ഹരിപ്പാട്: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് എസ്കോര്‍ട്ട് പോയ വാഹനം പിക്കപ്പ് വാനുമായി കൂട്ടിയിടിച്ച് അഞ്ച് പോലീസുകാര്‍ക്ക് സാരമായി പരിക്കേറ്റു. തിരുവനന്തപുരം സിറ്റി എആര്‍ ക്യാമ്പിലെ എഎസ്ഐ: വേണുഗോപാല്‍ (52), ഡ്രൈവര്‍ സുലൈമാന്‍ (46), സിപിഒമാരായ മഹേഷ് (26), അനീഷ് (28), അജേഷ് (32) എന്നിവര്‍ക്കാണ് പരിക്കേറ്റത്. വേണുഗോപാല്‍, സുലൈമാന്‍, മഹേഷ് എന്നിവരെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും മറ്റു രണ്ടുപേരെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ദേശീയപാതയില്‍ നങ്ങ്യാര്‍കുളങ്ങര ജങ്ഷന് തെക്ക് കാഞ്ഞൂര്‍ ക്ഷേത്രത്തിന് സമീപം ഇന്നലെ വൈകിട്ട് ആറരയോടെയായിരുന്നു അപകടം. ഇതേത്തുടര്‍ന്ന് ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. മാന്നാറില്‍ നിന്നും കൃഷ്ണപുരത്തേക്ക് പോകുകയായിരുന്ന മന്ത്രിയെ അനുഗമിച്ച കാര്‍ അടൂരില്‍ നിന്നും ആലുവയിലേക്ക് പോയ പിക്കപ്പ് വാനുമായാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗം തകര്‍ന്നു. അമിത വേഗതയിലെത്തിയ കാര്‍ ബൈക്ക് യാത്രികനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പിക്കപ്പ് വാനില്‍ ഇടിച്ച് കയറുകയായിരുന്നു. പിന്നീട് ജെസിബി ഉപയോഗിച്ച് കാറും പിക്കപ്പ് വാനും റോഡിന്റെ മധ്യഭാഗത്ത് നിന്ന് മാറ്റുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: