വിശ്വാമിത്രന്റെ യാഗരക്ഷ

Tuesday 29 July 2014 10:05 pm IST

വിശ്വാമിത്ര മഹര്‍ഷി അയോധ്യയില്‍ എത്തിയപ്പോള്‍ ദശരഥ മഹാരാജാവ് മഹര്‍ഷിയെ വേണ്ടവിധം സല്‍ക്കരിച്ച് ആഗമനോദ്ദേശം അന്വേഷിച്ചു. തന്റെ യാഗരക്ഷയ്ക്കായി അസുരന്മാരെ വധിക്കാന്‍ രാമനെ കൂട്ടിക്കൊണ്ടുപോകാനാണ് താന്‍ വന്നതെന്ന് മഹര്‍ഷി പറഞ്ഞതുകേട്ട് ദശരഥരാജന്‍ ദുഃഖിതനായി. എന്നാല്‍ വസിഷ്ഠമഹര്‍ഷി മഹാരാജാവിനോട് വിശ്വാമിത്ര മഹര്‍ഷിയുടെ മാഹാത്മ്യം പറഞ്ഞുകൊടുത്തു- ഹേ, മഹാരാജന്‍! ഇക്ഷ്വാകുവംശത്തില്‍ ജനിച്ച അങ്ങ് ധര്‍മം വെടിയരുത്. ഇദ്ദേഹം ധര്‍മം ഉടലെടുത്തവനാണ്. വീര്യവാനും ബുദ്ധിമാനും തപസ്സിന്റെ പരമസ്ഥാനവുമാണ്. മാത്രമല്ല, വിവിധങ്ങളായ അസ്ത്രങ്ങളെ അറിയുന്നവനുമാണ്. മറ്റൊരാള്‍ക്ക് അവ അറിയുകയുമില്ല. പണ്ട് കൃശശ്വന് ദക്ഷപുത്രിമാരായ ജയയില്‍ അസുരനിഗ്രഹത്തിനായി ശ്രേഷ്ഠന്മാരും അരൂപികളും ഒരിക്കലും പരാജയപ്പെടാത്തവരുമായ അഞ്ഞൂറ് പുത്രന്മാരുണ്ടായി. സുപ്രഭയിലും സംഹരന്മാര്‍ എന്നുപേരുള്ള അഞ്ഞൂറ് പുത്രന്മാരുണ്ടായി. അവയെല്ലാം ഈ വിശ്വാമിത്രന് കിട്ടിയിട്ടുണ്ട്. ആ അസ്ത്രങ്ങളെ ലോകനന്മയ്ക്കായി രാമന് നല്‍കുവാനാണ് വിശ്വാമിത്രന്‍ വന്നിട്ടുള്ളത്. അതുകേട്ട ദശരഥന്‍ രാമനെയും ലക്ഷ്മണനെയും വിശ്വാമിത്രന്റെ കൂടെ അയച്ചു. സരയൂ തീരത്തെത്തിയപ്പോള്‍ വിശ്വാമിത്രന്‍ പറഞ്ഞു:- ''ഹേ, രാമ! ഈ സരയൂവിനെ സ്പര്‍ശിച്ച് പുണ്യമാക്കൂ'' എന്ന്. ബ്രഹ്മാവ് ഒരിക്കല്‍ മനസ്സുകൊണ്ട് ഒരു സരസ്സ് (തടാകം) തീര്‍ത്തു. അതിനാല്‍ അത് 'മാനസസരസ്സാ'യി. ആ സരസ്സില്‍നിന്നുണ്ടായതാണ് സരയൂ. ബ്രഹ്മനിര്‍മിതമായ പൊയ്കയില്‍നിന്ന് പ്രവഹിക്കുന്ന ആ പുണ്യനദി ഒഴുകി അയോദ്ധ്യയെ ആശ്ലേഷിക്കുന്നു. വാമനമൂര്‍ത്തിയുടെ പാദസ്പര്‍ശത്താലുണ്ടായ (വാമനാവതാര സമയത്ത്) ഗംഗയുടെ പുണ്യം കേട്ട് സരയൂ ഗംഗയില്‍ ചേരാന്‍ ധൃതിവെച്ച് ഒഴുകുന്നു. അതുകൊണ്ട്, ഹേ, രാമാ! ഈ സരയൂവിനെയും സ്പര്‍ശിച്ച് ആ വാമനമൂര്‍ത്തി ചെയ്തപോലെ പുണ്യമാക്കൂ.'' ''രാമാ! പ്രണാമം നിയതം കുരു'' എന്ന വിശ്വാമിത്രന്റെ വാക്കുകള്‍ കേട്ട രാമന്‍ ഭക്ത്യാദരം സരയൂവിനെ വന്ദിച്ച് ആ ജലമെടുത്ത് കുടിച്ച് തന്റെ മുഖവും കൈകാലുകളും കഴുകി സരയൂവിനെ പുണ്യമാക്കി. അതിനുശേഷം വിശ്വാമിത്ര മഹര്‍ഷി ആ കുമാരന്മാര്‍ക്ക് 'ബല-അതിബല' എന്ന രണ്ടു മന്ത്രങ്ങള്‍ ഉപദേശിച്ചു. എന്നിട്ട് രാമാ, ഈ മന്ത്രത്താല്‍ നിനക്ക് തളര്‍ച്ചയോ രൂപവ്യത്യാസമോ ഉണ്ടാകില്ല. നിന്നെ രാക്ഷസന്മാര്‍ സ്പര്‍ശിക്കില്ല. സൗഭാഗ്യത്തിലും ദാക്ഷിണ്യത്തിലും ജ്ഞാനത്തിലും ബുദ്ധി നിശ്ചയത്തിലും നിനക്ക് തുല്യരായി ആരും ഉണ്ടാകില്ല. ഈ 'ബല'യും 'അതിബല'യും പഠിച്ചാല്‍ വിശപ്പും ദാഹവും തോന്നുകയില്ല. നീ ലോകത്തില്‍ കീര്‍ത്തി നേടും! തേജോമയങ്ങളായ ഈ വിദ്യകള്‍ ബ്രഹ്മപുത്രികളാണ്. നിന്നില്‍ സര്‍വഗുണങ്ങളും ധാരാളം ഉള്ളതിനാല്‍ ഞാന്‍ നിനക്ക് ദാനം നല്‍കുന്നു. ഇവയെല്ലാം ഞാന്‍ തപസ്സിനാല്‍ സമ്പാദിച്ചവയാണ്!'' എന്ന മഹര്‍ഷിയുടെ ഉപദേശം കേട്ട് രാമനും ലക്ഷ്മണനും വിശ്വാമിത്ര മഹര്‍ഷിയില്‍നിന്ന് അതിദിവ്യങ്ങളായ ആ വിദ്യകള്‍ സ്വീകരിച്ചു. അവര്‍ സരയൂവിന്റെ സംഗമസ്ഥാനത്ത് പുണ്യനദിയായ ഗംഗയേയും വന്ദിച്ചു. അവിടെ ആ തീരം ശ്രീപരമേശ്വരനാല്‍ ചുട്ടെരിക്കപ്പെട്ട് ശരീരമില്ലാതായതുകൊണ്ട് അനംഗനെന്ന അറിയപ്പെട്ട കാമദേവന്റെ പേരില്‍ അറിയപ്പെടുന്നു. അവന്‍ (കാമദേവന്‍) എവിടെയാണോ തന്റെ അംഗം(ശരീരം) വെടിഞ്ഞത് അവിടം അംഗരാജ്യമായി. ആ രുദ്രന്റെ (ശിവന്റെ)ആശ്രമമാണ്-കാമാശ്രമം. മനസ്സിനെ സ്ഥിരമായി നിര്‍ത്താന്‍ കാമനില്ലാത്ത ഈ സ്ഥലം മഹര്‍ഷിമാര്‍ തപസ്സിനായി തെരഞ്ഞെടുക്കുന്നു. പിന്നീട് അവര്‍, ഘോരവും മനോഹരവുമായ കൊടുംകാടിലെത്തി. ''ഹേ രാമാ! മലദമെന്നും കരുഷമെന്നുമുള്ള മനോഹരമായ ഈ കാടിനെ താടക എന്നൊരു രാക്ഷസി നശിപ്പിക്കുന്നു. അവള്‍ സുകേതുവിന്റെ പുത്രിയും സുന്ദന്റെ ഭാര്യയുമാണ്. അവളെ കൊല്ലേണ്ടതാണ്'' എന്ന് വിശ്വാമിത്രന്‍ പറഞ്ഞതുകേട്ട് - ''ആരാണീ താടക'' എന്ന് രാമന്‍ ചോദിച്ചു. പണ്ട് സുകേതു എന്ന മഹായക്ഷന്‍ തപസ്സു ചെയ്ത് ആയിരം ആനകളുടെ കെല്‍പ്പുളള ഒരു പുത്രനെ ആവശ്യപ്പെട്ടു. എന്നാല്‍ ബ്രഹ്മാവ് അവന് പുത്രിയെയാണ് നല്‍കിയത്. അവളാണ് താടക. അവളെ സുന്ദന്‍ എന്ന രാക്ഷസന്‍ വിവാഹം ചെയ്തു. ഈ സുന്ദന്‍ ഹിരണ്യകശിപുവിന് കയാദുവിലുണ്ടായ നാലു പുത്രന്മാരിലൊരുവനായ ഹ്ലാദന്‍ എന്നവന് 'ധമനി' എന്ന ഭാര്യയുണ്ട്. അവര്‍ക്ക് വാതാപി, ഇല്വലന്‍, വിസുന്ദരന്‍ എന്ന മൂന്ന് പുത്രന്മാര്‍ ഉണ്ടായി. അതില്‍ വിസുന്ദരന്റെ പുത്രരാണ് സുന്ദനും ഉപസുന്ദനും. ഇവരില്‍ സുന്ദന്‍ അഗസ്ത്യാശ്രമം നശിപ്പിക്കാന്‍ തുടങ്ങിയപ്പോള്‍ അഗസ്ത്യമുനി അവനെ ഭസ്മമാക്കി. അതുകണ്ട് പാഞ്ഞടുത്ത താടകയേയും അവളുടെ മകന്‍ മാരീചനേയും രാക്ഷസരായിത്തീരട്ടെ എന്ന് ശപിച്ചു, അതുകൊണ്ട്, ''രാമാ, ജനങ്ങളെ രക്ഷിക്കുകയെന്നത് രാജാക്കന്മാരുടെ ധര്‍മമാണ്. ധര്‍മഹീനയായ ഒരിക്കലും സ്ത്രീധര്‍മം പാലിക്കാത്ത അവളെ കൊല്ലുന്നതില്‍ പാപമില്ല'' എന്ന് വിശ്വാമിത്രന്‍ പറഞ്ഞു. അതുകേട്ട രാമന്‍- ''എന്റെ അച്ഛന്‍, അങ്ങ് പറയുന്നതനുസരിച്ച് വേണ്ടത് ചെയ്യണമെന്നാണ് പറഞ്ഞിരിക്കുന്നത്. അതുകൊണ്ട് ബ്രഹ്മജ്ഞനും ഗുരുവുമായ അങ്ങയുടെ ആജ്ഞപ്രകാരം ഞാന്‍ ഈ താടകയെ കൊല്ലാം!'' എന്നുപറഞ്ഞ് തന്റെ വില്ലില്‍നിന്നും ഒരു ചെറു ഞാണൊലി ഉയര്‍ത്തി. അതുകേട്ട് ഓടിവന്ന താടകയെ രാമന്‍ തന്റെ ഒറ്റ അസ്ത്രത്താല്‍ വധിച്ചു. പിന്നീട് അവിടെത്തന്നെ താമസിച്ചു. പിറ്റേന്ന് മഹര്‍ഷി മഹത്തായ ദിവ്യാസ്ത്രങ്ങളെല്ലാം അവര്‍ക്ക് നല്‍കി. (രാവണ വധത്തിന് അവരെ സജ്ജമാക്കുകയാണ് ത്രികാലജ്ഞാനിയായ ആ മഹര്‍ഷി ചെയ്തത്.) പിന്നീട് അവര്‍ വാമനമൂര്‍ത്തി തപസ്സനുഷ്ഠിച്ച സിദ്ധാശ്രമത്തിലെത്തി. അവിടെ വിശ്വാമിത്ര മഹര്‍ഷിയുടെ യാഗം മുടക്കാന്‍ വന്ന സുബാഹുവിനെ വധിച്ചു. അഭയം പ്രാപിച്ച മാരീചനെ രാമന്‍ വിട്ടയയ്ക്കുകയും ചെയ്തു. വി.പി.ഭാനുമതി അമ്മ, പാലക്കാട് ...തുടരും

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.