണിലാണെന്നും അദ്ദേഹം പറഞ്ഞു. 71 ലെ യുദ്ധത്തില്‍ പാക്കിസ്ഥാനെ പരാജയപ്പെടുത്തിയ ഇന്ത്യയുടെ പക്കല്‍ 90,000 പാക്‌ യുദ്ധതടവുകാരുണ്ടായിരുന്നെന്നും ഇത്‌ നിസ്സാര നേട്ടമായിരുന്നില്ലെന്നും അദ്വാനി പറഞ്ഞു. അതുകൊണ്ട്‌ കാശ്മീര്‍ പ്രശ്നം നെഹ്‌റു കുടുംബത്തിന്റെ സമ്മാനമാണെന്ന്‌ ജനങ്ങള്‍ തിരിച്ചറിയണമെന്നും അദ്വാനി വ്യക്തമാക്കി. ശ്യാമപ്രസാദ്‌ മുഖര്‍ജി ദീര്‍ഘവീക്ഷണമുള്ള ദേശസ്നേഹിയായിരുന്നുവെന്നും എന്നാല്‍ ധീര രക്തസാക്ഷികളെക്കുറിച്ച്‌ ഇപ്പോള്‍ സ്കൂളുകളിലെ പാഠ്യവിഷയങ്ങളില്‍പ്പോലും പരാമര്‍ശിക്കുന്നില്ലെന്നും അദ്വാനി കൂട്ടിച്ചേര്‍ത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.