അഫ്‌ഗാനില്‍ സേനാപിന്മാറ്റം ഉടന്‍ വേണ്ട - ഇന്ത്യ

Friday 30 September 2011 3:25 pm IST

യു.എന്‍: അഫ്ഗാനില്‍ നിന്നു ധൃതിപിടിച്ചു സേനാപിന്മാറ്റം വേണ്ടെന്ന് ഇന്ത്യ. അഫ്ഗാനിലെ വര്‍ധിച്ചു വരുന്ന സുരക്ഷാഭീഷണി പരിഗണിച്ചാണ് ആവശ്യമുന്നയിക്കുന്നതെന്ന് ഇന്ത്യയുടെ യു.എന്നിലെ സ്ഥിരം പ്രതിനിധി ഹര്‍ദീപ് സിങ് പുരി അറിയിച്ചു. ഭരണ കൈമാറ്റത്തെ തുടര്‍ന്നുണ്ടായ സ്ഥിതിഗതികള്‍ അന്താരാഷ്ട്ര സമൂഹം മനസിലാക്കണം. സേനാപിന്മാറ്റത്തില്‍ സമയപരിധി വയ്ക്കേണ്ട സാഹചര്യമില്ല. അഫ്ഗാന്റെ സമാധാനം, സ്ഥിരത, സുരക്ഷ എന്നിവയാണ് പ്രധാനം. എംബസികളും ഭരണ സിരാകേന്ദ്രങ്ങളും ഉള്‍പ്പെടെ ഉയര്‍ന്ന സുരക്ഷ ആവശ്യമുള്ള സ്ഥാപനങ്ങളിലാണ് ഭീകരാക്രമണങ്ങള്‍ നടക്കുന്നത്. ഉന്നത രാഷ്ട്രീയ പ്രവര്‍ത്തകരെയും സമാധാന പ്രവര്‍ത്തകരെയും ഭീകരര്‍ ലക്ഷ്യമിടുന്നു. ഭീ‍കരര്‍ രാജ്യത്തിന് പുറത്തെ സുരക്ഷിത താവളങ്ങള്‍ ഉപയോഗിക്കുന്ന വസ്തുത അദ്ദേഹം ശ്രദ്ധയില്‍പ്പെടുത്തി. ഇതിനെതിരേ രാജ്യാന്തര കൂട്ടായ്മ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കാബൂള്‍ പുനര്‍ നിര്‍മാണത്തില്‍ ഇന്ത്യ സജീവമായി പങ്കെടുക്കുമെന്നും ഹര്‍ദീപ്‌ പുരി വ്യക്‌തമാക്കി. രണ്ട് ബില്യണ്‍ ഡോളറിന്റെ സാമ്പത്തിക സഹായം അഫ്‌ഗാന്‍ പുനര്‍ നിര്‍മാണ വികസന പാക്കേജുകള്‍ക്ക്‌ ഇന്ത്യ ചെലവാക്കിക്കഴിഞ്ഞു. അഫ്‌ഗാനിസ്ഥാനിലെ ഇരുമ്പ്‌ ഖനനത്തിനും അഫ്‌ഗാന്‍ വഴി ഇന്ത്യയിലെത്തുന്ന താപി ഗ്യാസ്‌ ലൈന്‍ പ്രോജക്‌ടിലും ഇന്ത്യ സജീവമായി പങ്കെടുക്കുന്നുണ്ട്‌. സാര്‍ക്കിലെ സജീവ മെമ്പറായിക്കഴിഞ്ഞ അഫ്‌ഗാനിസ്ഥാന്‌ തെക്കേഷ്യയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഒട്ടേറെക്കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെന്ന്‌ അദ്ദേഹം പറഞ്ഞു. വിദേശ രാജ്യങ്ങളുടെ ദീര്‍ഘകാല സഹായം അഫ്‌ഗാന്‌ ആവശ്യമാണെന്ന്‌ ഹര്‍ദീപ്‌ വ്യക്‌തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.