വ്യാപാര ഉച്ചകോടി: ചൈനീസ്‌ പ്രധാനമന്ത്രി ബ്രിട്ടനില്‍

Sunday 26 June 2011 10:39 pm IST

ബര്‍മിംഘാം: ബ്രിട്ടനില്‍ നടക്കുന്ന വ്യാപാര ഉച്ചകോടിക്ക്‌ മുന്നോടിയായി ചൈനീസ്‌ പ്രധാനമന്ത്രി വെന്‍ ജിയബോ യൂറോയെക്കുറിച്ച്‌ വാചാലനാകുന്നു. യൂറോ ബോണ്ടുകളില്‍ തങ്ങളുടെ നിക്ഷേപം അടുത്തകാലത്തായി വര്‍ധിച്ചിട്ടുണ്ടെന്നും യൂറോ രാജ്യങ്ങള്‍ അവയുടെ പ്രശ്നങ്ങളില്‍നിന്നും മോചിതരാകുമെന്നും ചൈനീസ്‌ പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. ബ്രിട്ടനും ചൈനയുമായുള്ള വ്യാപാര ഉച്ചകോടി ഉഭയകക്ഷി ബന്ധങ്ങളും സഹകരണവും മെച്ചപ്പെടുത്താനുള്ള വാര്‍ഷിക സമ്മേളനമാണ്‌. കഴിഞ്ഞവര്‍ഷം നവംബറില്‍ ബെയ്ജിംഗിലായിരുന്നു ഉച്ചകോടി. ചൈനയുടെ ഷാങ്ന്‍ഘായ്‌ ഓട്ടോമോട്ടീവ്‌ ഇന്‍ഡസ്ട്രിയുടെ അധീനതയിലുള്ള ലോങ്ങ്ബ്രിഡ്ജിലെ എംജി കാര്‍ ഫാക്ടറി പ്രധാനമന്ത്രി സന്ദര്‍ശിച്ചു. അവിടെ 6 എംജി മാഗ്നേറ്റ്ന്ന ചൈനയിലുണ്ടാക്കിയ ഭാഗങ്ങള്‍ ബ്രിട്ടനില്‍ കൂട്ടിയോജിപ്പിച്ച കാറിന്റെ പുറത്തിറക്കല്‍ ചടങ്ങില്‍ അദ്ദേഹം സംബന്ധിച്ചു. ബ്രിട്ടീഷ്‌ പ്രധാനമന്ത്രി ഡേവിഡ്‌ കാമറൂണിനെ അദ്ദേഹം സന്ദര്‍ശിച്ചു. ലോകത്തെ ഏറ്റവും വലിയ സാമ്പത്തികരാജ്യമെന്ന ബഹുമതി ജപ്പാനില്‍നിന്നും ചൈനയാണ്‌ ഇപ്പോള്‍ കരസ്ഥമാക്കിയിരിക്കുന്നത്‌. ഇതുമൂലം പല യൂറോപ്യന്‍ കമ്പനികളും ചൈനയില്‍ മുതല്‍മുടക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്‌. യൂറോപ്യന്‍ വിപണിയില്‍ ചൈനയുടെ പങ്കും വിസ്തൃതമാവുകയാണ്‌.