തോക്ക് നിര്‍മ്മാണ കേന്ദ്രത്തില്‍ റെയ്ഡ്: വികലാംഗന്‍ അറസ്റ്റില്‍

Tuesday 29 July 2014 8:44 pm IST

രാജാക്കാട് (ഇടുക്കി): തോക്ക് നിര്‍മ്മാണ കേന്ദ്രത്തില്‍ പോലീസ് നടത്തിയ റെയ്ഡില്‍ മധ്യവയസ്‌കന്‍ അറസ്റ്റില്‍. മൂന്ന് തോക്കുകളുടെ യന്ത്രഭാഗവും രണ്ട് നാടന്‍തോക്കുകളും ഒരു റിവോള്‍വറിന്റെ ഭാഗവുമാണ് പിടിച്ചെടുത്തത്. സംഭവത്തില്‍ ബൈസണ്‍വാലി പൊട്ടന്‍കാട് റ്റീ കമ്പനി വെള്ളിയാംതടത്തില്‍ മണി (52) ആണ് അറസ്റ്റിലായത്. ഇന്നലെ ഉച്ചയ്ക്ക് ഇടുക്കി എസ്.പിക്ക് കിട്ടിയ രഹസ്യവിവരത്തെത്തുടര്‍ന്നാണ് ഇയാളുടെ വീടിന് സമീപത്തുള്ള ആലയില്‍ അടിമാലി സിഐ രാജാക്കാട് എസ്‌ഐ എന്നിവരുടെ നേതൃത്വത്തില്‍ റെയ്ഡ് നടത്തിയത്. വികലാംഗനാണ് പിടിയിലായ മണി. മുന്‍പ് ഒരു കമ്പനിയില്‍ ജോലി നോക്കിക്കൊണ്ടിരിക്കെ യന്ത്രത്തില്‍പ്പെട്ടാണ് ഒരു കൈ നഷ്ടമായത്. കള്ളതോക്ക് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് വയനാട്, അടിമാലി, തിരുനെല്‍വേലി എന്നീ സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ കേസ് നിലവിലുണ്ട്. കേരളത്തിനകത്തും പുറത്തും മണി നിര്‍മ്മിച്ച തോക്ക് വിറ്റിട്ടുണ്ടെന്നാണ് പ്രാഥിക അന്വേഷണത്തില്‍ പോലീസിന് വിവരം ലഭിച്ചിരിക്കുന്നത്. വികലാംഗനായതിനാല്‍ യന്ത്രങ്ങളുടെ സഹായത്തോടെയാണ് ഇയാള്‍ തോക്ക് നിര്‍മ്മിക്കുന്നത്. ഈ യന്ത്രങ്ങളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. പ്രതിയെ അടിമാലി കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. അടുത്ത ദിവസം ഇയാളെ കസ്റ്റഡിയിലെടുത്ത് കൂടുതല്‍ വിവരങ്ങള്‍ തേടാനാണ് പോലീസ് തീരുമാനിച്ചിരിക്കുന്നത്. സ്വന്തം ലേഖകന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.