മൂലമറ്റം : സഞ്ചാരികളുടെ മനസ്സില്‍ കുളിര്‍മ്മ പകര്‍ന്ന് ഇലപ്പിള്ളി വെള്ളച്ചാട്ടം. മൂലമറ്റത്തുനിന്നും നാലു കിലോമീറ്റര്‍ ദൂരെ വാഗമണ്‍ റോഡരികിലാണ് ആരെയും ആകര്‍ഷിക്കുന്ന ഇലപ്പിള്ളി വെള്ളച്ചാട്ടം. മഴക്കാലം ആരംഭിച്ചതോടെ വെള്ള മുത്തുച്ചിപ്പികള്‍ വാരി വിതറി കുതിച്ചുചാടുന്ന ജലസമൃദ്ധി പ്രകൃതിയുടെ വരദാനമാണ്. മഴക്കാലമാരംഭിച്ചാല്‍ നൂറുകണക്കിന് പേരാണ് ഇവിടെയെത്തുന്നത്. മൂലമറ്റത്തുനിന്നും ഇലപ്പിള്ളി വഴി വാഗമണ്ണിന് യാത്ര ചെയ്യുന്നവര്‍ വെള്ളമേഘങ്ങള്‍ പോലെ പതഞ്ഞൊഴുകുന്ന ഈ ദൃശ്യമനോഹാരിത ആവോളം ആസ്വദിച്ചാണ് യാത്ര തുടരുന്നത്. അവധി ദിവസങ്ങളില്‍ വെള്ളച്ചാട്ടത്തിന്റെ മനോഹാരിത പകര്‍ത്തുവാനും വെള്ളച്ചാട്ടത്തിന്റെ സമീപത്ത് നിന്ന് ഫോട്ടോ എടുക്കുവാനുമുള്ള സഞ്ചാരികളുടെ തിരക്കാണ്. വെള്ളച്ചാട്ടത്തിന്റെ കൂടുതല്‍ മനോഹാരിത ആസ്വദിക്കാന്‍ സഞ്ചാരികള്‍ വെള്ളച്ചാട്ടത്തിനടുത്തെത്താറുണ്ട്. വഴുവഴുപ്പുള്ള പാറക്കെട്ടിലൂടെ വെള്ളച്ചാട്ടത്തിനടുത്തേക്ക് പോകുന്നവര്‍ തെന്നിവീണ് അപകടം ഉണ്ടാകാറുണ്ട്. പാറകളില്‍ കയറുന്നത് അപകടം ഉണ്ടാക്കുമെന്ന് സൂചിപ്പിക്കുന്ന മുന്നറിയിപ്പ് ബോര്‍ഡുകള്‍ പോലും അധികൃതര്‍ ഇവിടെ സ്ഥാപിച്ചിട്ടില്ല. മഴക്കാലത്ത് അനേകം വിനോദസഞ്ചാരികളെ ആകര്‍ഷിക്കുവാന്‍ കഴിയുന്ന ഈ ജലസമൃദ്ധി അധികാരികളുടെ അവഗണന മൂലം ശ്രദ്ധിക്കപ്പെടാതെ പോകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: