ആഢംബര ബോട്ടിലെ നിശാപാര്‍ട്ടി: കൂടുതല്‍ തെളിവുകള്‍ ലഭിച്ചതായി പോലീസ്

Tuesday 29 July 2014 8:39 pm IST

കൊച്ചി: ആഢംബര ബോട്ടിനുള്ളില്‍ നിശാപാര്‍ട്ടി സംഘടിപ്പിച്ചത് സംബന്ധിച്ച് കൂടുതല്‍ തെളിവുകള്‍ ലഭിച്ചതായി പോലീസ്. സിനിമാ നിര്‍മ്മാതാവും വ്യവസായിയുമായി ഒരാളാണ് നിശാപാര്‍ട്ടി സംഘടിപ്പിച്ചതെന്ന് പോലീസ് പറയുന്നു. എന്നാല്‍ ഇയാളെ പിടികൂടാനായിട്ടില്ല. ബോട്ടില്‍നിന്ന് പിടികൂടിയ അഞ്ചുപേരെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. മൈ കൊച്ചി ഓണ്‍ലൈന്‍ ഉടമ എരൂര്‍ തൈക്കോട്ടില്‍ പ്രശാന്ത് (28) ബോട്ട് വാടകക്കെടുത്ത മാവേലിക്കര ചാരംമൂട് വീട്ടില്‍ ഷിജിന്‍ ശ്രീകുമാര്‍ (30), ഇടപാടുകാരെ എത്തിച്ചുകൊടുക്കുന്ന കടവന്ത്ര ടാഗോര്‍നഗര്‍ എഡ്‌വേര്‍ഡ് (26), സഹോദരി എലിസബത്ത് (28) എന്നിവരെയാണ് 14 ദിവസത്തേക്ക് റിമാന്റ് ചെയ്തത്. എംഡിഎം എന്ന മാരക മയക്കുമരുന്നാണ് ബോട്ടില്‍ വിതരണം ചെയ്തതെന്നാണ് പോലീസ് സംശയിക്കുന്നത്. റെയ്ഡില്‍ പിടിച്ചെടുത്ത ചുവന്ന നിറത്തിലുള്ള ഗുളികകള്‍ മാരക മയക്കുമരുന്നാണെന്നാണ് പ്രാഥമിക നിഗമനം. നിശാപാര്‍ട്ടിയില്‍ ഇത്രയധികം മദ്യം വിതരണം ചെയ്യാന്‍ ഈ ബോട്ടിന് ലൈസന്‍സ് ഉണ്ടായിരുന്നില്ല. അതിനാല്‍ ക്രീക്ക്ക്രൂയിസ് എന്ന ബോട്ടിനെതിരെ അബ്കാരി നിയമപ്രകാരം കേസെടുത്ത് ബോട്ട് കണ്ടുകെട്ടി. ഞായറാഴ്ച രാത്രിയാണ് എറണാകുളം മറൈന്‍ഡ്രൈവ് മഴവില്‍ പാലത്തിന് സമീപം 'ക്രീക്ക്ക്രൂയിസ്' എന്ന ആഢംബരബോട്ടില്‍ പോലീസ് മിന്നല്‍ പരിശോധന നടത്തിയത്. ബോട്ടില്‍നിന്നും കഞ്ചാവ് ഉള്‍പ്പെടെയുള്ള മയക്കുമരുന്നുകളും മദ്യം, ബിയര്‍ എന്നിവ കണ്ടെത്തിയിരുന്നു. വിദേശികള്‍ ഉള്‍പ്പെടെ 30 പേരാണ് ബോട്ടിലുണ്ടായിരുന്നത്. ബംഗളൂരു, ഹൈദരാബാദ് സ്വദേശിനികള്‍ ഉള്‍പ്പെടെ 10 സ്ത്രീകളാണ് ബോട്ടിലുണ്ടായിരുന്നത്. ചെറിയ പൊതികളാക്കിയാണ് കഞ്ചാവ് വച്ചിരുന്നത്. മൈ കൊച്ചി ഓണ്‍ലൈന്‍ എന്ന പേരിലുള്ള ഫേസ്ബുക്ക് പേജിലൂടെയാണ് പാര്‍ട്ടിയിലേക്ക് പ്രവേശനം ബുക്ക് ചെയ്തിരുന്നത്. 2000 മുതല്‍ 3000 രൂപവരെയാണ് ഓരോരുത്തരില്‍നിന്നും നിശാപാര്‍ട്ടിക്ക് ഫീസ് ഇൗടാക്കിയിരുന്നത്. രാത്രി 8ന് പുറപ്പെടുന്ന ബോട്ട് പുറംകടലില്‍ തങ്ങി രാത്രി 12 മണിയോടെയാണ് പാര്‍ട്ടി കഴിഞ്ഞ് തിരിച്ചെത്തുന്നത്. നിരവധി ആഢംബര ബോട്ടുകള്‍ ഇത്തരത്തില്‍ നിശാപാര്‍ട്ടികള്‍ സംഘടിപ്പിക്കുന്നതായി പോലീസിന് അറിവ് ലഭിച്ചിട്ടുണ്ട്. നഗരത്തിലെ ഹോട്ടലുകളിലും മറ്റും നടക്കുന്ന നിശാപാര്‍ട്ടികളില്‍ വ്യാപകമായി മയക്കുമരുന്ന് ഉപയോഗം നടക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് പോലീസ് ബോട്ടില്‍ പരിശോധന നടത്തിയത്. കഴിഞ്ഞദിവസം കടവന്ത്രയിലെ ഡ്രീംസ് ഹോട്ടലിലെ നിശാപാര്‍ട്ടിക്കിടെ പോലീസ് നടത്തിയ റെയ്ഡില്‍ മയക്കുമരുന്ന് ഉപയോഗം കണ്ടെത്തിയിരുന്നു. എന്നാല്‍ പോലീസ് തുടര്‍ നടപടികള്‍ സ്വീകരിക്കാതെ ഹോട്ടലിന് താക്കീത് നല്‍കുക മാത്രമാണ് ചെയ്തത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.