എന്‍ഡോസള്‍ഫാന്‍ കയറ്റുമതിക്ക് അനുമതി

Friday 30 September 2011 6:02 pm IST

ന്യൂദല്‍ഹി: എന്‍ഡോസള്‍ഫാന്‍ കീടനാശിനി രാജ്യത്ത്‌ ഉല്‍പാദിപ്പിക്കുന്നത്‌ സുപ്രീംകോടതി പൂര്‍ണമായി നിരോധിച്ചു. ഇക്കാര്യം ആവശ്യപ്പെട്ട്‌ ഡി.വൈ.എഫ്‌.ഐ സമര്‍പ്പിച്ച ഹര്‍ജിയിലാണ്‌ കോടതിയുടെ വിധി. രാജ്യത്തെ ഉല്‍പാദനകേന്ദ്രങ്ങളില്‍ കെട്ടിക്കിടക്കുന്ന എന്‍ഡോസള്‍ഫാന്‍ വിദേശരാജ്യങ്ങളിലേക്ക്‌ കയറ്റുമതി ചെയ്യാനും കോടതി അനുമതി നല്‍കി. രാജ്യത്തെ വിവിധ ഉല്‍പാദന കേന്ദ്രങ്ങളിലായി അവശേഷിക്കുന്ന 1090 മെട്രിക്‌ ടണ്‍ എന്‍ഡോസള്‍ഫാന്‍ ശേഖരമാണ്‌ കര്‍ശന നിബന്ധനകളോടെ കയറ്റി അയയ്ക്കാന്‍ സുപ്രീംകോടതി അനുമതി നല്‍കിയത്‌. രാജ്യത്തിന്റെ ഒരു ഭാഗത്തും പരിസ്ഥിതി മലിനീകരണം ഉണ്ടാകില്ലെന്ന്‌ ഉറപ്പുവരുത്തണം, കയറ്റുമതി ചെയ്യുന്ന സമയത്ത്‌ കസ്റ്റസിന്റെയും മലിനീകരണ നിയന്ത്രണ വിഭാഗം ഉദ്യോഗസ്ഥരുടെയും സര്‍ക്കാര്‍ ഏജന്‍സികളുടെയും മേല്‍നോട്ടം ഉണ്ടാകണമെന്നും ചീഫ്‌ ജസ്റ്റീസ്‌ എസ്‌.എച്ച്‌.കപാഡിയ, ജസ്റ്റീസുമാരായ കെ.എസ്‌.രാധാകൃഷ്‌ണന്‍, സ്വതന്ത്രര്‍ കുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച്‌ നിര്‍ദ്ദേശിച്ചു. കയറ്റുമതിക്ക്‌ വേണ്ടിവരുന്ന ചെലവ്‌ ഉല്‍പാദകര്‍ തന്നെ വഹിക്കണമെന്നും കോടതി പറഞ്ഞു. സ്റ്റോക്ക് തീരുന്ന മുറയ്ക്കു കയറ്റുമതി ലൈസന്‍സ് റദ്ദാക്കും. കെട്ടിക്കിടക്കുന്ന 4071 മെട്രിക് ടണ്‍ അസംസ്കൃത വസ്തുക്കള്‍ എന്തു ചെയ്യണമെന്നതിനെ സംബന്ധിച്ച് അടുത്ത മാസം പത്തിനു നിര്‍ദേശം നല്‍കുമെന്നും കോടതി അറിയിച്ചു. അതേസമയം എന്‍ഡോസള്‍ഫാന്‍ കയറ്റുമതി ചെയ്യുന്നതിനെ ഡി.വൈ.എഫ്‌.ഐ എതിര്‍ത്തു. എന്‍ഡോസള്‍ഫാന്‍ കയറ്റുമതി ചെയ്യാന്‍ അനുവദിക്കണമെന്നാണ് ഉത്പാദകരും കേന്ദ്രസര്‍ക്കാരും ആവശ്യപ്പെട്ടത്. എന്നാല്‍ ഈ വിഷം മറ്റു രാജ്യത്തെ ജനങ്ങളെയും ബാധിക്കാന്‍ ഇടയാക്കുമെന്നു ഡി.വൈ.എഫ്.ഐ വാദിച്ചു. എന്നാല്‍ ഈ എതിര്‍പ്പ്‌ തള്ളിയ കോടതി, ഇതിനുള്ള അധികാരം കോടതിക്കില്ലെന്ന്‌ ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ ജനങ്ങളുടെ ഭാവിയും സുരക്ഷയുമാണ്‌ കണക്കിലെടുക്കേണ്ടതെന്ന്‌ കോടതി വ്യക്തമാക്കി. മെയ്‌ 13 നാണ്‌ ഇടക്കാല ഉത്തരവിലൂടെ കോടതി എന്‍ഡോസള്‍ഫാന്റെ ഉല്‍പാദനവും വിപണനവും നിരോധിച്ചത്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.