ന്യായാധിപ നിയമനത്തിനായി ആറംഗ ജുഡീഷ്യല്‍ കമ്മീഷന്‍

Tuesday 29 July 2014 11:42 pm IST

ന്യൂദല്‍ഹി: രാജ്യത്തെ ഉന്നത കോടതികളിലെ ന്യായാധിപ നിയമനത്തിനായി കൊളീജിയം സംവിധാനത്തിനു പകരം ജുഡീഷ്യല്‍ നിയമന കമ്മീഷന്‍ രൂപീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ആറംഗങ്ങളുള്ള കമ്മീഷന്‍ രൂപീകരിക്കാന്‍ നിയമമന്ത്രാലയം വിളിച്ചു ചേര്‍ത്ത നിയമജ്ഞരുടെ യോഗത്തിലാണ് ധാരണയായത്. വരുന്ന ശീതകാല സമ്മേളനത്തില്‍ ജുഡീഷ്യല്‍ നിയമന കമ്മീഷന്‍ ബില്ല് അവതരിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. സുപ്രീംകോടതി ചീഫ് ജസ്റ്റീസ്, സുപ്രീംകോടതിയില്‍ രണ്ട് മുതിര്‍ന്ന ജഡ്ജിമാര്‍, കേന്ദ്ര നിയമമന്ത്രി എന്നിവര്‍ക്ക് പുറമേ പ്രധാനമന്ത്രി, സുപ്രീംകോടതി ചീഫ് ജസ്റ്റീസ്, പ്രതിപക്ഷ നേതാവ് എന്നിവരടങ്ങിയ സമിതി നിര്‍ദ്ദേശിക്കുന്ന രണ്ടു പ്രമുഖ വ്യക്തികള്‍ എന്നിവരാണ് ജുഡീഷ്യല്‍ നിയമന കമ്മീഷന്‍ അംഗങ്ങള്‍. സുപ്രീംകോടതി ചീഫ് ജസ്റ്റീസ്, ജഡ്ജിമാര്‍, ഹൈക്കോടതി ചീഫ് ജസ്റ്റീസ്, മറ്റു ജഡ്ജിമാര്‍, ഹൈക്കോടതി ജഡ്ജിമാരുടെ സ്ഥലംമാറ്റം എന്നിവയാണ് കമ്മീഷന്റെ അധികാര പരിധിയില്‍ വരുന്നത്. ന്യായാധിപ നിയമന പ്രക്രിയ പൂര്‍ണ്ണമായും സുതാര്യമാക്കുകയെന്ന ലക്ഷ്യത്തോടെ രൂപീകരിക്കുന്ന കമ്മീഷന്‍, ജഡ്ജി നിയമനത്തിനുള്ള നാമനിര്‍ദ്ദേശം സ്വീകരിക്കുന്നതു മുതല്‍ ശുപാര്‍ശ രാഷ്ട്രപതിക്ക് അയച്ചു നല്‍കുന്നതുവരെയുള്ള നടപടിക്രമങ്ങള്‍ നിര്‍വഹിക്കും. മുന്‍ പ്രവര്‍ത്തനങ്ങളും സ്വകാര്യ ജീവിതവുമെല്ലാം ജുഡീഷ്യല്‍ കമ്മീഷന്‍ പരിശോധിക്കും. കോടതികളിലെ ന്യായാധിപ ഒഴിവുകളില്‍ സര്‍ക്കാര്‍ റിപ്പോര്‍ട്ട് ചെയ്ത് രണ്ടുമാസത്തിനകം കമ്മീഷന്‍ നിയമനം നടത്താനുള്ള ശുപാര്‍ശ രാഷ്ട്രപതിക്ക് കൈമാറണം. 2013 ഡിസംബറില്‍ സമര്‍പ്പിച്ച രാജ്യസഭാ സ്റ്റാന്റിംഗ് കമ്മറ്റി റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ കൊളീജിയം സംവിധാനം വന്‍ പരാജയമാണെന്ന് വ്യക്തമാക്കുന്നു. വിവിധ ഹൈക്കോടതികളിലായി 275 ജഡ്ജിമാരുടെ ഒഴിവുകളാണ് നികത്താനാവാതെ കിടക്കുന്നത്. ഇതിനു പുറമേ അഴിമതിക്കാരനായ ജഡ്ജിയെ ഹൈക്കോടതി ജഡ്ജാക്കി ഉയര്‍ത്തുന്നതിനായി കൊളീജിയം വിവാദ ഇടപെടല്‍ നടത്തിയെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന്റെ കൂടി അടിസ്ഥാനത്തിലാണ് ജുഡീഷ്യല്‍ നിയമന കമ്മീഷനുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടു നീങ്ങിയത്. കമ്മീഷന്റെ അംഗസംഖ്യ 7 ആക്കണമെന്ന മുന്‍ ലോ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് എ.പി ഷായുടെ നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ചില്ല. നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് വിളിച്ചുചേര്‍ത്ത യോഗത്തില്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി, അറ്റോര്‍ണി ജനറല്‍ മുകുള്‍ രോഹത്ഗി, മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റീസുമാര്‍, മുതിര്‍ന്ന അഭിഭാഷകരായ ഫാലി എസ് നരിമാന്‍, സോളി സൊറാബ്ജി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. ജുഡീഷ്യല്‍ നിയമന കമ്മീഷന്‍ രൂപീകരിക്കുമെന്നത് ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നു കൂടിയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.