എ ഗ്രൂപ്പുകാര്‍ക്കെതിരെ നടപടി വേണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ഐ ഗ്രൂപ്പ്

Wednesday 30 July 2014 2:41 pm IST

കാക്കനാട്: ഗ്രൂപ്പ് പോരുകൊണ്ട് പൊറുതിമുട്ടിയ തൃക്കാക്കര നഗരസഭയില്‍ പുതിയ അടവ് നയവുമായി 'എ' ഗ്രൂപ്പ്. അവിശ്വാസ പ്രമേയത്തിലൂടെ തങ്ങള്‍ പുറത്താക്കിയ 'ഐ' ഗ്രൂപ്പുകാരിയായ പൊതുമരാമത്ത് സ്ഥിരം സമിതി ചെയര്‍പേഴ്‌സണെ തിരിച്ചെടുക്കുന്നതിനുള്ള പിന്തുണ നല്‍കാനാണ് 'എ' ഗ്രൂപ്പിന്റെ തീരുമാനം. കഴിഞ്ഞ ദിവസം ബെന്നി ബഹനാന്‍ എംഎല്‍എയുടെ വസതിയില്‍ ചേര്‍ന്ന 'എ' വിഭാഗം കൗണ്‍സിലര്‍മാരുടെ യോഗമാണ് നിലപാട് എടുത്തത്. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റും മുന്‍ നഗരസഭാ ചെയര്‍മാനുമായ പി.ഐ. മുഹമ്മദാലിക്കെതിരെ പാര്‍ട്ടി അച്ചടക്ക നടപടിയുണ്ടായേക്കുമെന്ന സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് ഈ തീരുമാനം ഉണ്ടായതെന്ന് അറിയുന്നു. എന്നാല്‍ ഉത്തരവാദിത്വപ്പെട്ട പാര്‍ട്ടി സ്ഥാനത്തിരുന്ന് അവിശ്വാസം കൊണ്ടുവന്ന കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് മുഹമ്മദാലിക്കും പൊതുമരാമത്ത് സ്ഥിരം സമിതിയിലെ മറ്റ് അംഗങ്ങള്‍ക്കുമെതിരെ കടുത്ത നടപടി കൈക്കൊള്ളണമെന്ന് ഐ വിഭാഗം കെപിസിസിക്കും ഡിസിസിക്കും പരാതി നല്‍കിയതായി മുനിസിപ്പല്‍ ചെയര്‍മാന്‍ ഷാജി വാഴക്കാല പറഞ്ഞു. അജിതാ തങ്കപ്പനെ തിരിച്ചെടുത്താലും ഇല്ലെങ്കിലും തങ്ങളുടെ നിലപാടില്‍ മാറ്റമുണ്ടാവില്ലെന്ന് ഐ ഗ്രൂപ് നേതാക്കള്‍ പറഞ്ഞു. ഇന്ന് രാവിലെ പതിനൊന്നിന് തൃക്കാക്കര നഗരസഭ കൗണ്‍സില്‍ ഹാളില്‍ വച്ചാണ് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വോട്ടെടുപ്പ് നടക്കുന്നത്. ഗ്രൂപ്പ് പോരിനെ തുടര്‍ന്ന് 'എ' പക്ഷക്കാരനായ പി.ഐ. മുഹമ്മദാലി 'ഐ' പക്ഷത്തുള്ള ഷാജി വാഴക്കാലയ്ക്ക് മാസങ്ങള്‍ക്ക് മുന്‍പ് ചെയര്‍മാന്‍ സ്ഥാനം വെച്ചുമാറിയിരുന്നു. ഇതിനെ തുടര്‍ന്ന് 'ഐ' പക്ഷത്തിന്റെ കൈവശമുണ്ടായിരുന്ന സ്ഥിരംസമിതി ചെയര്‍മാന്‍ സ്ഥാനം 'എ' വിഭാഗത്തിന് നല്‍കണമെന്ന് ധാരണയുള്ളതായി പറയുന്നു . ചെയര്‍മാന്‍ സ്ഥാനം മാറിയെങ്കിലും 'ഐ' പക്ഷക്കാരിയായ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അജിത തങ്കപ്പന്‍ സ്ഥാനം ഒഴിയാന്‍ കൂട്ടാക്കിയില്ല. ഭരണസമിതിയില്‍ ഭൂരിപക്ഷമുള്ള 'എ' വിഭാഗം ജൂലായ് മൂന്നിന് അജിത തങ്കപ്പനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്ന് പുറത്താക്കിയിരുന്നു. വിഷയത്തില്‍ പരിഹാരം കാണുന്നതിനായി ജൂലൈ ഏഴിന് ജില്ലയിലെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാമെന്നും അതുവരെ അവിശ്വാസ നടപടികള്‍ നിര്‍ത്തിവെയ്ക്കണമെന്ന് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ ജില്ലയുടെ ചുമതലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറി സുരേഷ് ബാബുവിനോട് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ അത് ധിക്കരിച്ച് ജൂലായ് മൂന്നിന് തന്നെ അവിശ്വാസം കൊണ്ടുവരികയായിരുന്നു. ഇതിന്റെ വിശദീകരണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റും നഗരസഭാ മുന്‍ ചെയര്‍മാനുമായ പി.ഐ. മുഹമ്മദാലിക്ക് കെപിസിസി നോട്ടീസ് നല്‍കിയിരുന്നു. കെപിസിസിയുടെ തീരുമാനത്തിനെതിരെ പ്രവര്‍ത്തനം നടത്തിയതിനാല്‍ ബ്ലോക്ക് പ്രസിഡന്റും മറ്റു 'എ' വിഭാഗം കൗണ്‍സിലര്‍മാരും അച്ചടക്കനടപടിക്ക് വിധേയരായേക്കുമെന്ന സൂചന ഡിസിസിയില്‍ നിന്നും ലഭിച്ചതോടെയാണ് അജിത തങ്കപ്പന് പിന്തുണ നല്‍കാന്‍ തീരുമാനിച്ചത്. ഇതുസംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാന്‍ 'എ' ഗ്രൂപ്പ് കൗണ്‍സിലര്‍മാര്‍ ബെന്നി ബഹനാന്‍ എംഎല്‍എയെ ചുമതലപ്പെടുത്തിയതായും അറിയുന്നു. എന്നാല്‍ അവിശ്വാസ പ്രമേയം കൊണ്ടുവന്ന എ ഗ്രൂപ്പുകാര്‍ അതിന് മുമ്പുതന്നെ ബെന്നി ബഹനാന്‍ എംഎല്‍എയുടെ വീട്ടില്‍ കൂടിയാണ് തീരുമാനമെടുത്തതെന്നും നഗരസഭയിലെ പ്രതിസന്ധിക്ക് ഒരു പരിധി വരെ എംഎല്‍എയാണ് ഉത്തരവാദി എന്ന് തെളിഞ്ഞതായും ഐ ഗ്രൂപ്പ് നേതാക്കള്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.