ജന്മാഷ്ടമി പുരസ്‌കാരം അമ്മയ്ക്ക്

Wednesday 30 July 2014 11:43 am IST

തിരുവനന്തപുരം: ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ബാലഗോകുലം ബാലസംസ്‌കാര കേന്ദ്രം നല്‍കുന്ന ജന്മാഷ്ടമി പുരസ്‌കാരത്തിന് മാതാ അമൃതാനന്ദമയി ദേവി അര്‍ഹയായി. അര ശതാബ്ദമായി ആധ്യാത്മിക നേതൃത്വം കൊണ്ട് മനുഷ്യരാശിയുടെ ആചാര്യസ്ഥാനം വഹിച്ചുപോരുന്ന മാതാ അമൃതാനന്ദമയീ ദേവിയോടുള്ള ഭക്ത്യാദരങ്ങളുടെ എളിയസൂചകം എന്ന നിലയിലാണ് പുരസ്‌കാരം സമര്‍പ്പിക്കുന്നതെന്ന് പുരസ്‌കാര നിര്‍ണയ സമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. സ്വജീവിതം ഭാരതത്തിന്റെ സാംസ്‌കാരിക നവോത്ഥാനത്തിനും രാഷ്ട്രവ്യക്തിത്വത്തിന്റെ സമ്പൂര്‍ത്തിക്കും സമര്‍പ്പിച്ച അമ്മ എന്നും ധാര്‍മിക പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനകേന്ദ്രമാണ്. ഭാവി തലമുറയ്ക്ക് ഉണ്ടാകേണ്ട മാനസിക ഉന്നമനത്തിനും വൈജ്ഞാനിക യജ്ഞത്തിനും അമ്മ എന്നും മാതൃകയാണ് എന്ന വസ്തുതയാണ് പുരസ്‌കാര സമര്‍പ്പണത്തിന് ബാലസംസ്‌കാര കേന്ദ്രത്തെ പ്രചോദിപ്പിച്ചത്. കവി പി. നാരായണക്കുറുപ്പ് ചെയര്‍മാനും പി. പരമേശ്വരന്‍, സ്വാമി ചിദാനന്ദപുരി, സി.പി. നായര്‍, പ്രൊഫ സി.ജി. രാജഗോപാല്‍, ടി.പി. രാജന്‍ മാസ്റ്റര്‍, എസ്. ജയകൃഷ്ണന്‍ എന്നിവര്‍ അംഗങ്ങളായുമുള്ള സമിതിയാണ് പുരസ്‌കാരം നിര്‍ണയിച്ചത്. ബാലഗോകുലത്തിന്റെ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളോടനുബന്ധിച്ച് സെപ്തംബറില്‍ നടക്കുന്ന സമ്മേളനത്തില്‍ പുരസ്‌കാരം സമര്‍പ്പിക്കും. ശ്രീകൃഷ്ണ സന്ദേശം ജനങ്ങളിലെത്തിക്കാന്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കായി 1996 ല്‍ ഏര്‍പ്പെടുത്തിയതാണ് ജന്മാഷ്ടമി പുരസ്‌കാരം. പ്രഥമ പുരസ്‌കാരം സുഗതകുമാരിക്കായിരുന്നു. അക്കിത്തം, വിഷ്ണുനാരായണന്‍ നമ്പൂതിരി, യൂസഫലി കേച്ചേരി, പി. പരമേശ്വരന്‍, പി. ലീല, കെ.എസ്. ചിത്ര, സ്വാമി ചിദാനന്ദപുരി തുടങ്ങിയവര്‍ ഈ പുരസ്‌കാരത്തിന് അര്‍ഹരായിട്ടുണ്ട്. കീര്‍ത്തിമുദ്രയും ശില്‍പ്പവും ദക്ഷിണയും അടങ്ങുന്നതാണ് പുരസ്‌കാരം. പത്രസമ്മേളനത്തില്‍ പി. നാരായണക്കുറുപ്പ് പ്രൊഫ സി.ജി. രാജഗോപാല്‍, വി. ഹരികുമാര്‍, എസ്. ജയകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.