അങ്കമാലി: അങ്കമാലി-അത്താണി-കാലടി മേഖലയിലെ സ്വകാര്യ ബസ്സ് തൊഴിലാളികള്‍ ഇന്ന് സൂചന പണിമുടക്ക് നടത്തും. ശമ്പള വര്‍ദ്ധനവ്, ശോചനീയമായ റോഡുകള്‍ നന്നാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സ്വകാര്യ ബസ്സ് തൊഴിലാളികള്‍ ഇന്ന് സൂചന പണിമുടക്ക് നടത്തുന്നത്.
സ്വകാര്യ ബസുകളിലെ കൂലി വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അങ്കമാലി. കാലടി, അത്താണ് മേഖലയിലെ തൊഴിലാളി യൂണിയനുകള്‍ ഇന്ന് നടത്തുന്ന പണി മുടക്കില്‍ നിന്നും പിന്മാറണമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് ആവശ്യപ്പെട്ടു.
നിലവില്‍ അടുത്ത വര്‍ഷം ഏപ്രില്‍ മാസംവരെ ശമ്പള കരാറിന്റെ കാലാവധി നിലനില്‍ക്കുമ്പോഴാണ് ന്യായീകരണമില്ലാത്ത ഡിമാന്റ് ഉന്നയിച്ച് യൂണിയനുകള്‍ സമരത്തിനൊരുങ്ങുന്നതെന്ന് അസോസിയേഷന് ആരോപിച്ചു. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മാസത്തിലാണ് ശമ്പളകരാര്‍ ഒപ്പുവച്ചത്. അതിനുശേഷം 6 മാസങ്ങള്‍ക്കുശേഷമാണ് നാമമാത്രമായ ബസ് ചാര്‍ജ് വര്‍ദ്ധന ഉണ്ടായത്.
കാലടിയിലേയും അങ്കമാലിയിലെയും ഗതാഗതകുരുക്കില്‍പ്പെട്ട് സമയ ക്രമം പാലിക്കാനാകാതെ ട്രിപ്പുകള്‍ മുടക്കം വരുത്തുന്നതുമൂലം സാമ്പത്തിക പ്രതിസന്ധിയിലായ ഈ മേഖലയെ തകര്‍ക്കുന്ന ഇത്തരം സമര പരിപാടികളില്‍ പിന്മാറണമെന്ന് അസോസിയേഷന് ഭാരവാഹികളായ എ.പി. ജിബി, ബി.ഒ. ഡേവിസ് എന്നിവര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: