ഇന്ത്യക്ക് ദയനീയ തോല്‍വി

Thursday 31 July 2014 11:46 pm IST

സതാംപ്ടണ്‍: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ദയനീയ തോല്‍വി. 266 റണ്‍സിനാണ് ഇംഗ്ലണ്ട് ഇന്ത്യയെ തകര്‍ത്തത്. രണ്ടാം ഇന്നിംഗ്‌സില്‍ വിജയിക്കാന്‍ 445 റണ്‍സ് വേണ്ടിയിരുന്ന ഇന്ത്യ 178 റണ്‍സിന് ഓള്‍ ഔട്ടായി. 52 റണ്‍സെടുത്ത് പുറത്താകാതെ നിന്ന അജിന്‍ക്യ രഹാനെയാണ് ഇന്ത്യന്‍ ഇന്നിംഗ്‌സിലെ ടോപ്‌സ്‌കോറര്‍. 67 റണ്‍സ് വഴങ്ങി ആറ് ഇന്ത്യന്‍ വിക്കറ്റുകള്‍ പിഴുത മൊയീന്‍ അലിയാണ് ഇംഗ്ലണ്ടിന്റെ വിജയശില്‍പി. ഒന്നാം ഇന്നിംഗ്‌സില്‍ അഞ്ച് വിക്കറ്റുകളും രണ്ടാം ഇന്നിംഗ്‌സില്‍ രണ്ട് വിക്കറ്റുകളും വീഴ്ത്തിയ ജെയിംസ് ആന്‍ഡേഴ്‌സനാണ് മാന്‍ ഓഫ് ദി മാച്ച്. സ്‌കോര്‍: ചുരുക്കത്തില്‍: ഇംഗ്ലണ്ട് 569ന് 7 ഡി., 205ന് 4 ഡി. ഇന്ത്യ 330, 178. ലോര്‍ഡ്‌സില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച പേസ് ബൗളര്‍ ഇഷാന്ത് ശര്‍മ്മയുടെ അഭാവത്തില്‍ ബൗളിംഗ്‌നിരയുടെ മുനയൊടിഞ്ഞിരുന്നു. പകരം അരങ്ങേറ്റം കുറിച്ച പങ്കജ് സിംഗിന് മികച്ച ബൗളിംഗ് നടത്താന്‍ കഴിഞ്ഞതുമില്ല. ഒന്നാം ഇന്നിംഗ്‌സില്‍ 37 ഓവര്‍ എറിഞ്ഞ പങ്കജ് വിക്കറ്റൊന്നും നേടാതെ 146 റണ്‍സും രണ്ടാം ഇന്നിംഗ്‌സില്‍ 10 ഓവറില്‍ നിന്ന് 33 റണ്‍സും വിട്ടുകൊടുത്തു. വിജയമറിയാത്ത പത്ത് ടെസ്റ്റുകള്‍ക്ക് ശേഷമാണ് ഇംഗ്ലണ്ട് വിജയിക്കുന്നത്.
ആദ്യ ടെസ്റ്റ് സമനിലയില്‍ അവസാനിച്ചപ്പോള്‍ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ വിജയം നേടിയിരുന്നു. ഇതോടെ അഞ്ച് ടെസ്റ്റുകളുടെ പരമ്പര 1-1 എന്ന നിലയിലാണ്. അവസാന ദിവസമായ ഇന്നലെ 112ന് നാല് എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യക്ക് 66 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തപ്പോഴേക്കും അവശേഷിച്ച ആറ് വിക്കറ്റുകളും വീണു. തലേന്നത്തെ സ്‌കോറിനോട് ഒരു റണ്‍സ് പോലും കൂട്ടിച്ചേര്‍ക്കാതെ ഇന്നലെ ഇന്ത്യയുടെ ആദ്യ വിക്കറ്റ് വീണു. ആറ് റണ്‍സുമായി ബാറ്റിംഗ് ആരംഭിച്ച രോഹിത് ശര്‍മ്മയെ ആന്‍ഡേഴ്‌സന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ബട്ട്‌ലര്‍ പിടികൂടി. സ്‌കോര്‍ 120-ല്‍ എത്തിയപ്പോള്‍ ധോണിയുടെ രൂപത്തില്‍ ആറാം വിക്കറ്റും നഷ്ടമായി. ആറ് റണ്‍സെടുത്ത ധോണിയെയും ആന്‍ഡേഴ്‌സന്റെ പന്തില്‍ ബട്ട്‌ലര്‍ പിടികൂടുകയായിരുന്നു. ഈ രണ്ട് വിക്കറ്റുകളും വീണതാണ് മത്സരത്തില്‍ വഴിത്തിരിവായതും. പിന്നീടെത്തിയവര്‍ക്കൊന്നും കാര്യമായി പൊരുതാന്‍ പോലും കഴിഞ്ഞില്ല. രവീന്ദ്ര ജഡേജ 15 റണ്‍സെടുത്തു. സ്‌കോര്‍ 152-ല്‍ എത്തിയപ്പോള്‍ ഏഴാം വിക്കറ്റും ഇന്ത്യക്ക് നഷ്ടമായി. രവീന്ദ്ര ജഡേജയെ മൊയീന്‍ അലി ബൗള്‍ഡാക്കുകയായിരുന്നു. അതേ സ്‌കോറില്‍ തന്നെ എട്ടാം വിക്കറ്റും ഇന്ത്യക്ക് നഷ്ടമായി. റണ്ണൊന്നുമെടുക്കാതിരുന്ന ഭുവനേശ്വര്‍കുമാറിനെ മൊയീന്‍ അലിയുടെ പന്തില്‍ ആന്‍ഡേഴ്‌സണ്‍ പിടികൂടി. സ്‌കോര്‍ 154-ല്‍ എത്തിയപ്പോള്‍ ഒമ്പതാം വിക്കറ്റും ഇന്ത്യക്ക് നഷ്ടമായി. നാല് പന്തുകള്‍ നേരിട്ട് റണ്ണൊന്നുമെടുക്കാതിരുന്ന മുഹമ്മദ് ഷാമിയെ അലി ബൗള്‍ഡാക്കി. പിന്നീട് സ്‌കോര്‍ 178-ല്‍ എത്തിയപ്പോള്‍ 9 റണ്‍സെടുത്ത അരങ്ങേറ്റക്കാരന്‍ പങ്കജ് സിംഗിനെയും അലി ബൗള്‍ഡാക്കിയതോടെ ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്‌സിനും തിരശ്ശീല വീണു.
ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്‌സില്‍ 156 റണ്‍സ് നേടിയ ബല്ലാന്‍സിന്റെയും 167 റണ്‍സ് നേടിയ ഇയാന്‍ ബെല്ലിന്റെയും 95 റണ്‍സ് നേടിയ അലിസ്റ്റര്‍ കുക്കിന്റെയും കരുത്തിലാണ് 7 വിക്കറ്റ് നഷ്ടത്തില്‍ 569 റണ്‍സ് നേടി ഡിക്ലയര്‍ ചെയ്തത്. തുടര്‍ന്ന് ഒന്നാം ഇന്നിംഗ്‌സ് ആരംഭിച്ച ഇന്ത്യന്‍ നിരയില്‍ 54 റണ്‍സെടുത്ത രഹാനെയും 50 റണ്‍സെടുത്ത ധോണിയും മാത്രമാണ് മികച്ച പ്രകടനം നടത്തിയത്. ഒന്നാം ഇന്നിംഗ്‌സില്‍ 239 റണ്‍സിന്റെ ലീഡ് നേടിയ ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്‌സില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്തു. 70 റണ്‍സെടുത്ത് പുറത്താകാതെ നിന്ന അലിസ്റ്റര്‍ കുക്കാണ് ടോപ്‌സ്‌കോറര്‍.
നാലാം ടെസ്റ്റ് ആഗസ്റ്റ് 7ന് മാഞ്ചസ്റ്ററില്‍ ആരംഭിക്കും. ഈ ടെസ്റ്റിലും ഇഷാന്തിന്റെ സേവനം ടീം ഇന്ത്യക്ക് ലഭിക്കില്ല. ടെസ്റ്റിന് മുമ്പായി ഇഷാന്ത് ശര്‍മ്മ ഫിറ്റ്‌നസ് വീണ്ടെടുക്കില്ലെന്ന് ക്യാപ്റ്റന്‍ ധോണിയാണ് പറഞ്ഞത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.